ന്യൂഡൽഹി: ഉത്തർപ്രദേശിലെ ലഖ്‌നൗവിൽ കഴിഞ്ഞദിവസം കോടതി വളപ്പിനുള്ളിൽ വെടിയേറ്റ് കൊല്ലപ്പെട്ട ഗുണ്ടാത്തലവൻ സഞ്ജീവ് മഹേശ്വരി എന്ന ജീവയുടെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാൻ സംരക്ഷണം തേടി ഭാര്യ പായൽ മഹേശ്വരി സുപ്രീംകോടതിയെ സമീപിച്ചു. വിവിധ കേസുകളിൽ പ്രതിയായ താൻ ചടങ്ങിനെത്തിയാൽ പൊലീസ് അറസ്റ്റു ചെയ്യാനും ഭർത്താവിന്റെ ഘാതകരാൽ വധിക്കപ്പെടാനും സാദ്ധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പായൽ കോടതിയെ സമീപിച്ചത്. ജസ്റ്റിസുമാരായ അനിരുദ്ധ ബോസ്, രാജേഷ് ബിന്ദാൽ എന്നിവരടങ്ങിയ അവധിക്കാല ബെഞ്ച് കേസ് ഇന്ന് പരിഗണിക്കും. ഇന്നലെ പായലിന്റെ അഭിഭാഷകൻ വിഷയം ബെഞ്ചിന് മുന്നിൽ പരാമർശിച്ചപ്പോൾ കുറ്റവാളിയാണെങ്കിലും മാനുഷിക പരിഗണന നൽകാമെന്നും ഉത്തർപ്രദേശ് സർക്കാരിന് എതിർപ്പില്ലെന്നും അഡീഷണൽ സോളിസിറ്റർ അഡ്വക്കേറ്റ് ജനറൽ ഗരിമാ പ്രസാദ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |