മുംബയ്: സാധാരണക്കാർക്ക് ആശ്വാസമേകി റിസർവ് ബാങ്കിന്റെ പണനയ പ്രഖ്യാപനം. തുടർച്ചയായി രണ്ടാം തവണയും പലിശ നിരക്കിൽ മാറ്റം വരുത്താതെയാണ് മോണിറ്ററി പോളിസി കമ്മിറ്റി (എം.പി.സി) പണനയം പ്രഖ്യാപിച്ചത്. ഇതോടെ റിപ്പോ നിരക്ക് 6.50 ശതമാനമായി തുടരുമെന്ന് ആർ.ബി.ഐ ഗവർണർ ശക്തികാന്ത ദാസ് തീരുമാനങ്ങൾ പ്രഖ്യാപിച്ചുകൊണ്ട് പറഞ്ഞു. വാണിജ്യ ബാങ്കുകൾ വിതരണം ചെയ്യുന്ന ഭവന, വാഹന, വ്യക്തിഗത വായ്പകളുടെ പലിശ നിരക്ക് മാറ്റമില്ലാതെ തുടരും. കാർഷിക, വിദ്യാഭ്യാസ വായ്പകളുടെ പലിശ നിരക്കും കൂടില്ല. സാധാരണക്കാർക്ക് വളരെ ആശ്വാസകരമായ നീക്കമാണിത്. വായ്പയെടുത്തിട്ടുള്ളവരുടെ ഇ.എം.ഐ കൂടില്ല. എന്നാൽ സ്ഥിരനിക്ഷേപങ്ങളുടെ പലിശ കുറയാൻ സാധ്യതയുണ്ട്.
രാജ്യത്തെ പണപ്പെരുപ്പം തുടർച്ചയായി കുറഞ്ഞതും ജി.ഡി.പി വളർച്ച മെച്ചപ്പെട്ടതുമാണ് വായ്പ നിരക്ക് വർദ്ധിപ്പിക്കേണ്ടെന്ന തീരുമാനത്തിൽ ആർ.ബി.ഐ എത്തിയത്. ഏപ്രിലിൽ നടന്ന യോഗത്തിലും റിസർവ് ബാങ്ക് നിരക്ക് വർധിപ്പിച്ചിരുന്നില്ല. കഴിഞ്ഞ വർഷം മേയ് മുതൽ ഫെബ്രുവരി വരെ തുടർച്ചായി ആറ് തവണയും പലിശ നിരക്ക് കൂട്ടിയിരുന്നു.
റിവേഴ്‌സ് റിപ്പോ നിരക്ക് 3.35%
ഫിക്‌സഡ് റിവേഴ്‌സ് റിപ്പോ നിരക്ക് 3.35 ശതമാനമായും കരുതൽ ധന അനുപാതം(സി.ആർ.ആർ) 4.50 ശതമാനമായും തുടരും. സ്റ്റാൻഡിംഗ് ഡെപ്പോസിറ്റ് ഫിസിലിറ്റി റേറ്റ്(എസ്.ഡി.എഫ്.ആർ) 6.25 ശതമാനത്തിലും മാർജിനൽ സ്റ്റാൻഡിംഗ് ഫെസിലിറ്റി റേറ്റ്(എം.എസ്.എഫ് റേറ്റ്) 6.75 ശതമാനത്തിലും സ്റ്റാച്യൂട്ടറി ലിക്വിഡിറ്റി റേഷ്യോ (എസ്.എൽ.ആർ) 18 ശതമാനത്തിലും നിലനിർത്തിയിട്ടുണ്ട്.
ജി.ഡി.പി. വളർച്ചാ അനുമാനം
നടപ്പു സാമ്പത്തിക വർഷത്തിലെ ജി.ഡി.പി വളർച്ചാ അനുമാനം 6.5 ശതമാനമായി നിലനിർത്തിയതായി ആർ.ബി.ഐ. ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു. ഉപഭോക്തൃ പണപ്പെരുപ്പം ഇപ്പോൾ 4 ശതമാനത്തിന് മുകളിലാണ്. 2024 സാമ്പത്തിക വർഷത്തിൽ 5.1% പണപ്പെരുപ്പമാണ് പ്രവചിക്കുന്നത്. പണപ്പെരുപ്പം പരിധിയിലാകുന്നതു വരെ മറ്റു നിയന്ത്രണങ്ങൾ ഉണ്ടാകില്ലെന്നും ഗവർണർ അറിയിച്ചു.
അതേസമയം റീട്ടെയിൽ നാണയപ്പെരുപ്പ അനുമാനം കുറച്ചിട്ടുണ്ട്. ഇത് വിപണിക്കും സമ്പദ് വ്യവസ്ഥയ്ക്കും ജനങ്ങൾക്കും നേട്ടമാണ്. അവശ്യവസ്തുക്കളുടെ വില കുറഞ്ഞുനിൽക്കുമെന്നാണ് സൂചന. മാത്രമല്ല. ഈവർഷം മുഴുനും പണപ്പെരുപ്പം സഹനപരിധിയായ 6 ശതമാനത്തിന് താഴെ തുടരുമെന്നതിനാൽ മുഖ്യ പലിശനിരക്കുകൾ കൂട്ടിയേക്കില്ല.
വിദേശനാണ്യ കരുതൽ ശേഖരം
ജൂൺ 2 വരെ ഇന്ത്യയുടെ വിദേശനാണ്യ കരുതൽ ശേഖരം 595.1 ബില്യൺ ഡോളറാണ്. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ ശക്തമാണെന്നും ആർ.ബി.ഐ ഗവർണർ പറഞ്ഞു. നോൺ-ബാങ്ക് പ്രീപെയ്ഡ് പേയ്‌മെന്റ് ഇൻസ്‌ട്രുമെന്റ് (പിപിഐ) ഇ-റുപ്പീ വൗച്ചറുകൾ നൽകാനും വ്യക്തികൾക്ക് വേണ്ടി ഇ-രൂപി വൗച്ചറുകൾ ഇഷ്യൂ ചെയ്യാനും അനുവദിച്ചുകൊണ്ട് ഇ-റുപ്പീ വൗച്ചറുകളുടെ വ്യാപ്തി വിപുലീകരിക്കാൻ ആർബിഐ നിർദ്ദേശിച്ചിട്ടുണ്ട്.
നിക്ഷേപകർക്ക് നേട്ടമില്ല
പലിശ നിരക്കുകളിൽ മാറ്റം വരുത്താത്തത് നിക്ഷേപകർക്ക് നേട്ടമുണ്ടാകുന്ന കാര്യമല്ല. സ്ഥിര നിക്ഷേപങ്ങളുടെ അടക്കം പലിശ വർധിക്കില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |