മുംബയ്: എൻ.സി.പി അദ്ധ്യക്ഷൻ ശരദ് പവാറിന് വധ ഭീഷണി. പവാറിന്റെ മകളും എം.പിയുമായ സുപ്രിയ സുലേയുടെ നേതൃത്വത്തിലുള്ള എൻ.സി.പി പ്രവർത്തകർ നല്കിയ പരാതിയുടെ അടിസ്ഥാനത്തിൽ മുംബയ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. മുംബയ് പൊലീസ് മേധാവി വിവേക് ഫൻസാൽക്കറെ നേരിൽ കണ്ടാണ് പരാതി നല്കിയത്. ഫേസ് ബുക്കിലൂടെയാണ് പവാറിന് ഭീഷണി സന്ദേശം ലഭിച്ചത്. നരേന്ദ്ര ദഭോൽക്കറിന്റെ വിധിയുണ്ടാകുമെന്നായിരുന്നു സന്ദേശം. അന്ധവിശ്വാസങ്ങൾക്കെതിരെ പോരാടിയ ദഭോൽക്കർ 2013ൽ പ്രഭാത സവാരിക്കിടെ അക്രമികളുടെ വെടിയേറ്റാണ് കൊല്ലപ്പെട്ടത്. ഭീഷണിയുടെ പ്രിന്റ് ഔട്ട് അടക്കമുള്ള രേഖകൾ പൊലീസിന് കൈമാറിയിട്ടുണ്ട്. പരാതി ലഭിച്ചെന്നും അന്വേഷണം നടത്തിവരികയാണെന്നും പൊലീസ് അറിയിച്ചു. സംഭവത്തിൽ മഹാരാഷ്ട്ര സർക്കാരിന്റെയും ആഭ്യന്തര മന്ത്രി അമിത് ഷായുടെയും ഇടപെടൽ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് സുപ്രിയ സുലേ അറിയിച്ചു.
ആശങ്കയില്ല: പവാർ
അതിനവിടെ ഭീഷണിയിൽ തനിക്ക് ആശങ്കയില്ലെന്ന് പവാർ പ്രതികരിച്ചു. ക്രമസമാധാന പാലനത്തിന് ഉത്തരവാദിത്തപ്പെട്ടവർക്ക് അവരുടെ ചുമതല അവഗണിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ഏതൊരു പൗരനും തന്റെ പാർട്ടിയെക്കുറിച്ച് അഭിപ്രായം പറയാൻ അവകാശമുണ്ട്. ഭീഷണിപ്പെടുത്തി വായടപ്പിക്കാമെന്ന് കരുതുന്നുണ്ടെങ്കിൽ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |