തിരുവനന്തപുരം: എൻജിനിയറിംഗ്, ഫാർമസി പ്രവേശന പരീക്ഷ അടുത്തവർഷം മുതൽ ഓൺലൈനായി നടത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നതായി മന്ത്രി ആർ. ബിന്ദു പറഞ്ഞു. തിരുവനന്തപുരം തമ്പാനൂരിലെ കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ കെട്ടിടത്തിലേക്ക് മാറിയ പ്രവേശന പരീക്ഷാ കമ്മിഷണറുടെ ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ഏഴ് പ്രവേശന പരീക്ഷകളും 14 കോഴ്‌സുകളിലേക്കുള്ള അലോട്ട്‌മെന്റ് നടപടികളും കൈകാര്യം ചെയ്യുന്ന പ്രധാന ഓഫീസാണ് സംസ്ഥാന പ്രവേശന പരീക്ഷാ കമ്മിഷണറുടെ ഓഫീസ്. കൂടുതൽ സൗകര്യത്തോടെയും സജ്ജീകരണങ്ങളോടെയും എല്ലാവർക്കും എളുപ്പം എത്തിച്ചേരാവുന്ന സ്ഥലത്തേക്ക് പ്രവേശന പരീക്ഷാ കമ്മിഷണറുടെ ഓഫീസ് മാറിയതോടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാവും. 1983 മുതൽ പ്രവർത്തിച്ചുവരുന്ന ഓഫീസ് സ്ഥലപരിമിതിയിൽ വീർപ്പുമുട്ടുകയായിരുന്നു. ഇതിനാലാണ് പ്രൊഫഷണൽ കോഴ്‌സ് പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്കും മാതാപിതാക്കൾക്കും എളുപ്പം എത്തിച്ചേരാവുന്ന വിധം തമ്പാനൂരിൽ, തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷന് തൊട്ടടുത്ത്, കെ.എസ്.ആർ.ടി.സി ടെർമിനൽ കെട്ടിടത്തിലേക്ക് ഓഫീസ് മാറ്റിയതെന്നും മന്ത്രി പറഞ്ഞു.
കെട്ടിടത്തിന്റെ ഏഴാം നിലയിലാണ് 9,000 ചതുരശ്ര അടിയിൽ കൂടുതൽ വിസ്തൃതിയിൽ പുതിയ ഓഫീസ്. നാല് കോടിയിലേറെ ചെലവിൽ പുതിയ ഓഫീസ് സജ്ജമാക്കിയത് യു.എൽ.സി.സി.എസ് ആണ്. വിദ്യാർത്ഥികളുടെ സംശയങ്ങളും ആശങ്കകളും ദൂരീകരിക്കുന്നതിനുള്ള കോൾ സെന്റർ ഇന്റഗ്രേറ്റഡ് ഗ്രീവൻസ് റിഡ്രസൽ ആൻഡ് ഹെൽപ്പ്‌ലൈൻ ഇൻഫർമേഷൻ സിസ്റ്റം മന്ത്രി ബിന്ദു ഉദ്ഘാടനം ചെയ്തു. മന്ത്രി ആന്റണി രാജു അദ്ധ്യക്ഷനായി. പ്രവേശന പരീക്ഷാ കമ്മിഷണർ അരുൺ കെ. വിജയൻ, ഫിനാൻസ് ഓഫീസർ റാൻസം ഷിമ്മി കെ. ഇ, ജോയിന്റ് കമ്മിഷണർ എൽ. ബേബി സൈല എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |