കോഴിക്കോട് : സംസ്ഥാന വിനോദസഞ്ചാര വകുപ്പും ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം പ്രെമോഷൻ കൗൺസിലും സംയുക്തമായി സംഘടിപ്പിക്കുന്ന ജില്ലാതല ഓണാഘോഷ പരിപാടികളുടെ ഭാഗമായി കോഴിക്കോട് ബീച്ചിൽ ഫൂട്ട് വോളി സംഘടിപ്പിച്ചു. ഫുട്‌ബോളിനെ സ്‌നേഹിക്കുന്ന കോഴിക്കോട്ടുകാർക്ക് ഫൂട്ട് വോളി വേറിട്ട അനുഭവമായി. കളി കാണാൻ നൂറുകണക്കിന് ആളുകളാണ് ബീച്ചിലെത്തിയത്. മത്സരത്തിൽ നാല് ക്ലബുകൾ മാറ്റുരച്ചു. കുന്ദമംഗലം ഫൂട് വോളി ക്ലബ് കടലുണ്ടി ഫൂട് വോളി ക്ലബ്ബിനെ ഒന്നിനെതിരെ രണ്ട് സെറ്റിന് പരാജയപ്പെടുത്തി ചാമ്പ്യന്മാരായി.
ബീച്ചിൽ ഒരുക്കിയ വോളിബോൾ കോർട്ടിൽ നടന്ന ഫൂട്ട് വോളി മേയർ ഡോ. ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. സ്‌പോർട്‌സ് ആൻഡ് മാർഷൽ ആർട്‌സ് കമ്മിറ്റി കൺവീനർ ഷൈജു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സ്‌പോർട്‌സ് കൗൺസിൽ വൈസ് പ്രസിഡന്റ് ഡോ.റോയ് ജോൺ, സ്‌പോർട്‌സ് കമ്മിറ്റി വൈസ് ചെയർമാൻ എ മൂസ ഹാജി എന്നിവർ പ്രസംഗിച്ചു.
സമാപന ചടങ്ങിൽ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ സി.രേഖ ജേതാക്കൾക്ക് ട്രോഫികളും ഉപഹാരങ്ങളും സമ്മാനിച്ചു. ഫൂട്ട് വോളി അസോസിയേഷൻ വൈസ് പ്രസിഡന്റ് ആർ. ജയന്ത് കുമാർ അദ്ധ്യക്ഷത വഹിച്ചു.ഫൂട് വോളി അസോസിയേഷൻ ഓഫ് ഇന്ത്യ സെക്രട്ടറി ജനറൽ എ.കെ. മുഹമ്മദ് അഷ്രഫ്, ഫൂട്ട് വോളി അസോസിയേഷൻ ട്രഷറർ കെ. വി. അബ്ദുൽ മജീദ്, കെൻസ ബാബു, സി. പി. റഷീദ് , എം.എ. സാജിത് തുടങ്ങിയവർ പ്രസംഗിച്ചു. പ്രോഗ്രാം കമ്മിറ്റി മെമ്പർ ജാസിർ നന്ദി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |