തിരുവനന്തപുരം: സംസ്ഥാനത്ത് ഭരണം എൻ.ഡി.എ-എൽ.ഡി.എഫ് സഖ്യകക്ഷി സർക്കാരാണെന്ന് വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. എൻ.ഡി.എ സഖ്യകക്ഷിയായി മാറിയ ജെ.ഡി.എസ് ഏത് സാഹചര്യത്തിലാണ് ഇടത്‌മുന്നണിയിലും മന്ത്രിസഭയിലും തുടരുന്നതെന്ന് മുഖ്യമന്ത്രിയും സിപിഎം നേതൃത്വവും വ്യക്തമാക്കണമെന്ന് സതീശൻ ആവശ്യപ്പെട്ടു.
ബിജെപി നേതൃത്വത്തിലുള്ള എൻ.ഡി.എയിൽ ചേർന്നതായി ജെ.ഡി.എസ് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടും മന്ത്രിസഭയിൽ ജെ.ഡി.എസിന്റെ പ്രതിനിധി ഇപ്പോഴും മന്ത്രിയായി തുടരുകയാണെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. ബി.ജെ.പി വിരുദ്ധതയെ കുറിച്ച് വാതോരാതെ സംസാരിക്കുന്ന മുഖ്യമന്ത്രിയോ എൽ.ഡി.എഫോ ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കാൻ ഇതുവരെ തയാറാകാത്തത് വിചിത്രമെന്നും അദ്ദേഹം പറഞ്ഞു.
ബി.ജെ.പിക്കെതിരെ രാജ്യത്തെ പ്രതിപക്ഷ പാർട്ടികൾ രൂപീകരിച്ച 'ഇന്ത്യ' പ്ലാറ്റ്‌ഫോമിൽ പാർട്ടി പ്രതിനിധി വേണ്ടെന്ന് സിപിഎം തീരുമാനിച്ചത് കേരള ഘടകത്തിന്റെ തീരുമാനത്തിന് വഴങ്ങിയാണ്. ലാവ്‌ലിനും സ്വർണക്കടത്തും മാസപ്പടിയും ബാങ്ക് കൊള്ളയും ഉൾപ്പെടെയുള്ള അഴിമതികളിലെ ഒത്തുതീർപ്പും മോദിയോടുള്ള പിണറായി വിജയന്റെ വിധേയത്വവുമാണ് കേന്ദ്ര നേതൃത്വത്തിന് മേൽ സമ്മർദ്ദം ചെലുത്താൻ സി.പി.എം കേരള ഘടകത്തെ പ്രേരിപ്പിച്ചതെന്ന് സംശയിക്കണമെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
എൻ.ഡി.എയ്‌ക്കൊപ്പം ചേർന്ന ജെ.ഡി.എസിനെ മുന്നണിയിൽ നിന്ന് പുറത്താക്കിയിട്ട് വേണം സി.പി.എം നേതാക്കൾ സംഘപരിവാർ വിരുദ്ധത സംസാരിക്കാൻ. ഇതിനുള്ള ആർജ്ജവം കേരളത്തിലെ മുഖ്യമന്ത്രിക്കും സി.പി.എം നേതൃത്വത്തിനും ഉണ്ടോയെന്ന് അറിയേണ്ടതുണ്ടെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |