വാഷിംഗ്ടൺ: ഖാലിസ്ഥാൻ നേതാവ് ഹർദീപ് സിംഗ് നിജ്ജറിനെ വധിച്ചത് ആറു പേർ ചേർന്നെന്ന് അമേരിക്കൻ മാദ്ധ്യമമായ വാഷിംഗ്ടൺ പോസ്റ്റ് . ഇതുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ പുറത്തുവന്നു. കൊലപാതക ദൃശ്യങ്ങളും സിസിടിവി ദൃശ്യങ്ങളിലുണ്ടെന്നാണ് സൂചന. രണ്ട് വാഹനങ്ങളിലായി വന്ന ആറ് പേരാണ് കൊലപാതകത്തിൽ ഉൾപ്പെട്ടിട്ടുള്ളതെന്നാണ് റിപ്പോർട്ട്. ജൂൺ 18ന് ബ്രിട്ടിഷ് കൊളംബിയയിലെ സറേയിലെ ഗുരുനാനാക് സിഖ് ഗുരുദ്വാരയ്ക്കു സമീപത്തായിരുന്നു 46-കാരനായ നിജ്ജറിന്റെ കൊലപാതകം.
സംഭവദിവസം ഗുരുദ്വാരയുടെ പാർക്കിംഗ് സ്ഥലത്ത് നിന്ന് പുറത്തേക്ക് പോവുകയായിരുന്ന നിജ്ജറിന്റെ ട്രക്കിന് കുറുകെ കൊലയാളി സംഘമെത്തിയ കാറുകളിലൊന്ന് നിർത്തിയതായാണ് വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നത്. കാറിൽ നിന്ന് രണ്ട് പേർ പുറത്തിറങ്ങി നിജ്ജറിന് വേരെ തുരുതുരെ നിറയൊഴിച്ചു. കൊലയാളികൾ സംഭവസ്ഥലത്ത് നിന്ന് ഓടിമാറിയ ശേഷം മറ്റൊരു കാറിൽ രക്ഷപ്പെട്ടു. നിജ്ജർ ഇരുന്ന ഡ്രൈവിംഗ് സീറ്റിന് നേരെ 50 ബുള്ളറ്റുകൾ പായിച്ചതായാണ് വിവരം. ഇതിൽ 34 എണ്ണം നിജ്ജറിന്റെ ശരീരത്തിൽ തുളച്ചുകയറി. സംഭവത്തിന്റെ ദൃക്സാക്ഷികളിലൊരാളായ ദുപീന്ദർജിത്ത് സിംഗ് വെടിയൊച്ച കേട്ട് സ്ഥലത്തെത്തിയെങ്കിലും അപ്പോഴേയ്ക്കും ഖാലിസ്ഥാനി നേതാവ് മരിച്ചിരുന്നതായാണ് അറിയിച്ചത്.
അതേസമയം നിജ്ജർ കൊല്ലപ്പെട്ട സംഭവത്തിൽ കാനഡയിലെ ഇന്ത്യൻ നയതന്ത്ര കാര്യാലയങ്ങൾക്കു മുന്നിൽ ഖാലിസ്ഥാൻ അനുകൂലികൾ പ്രതിഷേധ പ്രകടനം നടത്തി. ഒട്ടാവയിലെ ഹൈക്കമ്മിഷനും ടൊറന്റൊയിലെ കോൺസുലേറ്റിനും മുന്നിലായിരുന്നു പ്രകോപനപരമായ പ്രതിഷേധം. ഖാലിസ്ഥാൻ പതാകകളുമായാണ് എത്തിയത്. ടൊറൊന്റൊയിൽ പ്രതിഷേധക്കാർ ഇന്ത്യയുടെ ദേശീയ പതാക കത്തിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കട്ട്ഔട്ടുകൾക്ക് നേരെ ചെരുപ്പ് എറിഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |