കബളിപ്പിക്കാൻ ശ്രമിച്ചത് സുപ്രീംകോടതിയെതന്നെ
ന്യൂഡൽഹി: സിവിൽക്കേസ് ഹർജിക്കൊപ്പം സുപ്രീംകോടതിയുടെ പേരിൽ വ്യാജ ഉത്തരവ് സമർപ്പിച്ച് സുപ്രീംകോടതിയെതന്നെ കബളിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ പൊലീസ് അന്വേഷണത്തിന് നിർദ്ദേശം. ജസ്റ്റിസ് അഭയ് എസ്. ഓക അദ്ധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്. വ്യാജ ഉത്തരവ് ചമച്ചതിൽ ഹർജിക്കാരനുവേണ്ടി ഹാജരായ അഭിഭാഷക പ്രീതി മിശ്രയ്ക്ക് പങ്കുണ്ടോയെന്ന് അന്വേഷിക്കാനും ഉത്തരവിട്ടു. രണ്ടുമാസത്തിനകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണം.
ഒരു സിവിൽ കേസുമായി ബന്ധപ്പെട്ട് മഹാരാഷ്ട്ര സ്വദേശി മനീഷ് മദൻമോഹൻ അഗ്രവാൾ സമർപ്പിച്ച ഹർജിക്കൊപ്പമാണ് സുപ്രീംകോടതി വിധിയുടെ ഒറിജിനലും വ്യാജനുമെത്തിയത്. 2022 ജൂലായ് 25ന് ഇതേ ബെഞ്ച് പാസാക്കിയ ഉത്തരവ് എന്ന പേരിലായിരുന്നു ഇവ. ഒരു ഉത്തരവിൽ ഹർജി തള്ളിയെന്നായിരുന്നു. രണ്ടാമത്തേതിൽ ഹർജി അനുവദിച്ചെന്നും. വൈരുദ്ധ്യം കോടതിയുടെ ശ്രദ്ധയിൽപെട്ടതോടെ രജിസ്ട്രാറോട് അന്വേഷിക്കാൻ ആഗസ്റ്ര് 22ന് നിർദ്ദേശം നൽകി. അഭിഭാഷകയോട് ഹാജരാകാനും നിർദ്ദേശിച്ചു.
ഹർജി തള്ളിക്കൊണ്ടുള്ളതാണ് യഥാർത്ഥ ഉത്തരവെന്ന് സുപ്രീംകോടതി രജിസ്ട്രാർ കണ്ടെത്തി. കഴിഞ്ഞ ദിവസം റിപ്പോർട്ട് കോടതിക്ക് കൈമാറി. തുടർന്നാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. കോടതി ആവശ്യപ്പെട്ടിട്ടും അഭിഭാഷക ഹാജരാകാത്തതിനാലാണ് അവർക്ക് പങ്കുണ്ടോയെന്നതടക്കം അന്വേഷിക്കാൻ നിർദ്ദേശിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |