തിരുവനന്തപുരം: പുതിയ കാലത്തിന്റെ കറൻസിയായ ക്രിപ്റ്റോയുടെ പേരിൽ ഡിജിറ്റൽ ലോകത്ത് നിക്ഷേപത്തട്ടിപ്പ് വർദ്ധിക്കുന്നു. 'കുറച്ച് കാശ് മുടക്കിയാൽ ഇരട്ടിയിലേറെ മൂല്യമുള്ള ക്രിപ്റ്റോ കറൻസി സ്വന്തമാക്കാം! ഭാവിയിൽ പതിന്മടങ്ങ് വിലയ്‌ക്ക് വിൽക്കാം." ഡിജിറ്റൽ രൂപത്തിൽ മാത്രം നിലനിൽക്കുന്ന ക്രിപ്റ്റോ കറൻസിയുടെ പേരിൽ തട്ടിപ്പുകാർ വിരിക്കുന്ന മോഹവലയിൽ കുരുങ്ങുന്നവർ കേരളത്തിലും കൂടുന്നു.
കോഴിക്കോട്ടെ ബിസിനസുകാരന് ഈ മാസം ഇങ്ങനെ നഷ്ടമായത് 2.85 കോടിയാണ്. ഇൻസ്റ്റഗ്രാമിലൂടെ സൗഹൃദം സ്ഥാപിച്ച യുവതി വഴിയാണ് പണം നിക്ഷേപിച്ചത്. ഇലോൺ മസ്‌കും ബിൽ ഗേറ്റ്സും അടക്കം നിക്ഷേപിച്ച സൈറ്റാണെന്ന് പറഞ്ഞ് വിശ്വാസ്യത കൂട്ടും. പണം കൈപ്പറ്റിയാൽ ക്രിപ്റ്റോ നൽകില്ല.
നാഷണൽ ക്രൈം റെക്കാഡ്സ് ബ്യൂറോയുടെ കണക്കനുസരിച്ച് ഇന്ത്യയിൽ ക്രിപ്റ്റോകറൻസി കുറ്റകൃത്യങ്ങൾ മൂന്ന് വർഷമായി 50 ശതമാനം വർദ്ധിച്ചു. കഴിഞ്ഞദിവസം രണ്ടാം ഓപ്പറേഷൻ ചക്രയിൽ സി.ബി.ഐ രാജ്യത്തുടനീളം 100 കോടിയുടെ സൈബർ സാമ്പത്തിക തട്ടിപ്പ് കണ്ടെത്തിയിരുന്നു.
സമൂഹമാദ്ധ്യമങ്ങളിലെ പരസ്യങ്ങളാണ് പലരെയും വീഴ്‌ത്തുന്നത്. പണം സ്വീകരിച്ചിട്ട് കറൻസി നൽകാതെ കബളിപ്പിക്കുന്ന അനധികൃത ആപ്പുകളും സോഫ്റ്റ്‌വെയറുകളും വ്യാജ എക്സ്‌ചേഞ്ചുകളുമുണ്ട്. രാജ്യത്ത് ക്രിപ്റ്റോ കറൻസിക്ക് ആർ.ബി.ഐ മേൽനോട്ടമില്ലാത്തതിനാൽ തട്ടിപ്പുകാരെ പൂട്ടുന്നതും പ്രയാസം. 24 - 45 പ്രായമുള്ളവരാണ് ഇരയാകുന്നതിൽ ഏറെയും. അന്യസംസ്ഥാന ലോബിയാണ് കെണിയൊരുക്കുന്നത്.
'ഡാർക്ക് വെബിലും" ക്രിപ്റ്റോ
ലോകത്ത് ഏറ്റവുമധികം അനധികൃത കാര്യങ്ങൾ നടക്കുന്ന സൈബർ അധോലോകമായ 'ഡാർക്ക് വെബിലേക്ക്" ഒഴുകുന്ന ക്രിപ്റ്റോ കറൻസിക്ക് കണക്കില്ല. വ്യാജ സാധനങ്ങൾ വാങ്ങാൻ മുതൽ ആളുകളെ കൊല്ലാൻ വരെ ഉപയോഗിക്കുന്നത് ക്രിപ്റ്റോയാണ്.
എന്താണ് ക്രിപ്റ്റോ കറൻസി ?
ഡിജിറ്റൽ രൂപത്തിൽ മാത്രമുള്ള ബിറ്റ്കോയിൻ, എഥേറിയം തുടങ്ങിയവ
തുടക്കം 2009ൽ
അന്ന് ഒരു കറൻസി വില 20 രൂപ. ഇന്ന് 25 ലക്ഷം
ആവശ്യക്കാർ കൂടുമ്പോൾ ക്രിപ്റ്റോയ്‌ക്ക് വിലകൂടും
സ്വർണത്തെ പോലെ വിലകൂടുമെന്ന് കരുതി പലരും വാങ്ങി കൂട്ടുന്നു
വേണം ജാഗ്രത
അപരിചിതമായ എക്സ്ചേഞ്ചുകളിൽ നിക്ഷേപിക്കാതിരിക്കുക
യൂട്യൂബ് പരസ്യങ്ങളുടെ വിശ്വസനീയത ഉറപ്പാക്കുക
സൈബർ ഹെൽപ്പ്ലൈൻ നമ്പർ 1930
ക്രിപ്റ്റോകറൻസി പുതിയ കാര്യമായതിനാൽ അതിൽ നിക്ഷേപിക്കുന്നതിന്റെ അപകടസാദ്ധ്യതകൾ പലർക്കും അറിയില്ല.
വിജയ് തോമസ്,സൈബർ വിദഗ്ദ്ധൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |