SignIn
Kerala Kaumudi Online
Friday, 23 February 2024 9.59 AM IST

കോളേജ് ഇലക്ഷനുകളിൽ കെഎസ്‌യുവിന്റെ തേരോട്ടം, തുടരെ തോറ്റ് എസ്എഫ്ഐ; ആശങ്കയിൽ സിപിഎം

ksu

സംസ്ഥാനത്തെ കലാലയ യൂണിയൻ തിരഞ്ഞെടുപ്പിൽ പൊതുവെ എസ്.എഫ്. ഐക്ക് മുൻതൂക്കമെങ്കിലും വിവിധ സർവകലാശാലകളിലെ കോളേജുകളിൽ എസ്. എഫ് .ഐ തകർന്നത് മാറ്റത്തിന്റെ തുടക്കമായാണ് പ്രതിപക്ഷ വിദ്യാർത്ഥി സംഘടനകൾ വിശേഷിപ്പിക്കുന്നത്. കണ്ണൂർ, എം.ജി, കാലിക്കറ്റ്, കേരള തുടങ്ങിയ സർവകലാശാലകളിലെല്ലാം എസ്.എഫ്.ഐ തിരിച്ചടി നേരിട്ടപ്പോൾ കെ.എസ്.യു ശക്തമായ തിരിച്ചുവരവ് നടത്തിയത് കോൺഗ്രസിനും ഉണർവേകി. നീണ്ട കാലത്തിനു ശേഷം ഇതാദ്യമായാണ് എസ്.എഫ്.ഐ തിരിച്ചടികൾ നേരിട്ടത്. ഈ വിഷയം എസ്.എഫ്.ഐ നേതൃത്വം മാത്രമല്ല സി.പി.എമ്മും ഗൗരവമായെടുത്തതായാണ് സൂചന. മുൻകാലങ്ങളിൽ മിക്ക കലാലയങ്ങളിലും എസ്.എഫ്.ഐക്കെതിരെ മത്സരിക്കാൻ പോലും വിദ്യാർത്ഥികൾ ധൈര്യപ്പെട്ടിരുന്നില്ല. കെ.എസ്.യുവിന് പുറമെ എ.ഐ.എസ്.എഫും എ.ബി.വി.പി യും പല കലാലയങ്ങളിലും എസ്.എഫ്.ഐ കുത്തക തകർത്തു.കാലിക്കറ്റ് സർവകലാശാലയിലെ മലബാർ ക്രിസ്റ്റ്യൻ കോളേജിലും ഗുരുവായൂരപ്പൻ കോളേജിലും പട്ടാമ്പി എസ്.എൻ.ജി.എസ് കോളേജിലും പാലക്കാട് വിക്ടോറിയയിലുമൊക്കെ കെ.എസ്.യു മുന്നേറ്റമുണ്ടായത് എസ്.എഫ്.ഐയെ ചെറുതായൊന്നുമല്ല ഞെട്ടിച്ചത്.

എറണാകുളം മഹാരാജാസിൽ കെ.എസ്.യു ചുരുങ്ങിയ സീറ്റുകളിലെങ്കിലും ജയിച്ചത് ചില്ലറക്കാര്യമല്ല.കേരളസർവകലാശാലയുടെ കീഴിലെ മാർ ഇവാനിയോസിൽ നീണ്ട 24 വർഷങ്ങൾക്ക് ശേഷം മുഴുവൻ സീറ്റിലും കെ.എസ്.യു വിജയിച്ചു.പെരിങ്ങമ്മല ഇക്ബാൽ കോളേജ്,കിളിമാനൂർ ശ്രീശങ്കര, തോന്നയ്ക്കൽ എ.ജെ തുടങ്ങിയിടങ്ങളിൽ കെ.എസ്.യു മുന്നേറ്റം നടത്തി.തിരുവനന്തപുരം ഗവ.ലാ കോളേജിൽ ചെയർമാൻ, ജനറൽ സെക്രട്ടറി,വൈസ് ചെയർമാൻ സ്ഥാനങ്ങളിൽ കെ.എസ്.യു വിജയിച്ചത് എസ്.എഫ്.ഐയെ ഞെട്ടിച്ചു.കൊല്ലം, ആലപ്പുഴ ജില്ലകളിലെ പല കോളേജുകളിലും എസ്.എഫ്.ഐയെ തകർത്ത് കെ.എസ്.യു,എ.ഐ.എസ്.എഫ് സംഘടനാ സ്ഥാനാർത്ഥികൾ വിജയിച്ചു.കൊല്ലത്തെ കൊട്ടാരക്കര എസ്.ജി കോളേജ് കെ.എസ്.യു പിടിച്ചെടുത്തപ്പോൾ കൊട്ടാരക്കര ഐ.എച്ച്.ആർ.ഡി,കൊട്ടിയം എം.എം.എൻ.എസ്.എസ് കോളേജ് യൂണിയനുകൾ എ.ഐ.എസ്.എഫാണ് പിടിച്ചെടുത്തത്. കൊല്ലം എസ്.എൻ കോളേജിൽ മറ്റൊരു സംഘടനയ്ക്കും പ്രവർത്തിക്കാൻ പോലും കഴിയാത്തിടത്ത് ജനറൽ സീറ്റുകളൊന്നും ലഭിച്ചില്ലെങ്കിലും 24 ഓളം സ്ഥാനങ്ങൾ എ.ഐ.എസ്.എഫ് നേടിയത് സി.പി.എമ്മിനും ക്ഷീണമായി.

പരിഹാരമില്ലാതെ വിദ്യാർത്ഥി പ്രശ്നങ്ങൾ

വിദ്യാർത്ഥി പ്രസ്ഥാനങ്ങൾ ഒരുകാലത്ത് വിദ്യാർത്ഥികളുടെ പൊതുവായ ആവശ്യങ്ങൾ നേടിയെടുക്കാനായി നിലയുറപ്പിച്ചിരുന്നു.കഴിഞ്ഞ കുറെക്കാലമായി സ്ഥിതി മാറി സ്വന്തം സംഘടന താത്പര്യങ്ങളും നേതാക്കളുടെ വഴിവിട്ട പ്രവൃത്തികളെ സംരക്ഷിക്കുന്ന നടപടികളിലേക്കുമായി ചുരുങ്ങിയതോടെ വിദ്യാർത്ഥി രാഷ്ട്രീയത്തിന്റെ പ്രസക്തി ചോദ്യം ചെയ്യപ്പെട്ട് തുടങ്ങി.കലാലയമുറ്റങ്ങൾ സംഘർഷത്തിന്റെയും കത്തിക്കുത്തിന്റെയും പകപോക്കലിന്റെയും മദ്യം, മയക്കുമരുന്നിന്റെയും സംഗമഭൂമിയായതോടെയാണ് നിലവിലുള്ള സംഘടനകളോട് വിദ്യാർത്ഥിസമൂഹം മുഖംതിരിക്കുകയായിരുന്നു.അതിന്റെ പ്രതിഫലനമാകാം കലാലയങ്ങളിൽ നടന്ന തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചതെന്നാണ് വിലയിരുത്തുന്നത്.തൃശൂർ കേരളവർമ്മ കോളേജിൽ നടന്ന തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ എസ്.എഫ്.ഐ നടത്തിയ ഹീനമായ ഇടപെടൽ ഹൈക്കോടതിയിൽ വരെയെത്തി. രാഷ്ട്രീയത്തിന്റെ പേരിൽ വിദ്യാഭ്യാസ സ്ഥാപങ്ങളെ കലാപഭൂമിയാക്കി മാറ്റിയതിന്റെ നിരവധി ഉദാഹരണങ്ങളുണ്ട്. നിസാര പ്രശ്‌നങ്ങളുടെ പേരിൽ വിദ്യാലയങ്ങളുടെ പ്രവർത്തനം സ്തംഭിപ്പിക്കുകയും, കലാലയങ്ങൾ തല്ലിതകർക്കുകയും,വിദ്യാർത്ഥികൾ തമ്മിലുണ്ടായ പ്രശ്നങ്ങൾ വലിയ കലാപത്തിലേക്കും കൊലപാതകത്തിലേക്കും വരെ നീങ്ങിയ സംഭവങ്ങളുണ്ടായപ്പോഴാണ് ഹൈക്കോടതി ഇടപെട്ട് കലാലയ രാഷ്ട്രീയം നിരോധിച്ച് ഉത്തരവിറക്കിയത്. അതിനെതിരെ നിയമനിർമ്മാണം നടത്താൻ പിണറായി സർക്കാർ തീരുമാനിച്ചെങ്കിലും പിന്നീട് എന്തുകൊണ്ടോ ആ നീക്കത്തിൽ നിന്ന് പിന്മാറുകയായിരുന്നു.ഹൈക്കോടതി ഉത്തരവ് നിലനിൽക്കെയാണ് മിക്ക കലാലയങ്ങളിലും രാഷ്ട്രീയാടിസ്ഥാനത്തിൽ തിരഞ്ഞെടുപ്പ് നടക്കുന്നത്.കേരളത്തിലെ രാഷ്ട്രീയ നേതൃത്വത്തിലേക്കുള്ള വളർച്ചയിലെ ഒരു ചവിട്ടുപടി ആയാണ് കാമ്പസ് രാഷ്ട്രീയത്തെ കണക്കാക്കുന്നത്. രാഷ്ട്രീയകാലത്തെ ഏറ്റുമുട്ടലിൽ കൊണ്ട തല്ല് പിൽക്കാലത്ത് പാർട്ടി നേതൃത്വത്തിലെത്താനുള്ള പാസ് മാർക്കായും കരുതപ്പെടുന്നു.

വിവാദങ്ങളുടെ ചളിക്കുണ്ടിൽ

ചോരച്ചാലുകൾ നീന്തിക്കയറിയ പ്രസ്ഥാനമെന്ന് സ്വയം വിശേഷിപ്പിക്കുന്ന എസ്.എഫ്.ഐയുടെ പേരിൽ വിവാദങ്ങൾ ഉയർന്ന് തുടങ്ങിയിട്ട് കാലങ്ങളായി.കഴിഞ്ഞ ഏഴു വർഷമായി വിദ്യാർത്ഥികളുമായി ബന്ധപ്പെട്ട ഏതെങ്കിലും വിഷയം എസ്.എഫ്.ഐ ഇടപെട്ട് പരിഹരിച്ചതായി കേട്ടറിവ് പോലുമില്ലെങ്കിലും വിവാദങ്ങൾ സ്വയം വാരിയണിയുന്നതിൽ സംഘടന മുൻപന്തിയിലായിരുന്നു. പുരോഗമന പ്രസ്ഥാനമെന്ന് പറയുമ്പോഴും സംഘടനയ്ക്ക് മാനക്കേടുണ്ടാക്കുകയും വിശ്വാസ്യത ചോർത്തിക്കളഞ്ഞതുമായ ഒട്ടേറെ സംഭവങ്ങളാണുണ്ടായത്.എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടി പി.എം ആർഷോയുടെ എഴുതാത്ത എം.എ പാസായതായി പ്രസിദ്ധീകരിച്ച മാർക്ക്ലിസ്റ്റ് വിവാദമായിരുന്നു. ഇതിനു പിന്നിൽ ഗൂഢാലോചന ആരോപിച്ച് രംഗത്തെത്തിയത് ആർഷോ തന്നെയായിരുന്നു. ഈ വാർത്ത റിപ്പോർട്ട് ചെയ്ത മാദ്ധ്യമ പ്രവർത്തകയ്ക്കെതിരെ കേസെടുത്ത സംഭവവുമുണ്ടായി.തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ ഏതാനും വർഷം മുമ്പ് നടന്ന പി.എസ്.സി പരീക്ഷാ തട്ടിപ്പ് വിവാദമാണ് എസ്.എഫ്.ഐയെ പ്രതിക്കൂട്ടിലാക്കിയ മറ്റൊരു സംഭവം.എസ്.എഫ്.ഐ നേതാവായിരുന്ന ശിവരഞ്ജിത്ത് പി.എസ്.സി പരീക്ഷ കോപ്പിയടിയിലൂടെ ജയിച്ച് ഒന്നാം റാങ്ക് നേടി പിടികൂടപ്പെട്ടത് സംഘടനയ്‌ക്കുണ്ടാക്കിയ നാണക്കേട് ചില്ലറയൊന്നുമല്ല. കാട്ടാക്കട ക്രിസ്റ്റ്യൻ കോളേജിൽ യൂണിവേഴ്സിറ്റി കൗൺസിലറായി വിജയിച്ച വിദ്യാർത്ഥിനിക്ക് പകരം ആൾമാറാട്ടത്തിലൂടെ എസ്.എഫ്.ഐ ഏരിയ സെക്രട്ടറിയെ തിരുകികയറ്റിയതും കൈയ്യോടെ പിടികൂടിയപ്പോൾ സംഘടന പിന്നെയും നാണംകെട്ടു. ഇതിനു പിന്നാലെയാണ് എറണാകുളം മഹാരാജാസ് കോളേജിൽ നിന്ന് അദ്ധ്യാപന പരിചയത്തിന്റെ വ്യാജരേഖയുണ്ടാക്കി അട്ടപ്പാടിയിലെ കോളേജിൽ അഭിമുഖ പരീക്ഷക്കെത്തിയ മുൻ എസ്.എഫ്.ഐ നേതാവിന്റെ പിടിപ്പുകേട്. കായംകുളം എം.എസ്.എം കോളേജിലെ എസ്.എഫ്.ഐ നേതാവ് വ്യാജ ബിരുദ സർട്ടിഫിക്കറ്റ് ഹാജരാക്കി അതേ കോളേജിൽ എം.കോമിന് പ്രവേശനം നേടിയ സംഭവം സമാനതകളില്ലാത്തതാണ്. മുൻ എസ്.എഫ്.ഐ നേതാവ് കൂടിയായ ചിന്ത ജെറോമിന്റെ പി.എച്ച്.ഡി പ്രബന്ധത്തിൽ ചങ്ങമ്പുഴയുടെ വാഴക്കുലയെ വൈലോപ്പിള്ളിയുടെ വാഴക്കുലയാക്കിയ മറിമായം കേരളം ഏറെ ദിവസം ചർച്ച ചെയ്തു. മുമ്പ് കേരളസർവകലാശാല വൈസ് ചാൻസലറായിരുന്ന ഡോ.ജെ.വി വിളനിലത്തിന്റെ പി.എച്ച്.ഡി പ്രബന്ധത്തെചൊല്ലി നാലുവർഷക്കാലം എസ്.എഫ്.ഐ നടത്തിയ സമരാഭാസമാണ് ചിന്തയുടെ പി.എച്ച്.ഡി പ്രബന്ധ വിവാദത്തോടെ എസ്.എഫ്.ഐക്ക് പുലിവാലായത്.

ഗുരുക്കന്മാരെയും അദ്ധ്യാപകരെയും ബഹുമാനിക്കാതെ ഗുരുനിന്ദ നടത്തിയതിന്റെ ഉദാഹരണങ്ങൾ എത്രയെങ്കിലുമുണ്ട്.വിദ്യാർത്ഥി നേതാക്കൾ അദ്ധ്യാപകനോട് 'നിന്റെ മുട്ടുകാൽ തല്ലിയൊടിക്കുമെന്ന്'പരസ്യമായി പറയുന്നത് കണ്ടിട്ടും അതിനെതിരെ പ്രതികരണ ശേഷിപോലും നഷ്‌ടമായ സാംസ്‌ക്കാരിക സമൂഹവും പരിഹാസ്യപാത്രമാകുന്ന കാഴ്ചയാണ് കേരളം കണ്ടത്. എറണാകുളം മഹാരാജാസ് കോളജിലെ പ്രിൻസിപ്പലായിരുന്ന ഡോ.എൻ.എൽ ബീനയുടെ കസേരകത്തിച്ച സംഭവം 2017 ജൂലായിലായിരുന്നു.സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തിയ കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ റിപ്പോർട്ടിൽ പറഞ്ഞത് സംഭവത്തിന്റെ ഉത്തരവാദിത്വം പ്രിൻസിപ്പലിനാണെന്നായിരുന്നു.അവരെ പ്രിൻസിപ്പൽ സ്ഥാനത്ത് നിന്ന് മാറ്റണമെന്നും ശുപാർശ ചെയ്തു.പ്രിൻസിപ്പലിന്റെ കടും പിടുത്തവും അതിതീവ്ര നിലപാടുകളും വിദ്യാർത്ഥികളിലും അദ്ധ്യാപകരിലും അമർഷം സൃഷ്ടിച്ചുവെന്നും റിപ്പോർട്ടിൽ പറഞ്ഞു. എസ്.എഫ്.ഐ യുടെ കോളേജിലെ പ്രവർത്തനരീതിക്കെതിരെ ഡോ.ബീന ഉറച്ച നിലപാടുകൾ സ്വീകരിച്ചതായിരുന്നു യഥാർത്ഥത്തിൽ സംഭവിച്ചത്. 2016 ഏപ്രിലിലാണ് പാലക്കാട് വിക്ടോറിയ കോളേജിലെ പ്രിൻസിപ്പൽ ടി.എൻ സരസു വിരമിക്കുന്ന ദിവസം കോളേജിലെ ഓഫീസിനു സമീപം പ്രതീകാത്മക കുഴിമാടം നിർമ്മിച്ച്‌ റീത്ത് വച്ച സംഭവമുണ്ടായത്. ഇതിലും പ്രിൻസിപ്പലിനെ പ്രതിക്കൂട്ടിലാക്കാനായിരുന്നു കൊണ്ടുപിടിച്ച ശ്രമം.സംഭവത്തിൽ പ്രിൻസിപ്പൽ നൽകിയ പരാതിയിൽ നിസാര കുറ്റങ്ങൾ ചുമത്തിയാണ് പോലീസ് കേസെടുത്തത്.തുടരെതുടരെയുണ്ടായ സംഭവങ്ങളിലൂടെ എസ്.എഫ്.ഐ യ്ക്കുണ്ടായ അപചയത്തിന്റെ ആഴമാണ് ഇപ്പോഴത്തെ കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിലൂടെ പ്രതിഫലിക്കുന്നതെന്ന് നിസംശയം പറയാം.നാളത്തെ നേതൃത്വമാണ് ഇന്നത്തെ കാമ്പസുകളിൽ വളരുന്നത്.കാമ്പസുകളിൽ തന്നെ കുത്തഴിഞ്ഞ രാഷ്ട്രീയത്തിന്റെ വക്താക്കളായി വളരുന്നവർ നേതാക്കളായി മാറുമ്പോൾ രാഷ്ട്രീയ സംശുദ്ധിയും സത്യസന്ധതയും നീതിബോധവുമൊക്കെ അന്യമാകുന്നത് സ്വാഭാവികം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SFI, KSU, COLLEGE ELECTION
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.