കൊച്ചി: മുഖ്യമന്ത്രിയുടെ പിആർ നടത്തുന്നത് ആരാണെന്നറിയാൻ ജനങ്ങൾക്ക് അവകാശമുണ്ടെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ.അതിനുള്ള പണം എവിടെ നിന്നാണ് കൊടുക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും കൊച്ചിയിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം ആവശ്യപ്പെട്ടു.
'പാർട്ടി ഏൽപ്പിച്ചവരാണോ അല്ലെങ്കിൽ സർക്കാർ ആണോ മുഖ്യമന്ത്രിയുടെ പിആർ നടത്തുന്നത്. ജനങ്ങളുടെ നികുതിപ്പണമാണ് എടുത്തുകൊടുക്കുന്നതെങ്കിൽ അത് പരിശോധനയ്ക്ക് വിധേയമാക്കേണ്ടതാണ്. ഇതുപോലെ കാപട്യക്കാരനായ ഒരു മുഖ്യമന്ത്രി ഇതുവരെ കേരളത്തിൽ ഉണ്ടായിട്ടില്ല. അദ്ദേഹം ഇംഗ്ലീഷ് പത്രത്തിന് മാത്രം ഈ പ്രസ്താവന കൊടുത്തത് ദുരുദ്ദേശപരമായാണ്. കേരളത്തിൽ സ്വർണക്കടത്തിനെതിരെയും തീവ്രവാദത്തിനെതിരെയും ഹവാലാ ഇടപാടിനെതിരെയും ശക്തമായ പ്രവർത്തനം നടത്തുന്ന മുഖ്യമന്ത്രിയാണെന്ന് രാജ്യത്തെ അറിയിക്കാൻ വേണ്ടിയാണിത്. എട്ടുവർഷത്തെ ഭരണത്തിൽ ഈ ശക്തികൾക്കെല്ലാം ഒത്താശ ചെയ്തുകൊടുത്ത മുഖ്യമന്ത്രിയാണിത്. മുഖ്യമന്ത്രി പിണറായി വിജയന്റെ വിശ്വാസ്യത കേരളത്തിൽ വട്ടപ്പൂജ്യമാണ്. അധികാരത്തിൽ തുടരാനുള്ള ഒരു അവകാശവും അദ്ദേഹത്തിന് ഇല്ല' സുരേന്ദ്രൻ പറഞ്ഞു.
'മുഖ്യമന്ത്രിക്ക് എല്ലാ പ്രതിസന്ധിഘട്ടങ്ങളിലും വഴിവിട്ട് സഹായങ്ങൾ നൽകിയവരാണ് കേരള പൊലീസ്. സ്വപ്നയെ നാടുകടത്താനും കേന്ദ്ര ഏജൻസികളുടെ അന്വേഷണം തടയാനും ഈ പൊലീസാണ് മുഖ്യമന്ത്രിയെ സഹായിച്ചത്. അങ്ങനെയുള്ള പൊലീസിനെ കൈവിടാൻ മുഖ്യമന്ത്രിക്ക് സാധിക്കുകയില്ല. പിവി അൻവർ ആരോപണം ഉന്നയിച്ചപ്പോൾ അദ്ദേഹത്തെ വിളിച്ചുവരുത്തി വിഷയം പരിഹരിക്കാനാണ് മുഖ്യമന്ത്രി ശ്രമിച്ചത്. അൻവർ കള്ളക്കടത്തുകാരൻ ആണെന്നാണ് ഇപ്പോൾ പറയുന്നത്. കള്ളക്കടത്തുകാരന്റെ പരാതിക്കനുസരിച്ച് എന്തിനാണ് മലപ്പുറം എസ്പി ഉൾപ്പെടെയുള്ള പൊലീസ് ഉദ്യോഗസ്ഥന്മാരെ മാറ്റിയതെന്ന് മുഖ്യമന്ത്രി പറയണം.
മുഖ്യമന്ത്രിയും അൻവറും തമ്മിലുള്ള പ്രശ്നം ആശയപരമായ പോരാട്ടമല്ല. കൊള്ള മുതൽ പങ്കുവയ്ക്കുന്നതിനുള്ള തർക്കമാണ് ഇപ്പോൾ സിപിഎമ്മിൽ നടക്കുന്നത്. മുഖ്യമന്ത്രിയുടെ പദവിയെ ഈ രീതിയിൽ ചോദ്യം ചെയ്തിട്ടും അൻവറിനെതിരെ ഒന്നും ചെയ്യാൻ സർക്കാരിന് സാധിക്കുന്നില്ല. മുഖ്യമന്ത്രി അൻവറിനെ ഭയപ്പെടുകയാണ്. കേരളത്തിൽ വലിയ രാഷ്ട്രീയ ധ്രുവീകരണം ഉണ്ടാവുന്നുണ്ട്. പ്രതിപക്ഷമായ യുഡിഎഫിനെ പിന്തുണയ്ക്കാതെ ജനങ്ങൾ മൂന്നാം മുതലായ ബിജെപിയെ പിന്തുണയ്ക്കുകയാണ്.' കെ.സുരേന്ദ്രൻ പറഞ്ഞു. മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് നാലാം തീയതി ബിജെപി എല്ലാ ജില്ലാ കേന്ദ്രങ്ങളിലേക്ക് ബഹുജന മാർച്ച് നടത്തുമെന്നും അദ്ദേഹം അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |