ടെൽ അവീവ്: ഗാസയിൽ വെടിനിറുത്തൽ വീണ്ടും നീട്ടിയേക്കും. നാല് ദിവസം കൂടി നീട്ടണമെന്നാണ് ഹമാസിന്റെ ആവശ്യം. ഖത്തറും ഈജിപ്റ്റുമടക്കം മദ്ധ്യസ്ഥത വഹിക്കുന്ന രാജ്യങ്ങൾ ഇസ്രയേലുമായി ചർച്ച തുടരുകയാണ്. ന്യായമായ ഏത് നിർദ്ദേശവും പരിഗണിക്കുമെന്ന് ഇസ്രയേൽ വ്യക്തമാക്കി. രണ്ട് ദിവസം കൂടി വെടിനിറുത്തൽ നീട്ടിയേക്കുമെന്ന് സൂചനയുണ്ട്.
അതിനിടെ, ഇന്നലെ ഗാസയിൽ 160 ഓളം മൃതദേഹങ്ങൾ കെട്ടിടാവിശിഷ്ടങ്ങൾക്കിടെയിൽ നിന്ന് കണ്ടെത്തി. ഇതോടെ ഗാസയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 15,000 കടന്നു. 6,500 കാണാനില്ല.
സിറിയൻ ഗോലൻ മേഖലയിൽ നിന്ന് ഇസ്രയേൽ പിന്മാറാത്തതിലുള്ള ആശങ്ക രേഖപ്പെടുത്തുന്ന യു.എൻ ജനറൽ അസംബ്ലി പ്രമേയത്തെ ഇന്ത്യ അടക്കം 91 രാജ്യങ്ങൾ പിന്തുണച്ചു. 8 രാജ്യങ്ങൾ എതിർത്തു. 62 രാജ്യങ്ങൾ വോട്ടിൽ നിന്ന് വിട്ടുനിന്നു.
ബന്ദികളെ കാണാനില്ല
ഒക്ടോബർ 7ന് ഇസ്രയേലിൽ നുഴഞ്ഞു കയറിയ ഹമാസ് ഭീകരർ 240ഓളം പേരെ തട്ടിക്കൊണ്ടുപോയെന്നാണ് ഇസ്രയേലിന്റെ കണക്ക്. ലിസ്റ്റിലുള്ള 40ഓളം സ്ത്രീകളും കുട്ടികളും ഹമാസിന്റെ പക്കലില്ലെന്നും ഇവരെ കണ്ടെത്താനായിട്ടില്ലെന്നും ഖത്തർ പറയുന്നു.
30ഓളം ഇസ്രയേലികളെ ഹമാസിന്റെ എതിർ ഗ്രൂപ്പായ പാലസ്തീനിയൻ ഇസ്ലാമിക് ജിഹാദ് ബന്ദികളാക്കിയെന്നാണ് ആരോപണം. എന്നാൽ ഇതിന് തെളിവുകളില്ല. 60ഓളം ബന്ദികൾ വ്യോമാക്രമണത്തിനിടെ കൊല്ലപ്പെട്ടെന്ന് ഹമാസ് മുമ്പ് ആരോപിച്ചിരുന്നു.
-----------------------------------
വെടിനിറുത്തൽ കരാർ ഇതുവരെ
1. ആദ്യ ഘട്ടം : നവംബർ 24 - 27
ഹമാസ് മോചിപ്പിച്ച ബന്ദികൾ
- 50 ഇസ്രയേലികൾ
- 19 വിദേശികൾ
ഇസ്രയേൽ മോചിപ്പിച്ച തടവുകാർ
- 150 പാലസ്തീനികൾ
2. രണ്ടാം ഘട്ടം : നവംബർ 28 - നവംബർ 29
- 10 ഇസ്രയേലികൾ
- 2 വിദേശികൾ
ഇസ്രയേൽ മോചിപ്പിച്ച തടവുകാർ
- 30 പാലസ്തീനികൾ
ഹമാസ് 20 ഇസ്രയേലികളെയും, ഇസ്രയേൽ 60 പാലസ്തീനികളെയും മോചിപ്പിക്കുമെന്നാണ് രണ്ടാം ഘട്ട വെടിനിറുത്തൽ കരാർ. ഇതുപ്രകാരം ശേഷിക്കുന്ന 10 ഇസ്രയേലികളെയും 30 പാലസ്തീനികളെയും ഇരുകൂട്ടരും ഇന്ന് പുലർച്ചെ മോചിപ്പിക്കും. ഒപ്പം ഏതാനും വിദേശികളെയും ഹമാസ് മോചിപ്പിക്കും.
-----------------------------------
നെതന്യാഹുവിനെതിരെ എർദോഗൻ
ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ ഗാസയിലെ കശാപ്പുകാരനെന്ന് വിശേഷിപ്പിച്ച് തുർക്കിയെ പ്രസിഡന്റ് റെസെപ് തയ്യിപ് എർദോഗൻ. നെതന്യാഹു ലോകമെമ്പാടും ജൂത വിരുദ്ധത വളർത്തിയെടുക്കുന്നെന്നും എർദോഗൻ ആരോപിച്ചു. മുമ്പ് ഹമാസിനെ സ്വാതന്ത്ര്യ പോരാളികൾ എന്ന് വിശേഷിപ്പിച്ച എർദോഗൻ ഇസ്രയേലിനെ ഭീകരരാഷ്ട്രമെന്ന് വിളിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |