ആലപ്പുഴ : പ്രതിസന്ധിയിലായ താറാവ് കർഷകർ വളരെ പ്രതീക്ഷയോടെ ക്രിസ്മസ്, പുതുവത്സരാഘോഷക്കാലത്തെ കാത്തിരിക്കുകയാണ്. കുറച്ചെങ്കിലും വരുമാനം ലഭിക്കുമെന്നാണ് ഇവരുടെ കണക്കുകൂട്ടൽ. മുമ്പ് കുട്ടനാട്, അപ്പർ കുട്ടനാട് മേഖലയിൽ 800ഓളം താറാവ് കർഷകർ ഉണ്ടായിരുന്നെങ്കിൽ ഇപ്പോഴത് 150 പേരായി ചുരുങ്ങി.
പക്ഷിപ്പനി ഉൾപ്പെടെയുള്ള രോഗങ്ങൾ മൂലം താറാവുകൾ കൂട്ടത്തോടെ ചത്തൊടുങ്ങിയാലും നഷ്ടപരിഹാരം ലഭിക്കാതെ വന്നതോടെയാണ് പലരും സാമ്പത്തിക പ്രതിസന്ധിയിൽ താറാവ് വളർത്തലിൽ നിന്ന് പിൻമാറിയത്. അടിക്കടി കൂടുന്ന തീറ്റവിലയ്ക്ക് ആനുപാതികമായി താറാവിന് വില കിട്ടാതെ വന്നതോടെ സംസ്ഥാനത്തെ ചെറുകിട കർഷകർ താറാവ് വളർത്തൽ എഴുപത് ശതമാനം വരെയാണ് കുറച്ചത്.
ജില്ലയിൽ പള്ളിപ്പാട്, ചെറുതന, കരുവാറ്റ, അമ്പലപ്പുഴ, പുറക്കാട്, തകഴി, രാമങ്കരി, പുളിങ്കുന്ന്, എടത്വ പഞ്ചായത്തുകളിലാണ് താറാവുകർഷകർ കൂടുതലുള്ളത്. ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് വായ്പയെടുത്ത് പ്രതീക്ഷയോടെ വളർത്തിയ താറാവുകൾ ചത്തൊടുങ്ങുമ്പോൾ വായ്പ എങ്ങനെ തിരിച്ചടയ്ക്കുമെന്നറിയാതെ കർഷകർ വലയും. ഇൻഷ്വറൻസ് ഉണ്ടെങ്കിലും മതിയായ നഷ്ടപരിഹാരം ലഭിക്കില്ല. താറാവുകളെ തിരിച്ചറിയാൻ കഴിയുന്നില്ലെന്ന പേരിലാണ് ഇൻഷ്വറൻസ് കമ്പനികൾ കർഷകരെ വട്ടംചുറ്റിക്കുന്നത്.
പണ്ട് കൊയ്ത്തു കഴിഞ്ഞാൽ പാടത്ത് താറാവിനെ പാടത്ത് ഇറക്കുന്നതിൽ നെൽകർഷകർക്കും താത്പര്യമായിരുന്നു. പക്ഷേ ഇപ്പോൾ കാലം തെറ്റിയ കൃഷിയാണ് നിലവിൽ നടക്കുന്നത്. താറാവുകൾ പാടത്ത് ഇറങ്ങുന്നത് ചെറുകീടങ്ങളെ കൊന്നൊടുക്കുന്നതും മണ്ണിന് ഇളക്കമുണ്ടാക്കുന്നതും കർഷകരെ ദോഷകരമായി ബാധിക്കും.
വില നിയന്ത്രണം തമിഴ്നാട് ലോബിക്ക്
1.സംസ്ഥാനത്ത് താറാവിന്റെ വില നിയന്ത്രിക്കുന്നത് തമിഴ്നാട് ലോബി
2.ഇതോടെ സംസ്ഥാനത്തെ ചെറുകിട ഫാമുകൾ ഇറച്ചിക്കോഴി ഉത്പാദനം കുറച്ചു
3. തീറ്റവില കൂടുന്നതിന് ആനുപാതികമായി കർഷകർക്ക് വില കിട്ടാത്തതാണ് കാരണം
4.ചെറുതും വലുതുമായ ആയിരത്തിലധികം ഫാമുകളാണ് സംസ്ഥാനത്തുള്ളത്.
സർക്കാർ ഉടമസ്ഥതയിൽ ഒരു ഹാച്ചറി
ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ താറാവു കർഷകർക്കായി സർക്കാർ ഉടമസ്ഥതയിൽ ഒരു ഹാച്ചറിയാണ് പ്രവർത്തിക്കുന്നത്. അഞ്ച് സ്വകാര്യ ഹാച്ചറികളുമുണ്ട്
ഒരു ദിവസം പ്രായമായ താറാവിന് ഹാച്ചറികളിൽ 28 രൂപയാണ് വില. 35 മുതൽ 50 ദിവസം വരെ പ്രായമാകുമ്പോൾ തീറ്റയും പ്രതിരോധ വാക്സിനും ഉൾപ്പെടെ ഒരു താറാവിന് 160 രൂപയോളം ചെലവാകും.
മൂന്നര മാസമാവുമ്പോൾ ആൺ, പെൺ തിരിഞ്ഞ ശേഷം മുട്ടത്താറാവിനെ വളർത്താൻ നിറുത്തും. പൂവൻ താറാവുകളെ ഇറച്ചി ആവശ്യത്തിനായി ഒരെണ്ണത്തിന് 250- 280 രൂപ നിരക്കിൽ കർഷകർ വിൽക്കും
വ്യാപാരികൾ കിലോയ്ക്ക് 340-360 നിരക്കിലാണ് ഒരു താറാവിനെ വിൽക്കുന്നത്. ചില കർഷകർ ഒന്നരമാസം ആകുമ്പോൾ തമിഴ്നാട്ടിലെ ഫാമുകളിലേക്ക് ഏജന്റുമാർ വഴി ഒന്നിന് 240-260 രൂപ നിരക്കിൽ കൂട്ടത്തോടെ വിൽക്കാറുണ്ട്
10
സംസ്ഥാനത്ത് കിലോയ്ക്ക് 35 രൂപയ്ക്ക് ലഭിക്കുന്ന തീറ്റയ്ക്ക് തമിഴ്നാട്ടിൽ 10 രൂപ മാത്രം
താറാവ് കുഞ്ഞുങ്ങളുടെ ഉത്പാദനം കൂടുതലും തമിഴ്നാട്ടിലാണ് നടക്കുന്നത്. കുഞ്ഞിന്റെയും തീറ്റയുടെയും വില തമിഴ്നാട് ലോബികൾ നിയന്ത്രിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. താറാവു കർഷകരെ സംരക്ഷിക്കാനുള്ള പദ്ധതികൾ സർക്കാർ പ്രഖ്യാപിക്കുമെങ്കിലും അത് പൂർണ്ണതയിൽ എത്താറില്ല.
- മുജീബ്, താറാവ് കർഷകൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |