അഭിനയ യാത്രയുടെ ആവേശത്തിൽ വിഷ്ണു ഉണ്ണിക്കൃഷ്ണൻ. നടൻ, തിരക്കഥാകൃത്ത്, സംവിധയകൻ എന്നീ വിലാസങ്ങളിൽ തിളക്കം. പുതിയ വിശേഷങ്ങൾ വാരാന്ത്യ കൗമുദിയോട് പങ്കുവയ്ക്കുന്നു.
കൊച്ചിക്കാരുടെ കഥയും സിനിമയും ആണോ ഡാൻസ് പാർട്ടി?
തീർച്ചയായും. കൊച്ചിക്കാരുടെ സിനിമ തന്നെയാണ്. സിനിമകളിൽ നമ്മൾ കണ്ട ഒരു കൊച്ചിയുണ്ട്. എന്നാൽ സിനിമകളിലാരും കാണാത്ത തനതായ ചില കലാരൂപങ്ങൾ കൊച്ചിയിലുണ്ട്. പ്രത്യേകിച്ചും കൈകൊട്ടിക്കളിയുടെ വലിയൊരു ശൃംഖല ഇവിടെയുണ്ട്. ആ ഒരു കലയെ ഡാൻസ് പാർട്ടിയിൽ കാണാൻ സാധിക്കും. മറ്റു സിനിമകളിൽ ഒന്നും തന്നെ ഈ ഒരു കലാരൂപത്തെ കണ്ടിട്ടില്ല. ഈ ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും ഡാൻസിന്റേതായ പശ്ചാത്തലത്തിലൂടെ കടന്നു പോകുന്നുണ്ട്. സിനിമയിൽ ഡാൻസ് മത്സരമില്ല. കൊച്ചിയിൽ ഇതുവരെ കാണാത്ത ഒന്നാണ് ഈ ഡാൻസ് പാർട്ടി. പുറത്തുള്ളവർക്ക് ഇങ്ങനെ ചിലതും കൊച്ചിയിൽ ഉണ്ടെന്ന് മനസിലാക്കി തരും.
പ്രേക്ഷകർക്ക് എന്ത് പ്രതീക്ഷയാണ് നൽകുന്നത് ?
വളരെ രസകരമായൊരു അനുഭവം പ്രതീക്ഷാം. അങ്ങനെ കാണാനാണ് ഞാനും ആഗ്രഹിക്കുന്നത്. ഒരു എന്റർടെയ്ൻമെന്റായിരിക്കും. തീർച്ചയായും പ്രേക്ഷകർക്കിഷ്ടപ്പെടുന്ന സിനിമ . ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി, പ്രയാഗ മാർട്ടിൻ, ശ്രദ്ധ, ഫുക്രു, ഷാജു നവോദയ, ലെന തുടങ്ങിയ നീണ്ട താരനിര തന്നെ യുണ്ട്. എല്ലാവരുമായും നേരത്തെ ജോലി ചെയ്തിട്ടുണ്ട്. എന്നാൽ ഞാനും ഭാസിയും ഷൈൻ ചേട്ടനും കൂടി ആദ്യമായാണ് ഒരുമിച്ച് അഭിനയിക്കുന്നത്.
കഥാപാത്രത്തിൽ വിഷ്ണുവിനെ കാണാൻ കഴിയുമോ?
ഞാനും ഒരു കൊച്ചിക്കാരനാണ്. കൊച്ചിക്കാരായ പലരുടെയും കഥാപാത്രങ്ങളാണ് ഈ ചിത്രത്തിൽ. എന്നെയും കാണാൻ കഴിയുമായിരിക്കാം. അനിക്കുട്ടൻ എന്ന കഥാപാത്രത്തെ ആണ് അവതരിപ്പിക്കുന്നത്. ടൈൽപണിക്ക് പോകുന്ന അനിക്കുട്ടൻ സിനിമാറ്റിക്ക് ഡാൻസറാണ്. വലിയൊരു കൈകൊട്ടിക്കളി ആശാന്റെ മകനാണ്. സിനിമാറ്റിക്ക് ഡാൻസറും കൈകൊട്ടിക്കളിക്കാരുമുണ്ട്. അനിക്കുട്ടന്റെയും അനിതയുടെയും പ്രണയമാണ് സിനിമയെ മുന്നോട്ട് നയിക്കുന്നത്.
കഥാപാത്രങ്ങൾ എപ്പോഴും സാധാരണക്കാർ ആണല്ലോ?
കഥാപാത്രങ്ങൾ തിരഞ്ഞെടുക്കുന്നതല്ല. എന്നെത്തേടി വരുന്നത് സാധാരണക്കാരുടെ വേഷങ്ങളാണ്. എന്റെ കഥാപാത്രം എന്നത് മാത്രമല്ല, ഒരു സിനിമയുടെ കഥ കേൾക്കുമ്പോൾ എനിക്ക് ഇഷ്ടം തോന്നിയാൽ ആ സിനിമയുമായി ചേർന്ന് നിൽക്കുകയാണ്. ഇഷ്ടപ്പെട്ടാണ് ഓരോ കഥാപാത്രങ്ങളും ചെയ്യുന്നത്.
വരാനിരിക്കുന്ന സിനിമകൾ?
ആക്ഷൻ പശ്ചാത്തലത്തിൽ ഇടിയൻ ചന്തു . ശ്രീജിത്ത് വിജയൻ ആണ് സംവിധാനം. ആന്റോ ജോസഫ് നിർമ്മിക്കുന്ന മരതകം , ദിലീഷ് പോത്തനും, സുധി കോപ്പയും ഞാനും അഭിനയിച്ച ശലമോൻ, ഷൈൻ ടോം ചാക്കോയോടൊപ്പം താനാരാ എന്നീ ചിത്രങ്ങൾ റിലീസിന്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |