ആറ്റിങ്ങൽ: കലാപ്രകടനത്തിന്റെ വിസ്മയക്കാഴ്ചയൊരുക്കിയ ജില്ലാ കലോത്സവത്തിന് ഇന്ന് കൊടിയിറങ്ങും.ആദ്യത്തെ മൂന്നുദിനങ്ങൾ പിന്നിട്ടപ്പോൾ തിരുവനന്തപുരം സൗത്ത് ഉപജില്ല 662 പോയിന്റുകളുമായി മുന്നിലാണ്. തൊട്ടുപിന്നിൽ 585 പോയിന്റുമായി കിളിമാനൂർ ഉപജില്ലയുണ്ട്.തിരുവനന്തപുരം നോർത്ത് (573), പാലോട് (534), ആറ്റിങ്ങൽ (531), നെടുമങ്ങാട് (515), വർക്കല (471), കാട്ടാക്കട (456), കണിയാപുരം (444), ബാലരാമപുരം (430), നെയ്യാറ്റിൻകര (414), പാറശാല (395) എന്നിങ്ങനെയാണ് മറ്റു ഉപജില്ലകളുടെ പോയിന്റ്. സ്കൂൾ വിഭാഗത്തിൽ വഴുതക്കാട് കാർമ്മൽ ഹയർ സെക്കൻഡറി സ്കൂൾ 198 പോയിന്റുമായി മുന്നിലെത്തി. കടുവയിൽ കെ.ടി.സി.ടി ഹയർ സെക്കൻഡറി സ്കൂൾ (184), പട്ടം സെന്റ് മേരീസ് (166), നന്ദിയോട് എസ്.കെ.വി.എച്ച്.എസ് (136),നെല്ലിമൂട് ന്യൂ എച്ച്.എസ്.എസ് (106) എന്നിവയാണ് തൊട്ടുപിന്നിലുള്ള മറ്റു സ്കൂളുകൾ. മൂന്നാം ദിനം പിന്നിട്ടപ്പോൾ വിധി നിർണ്ണയത്തിനെതിരെ 205 അപ്പീലുകൾ ലഭിച്ചു. അപ്പീലുകളിൽ പിന്നീട് തീരുമാനമെടുക്കും. സമാപന ദിവസമായ ഇന്ന് ചിരിയുടെ അലയടികൾ തീർക്കാൻ മിമിക്രി,മോണോആക്ട് തുടങ്ങിയ മത്സരങ്ങൾ അരങ്ങേറും.വൈകിട്ട് നാലിന് നടക്കുന്ന സമാപന സമ്മേളനം അടൂർ പ്രകാശ് എം.പി ഉദ്ഘാടനം ചെയ്യും. നഗരസഭാ ചെയർ പേഴ്സൺ അഡ്വ: എസ്.കുമാരി അദ്ധ്യക്ഷത വഹിക്കും.വിജയികൾക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് ബാബു സമ്മാന വിതരണം നടത്തും. എം.എൽ.എ മാരായ വി.ജോയി, വി.ശശി, ഡി.കെ.മുരളി, വി.കെ. പ്രശാന്ത്, ഐ.ബി സതീഷ്, എം. വിൻസന്റ്, ജി. സ്റ്റീഫൻ തുടങ്ങിയവർ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |