ചേർപ്പ് : പാലയ്ക്കൽ മാർക്കറ്റ് പരിസരത്ത് വിവിധ കടകളിൽ വ്യാപക മോഷണ ശ്രമം. മൂന്ന് കടകളുടെ ഷട്ടറുകൾ പൊളിച്ചു. ബുധനാഴ്ച പുലർച്ചെ ഒന്നരയോടെയായിരുന്നു മോഷണം നടന്നത്. കടയിൽ നിന്ന് മോഷ്ടിച്ച പണം സമീപത്തെ പറമ്പിൽ നിന്ന് ലഭിച്ചു. അഞ്ജലി മെഡിക്കൽ സ്, കാർമൽ സ്റ്റോഴ്‌സ്, പ്ലാനറ്റ് ബേക്കറി എന്നിവിടങ്ങളിലെ ഷട്ടറിന്റെ പൂട്ടുകൾ തകർത്താണ് മോഷ്ടാവ് അകത്ത് കയറിയത്. കാർമൽ സ്റ്റോഴ്‌സിൽ നിന്ന് കവർന്ന 8000 രൂപ സമീപത്തെ പറമ്പിൽ നിന്ന് കണ്ടെടുത്തു. പിക്കാസ് ഉപയോഗിച്ചാണ് കടകളുടെ ഷട്ടറുകളിലെ പൂട്ടുകൾ തകർത്തിരിക്കുന്നത്. കാർമൽ സ്റ്റോഴ്‌സിൽ നിന്ന് കവർന്ന പണം സമീപത്തെ പറമ്പിൽ വച്ചതിനുശേഷം പ്ലാനറ്റ് ബേക്കറിയുടെ ഷട്ടറിന്റെ പൂട്ട് തകർക്കുന്ന ശബ്ദം കേട്ട് സമീപത്തെ അവിണിശ്ശേരി സർവീസ് സഹകരണ ബാങ്കിന്റെ പാലയ്ക്കൽ ബ്രാഞ്ചിലെ സെക്യൂരിറ്റി ജീവനക്കാരൻ ബഹളം വച്ചതോടെ മോഷ്ടാവ് ഓടിരക്ഷപ്പെടുകയായിരുന്നു. പ്രദേശത്തെ ഔഷധി, അക്ഷയ കേന്ദ്രം, സൂര്യ ഗാർമെന്റ്‌സ് എന്നിവടങ്ങളിലും മോഷണ ശ്രമം നടന്നിട്ടുണ്ട്. വ്യാപാരികൾ ചേർപ്പ് പൊലീസിൽ പരാതി നൽകി.
മോഷ്ടാവെത്തിയത് മങ്കിക്യാപ്പും ഗ്ലൗസും ധരിച്ച്
പാലയ്ക്കൽ : മാർക്കറ്റ് ജംഗ്ഷനിൽ വിവിധ കടകളിൽ മോഷണം നടത്താനെത്തിയ മോഷ്ടാവ് മങ്കിക്യാപ്പും ഗ്ലൗസും ധരിച്ച്. പുതിയ പിക്കാസ് ഉപയോഗിച്ച് കടകളുടെ പൂട്ട് തകർത്ത് മോഷണം നടത്തുന്നത്. അവിണിശ്ശേരി സർവീസ് സൊസൈറ്റി ബാങ്ക് സെക്യൂരിറ്റി ജീവനക്കാരൻ പ്രമോദ് ഷട്ടർ പൊക്കുന്ന ശബ്ദം കേട്ട് ഉണർന്നതിനാൽ മോഷ്ടിച്ച പണം പോലും എടുക്കാതെയാണ് മോഷ്ടാവ് രക്ഷപ്പെട്ടത്. സെക്യൂരിറ്റി ജീവനക്കാരൻ ഉടൻ വ്യാപാരികളെയും പൊലീസിനെയും വിവരം അറിയിക്കുകയും ചെയ്തു. വ്യാപാരികളായ സുനിൽ സൂര്യ, മുരളി, അഭിലാഷ് തുടങ്ങിയവർ സ്ഥലത്തെത്തി പൊലീസും ചേർന്ന് സി.സി.ടി.വി ക്യാമറകൾ പരിശോധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |