കൊല്ലം: സമുദ്രോഷ്‌മാവ് ഉയർന്നതോടെ തീരത്ത് മത്സ്യലഭ്യത വൻതോതിൽ കുറഞ്ഞു. ഇതോടെ പരമ്പരാഗത മത്സ്യത്തൊഴിലാളികൾ കടുത്ത വറുതിയിലായി. ഉപരിതല മത്സ്യസമ്പത്ത് കൂട്ടത്തോടെ ആഴക്കടലിലേയ്ക്ക് ഉൾവലിഞ്ഞതാണ് പ്രതിസന്ധിക്ക് കാരണം.
കൊല്ലം തീരത്ത് നിന്ന് കടലിൽ പോകുന്ന വള്ളക്കാർക്ക് പൊടിച്ചാളയും ചെറിയ അയലയും മാത്രമാണ് കിട്ടുന്നത്. പല വള്ളക്കാർക്കും മണ്ണെണ്ണ കാശിനുള്ളത് പോലും വലയിൽ കൊരുക്കുന്നില്ല. എന്നാൽ ആഴക്കടൽ യാനങ്ങൾക്കും കാര്യമായി മത്സ്യം ലഭിക്കുന്നില്ലെന്ന് ബോട്ടുടമകൾ പറയുന്നു. ശക്തികുളങ്ങരയിൽ നിന്നുള്ള ബോട്ടുകൾക്ക് പുല്ലൻ ചെമ്മീൻ, കൊഴിചാള, കിളിമീൻ, പേക്കണവ, ഓലക്കണവ എന്നിവയാണ് പ്രധാനമായും കിട്ടുന്നത്.
പൊതുവെ നവംബർ - ഡിസംബർ മാസങ്ങൾ മത്സ്യമേഖലയ്‌ക്ക് വറുതിക്കാലമാണെങ്കിലും ഇക്കുറി തീരത്ത് ക്ഷാമം കൂടുതൽ അനുഭവപ്പെടുകയായിരുന്നു. കനത്ത മൺസൂൺ ലഭിച്ചതോടെ ജൂൺ മുതൽ ഒക്‌ടോബർ വരെ മെച്ചപ്പെട്ട സീസണായിരുന്നു. ഇതിന്റെ ഭാഗമായി കഴിഞ്ഞ മാസങ്ങളിൽ ചാള ചാകര ലഭിച്ചതായും പരമ്പരാഗത മത്സ്യത്തൊഴിലാളികൾ പറയുന്നു.
നാലോ അഞ്ചോ വർഷം ദൗർലഭ്യം നേരിടുമെങ്കിലും ഇടവേളയ്‌ക്ക് ശേഷം പെട്ടെന്ന് പെരുകുന്നതാണ് ചാളയുടെ പ്രജനന രീതി. ചാളയുടെ അഭാവത്തിൽ കണവയായിരുന്നു ബോട്ടുകൾക്ക് താരതമ്യേന മെച്ചപ്പെട്ട നിലയിൽ ലഭിച്ചത്.
നവംബർ - ഡിസംബർ മാസങ്ങൾ ആഴക്കടൽ മത്സ്യങ്ങളുടെ പ്രജനന കാലമായതിനാൽ യന്ത്രവത്കൃത മത്സ്യബന്ധനം കടൽ സമ്പത്തിന് നാശമുണ്ടാക്കുന്നതായും വിമർശനമുണ്ട്.
ചുട്ടുപൊള്ളി തീരക്കടൽ
സമുദ്രോഷ്‌മാവ് മുൻ വർഷങ്ങളെ അപേക്ഷിച്ച് 1.5 ഡ്രിഗ്രി വരെ ഉയർന്നു
നെയ്യ് ചാള ഉൾപ്പെടെയുള്ള മത്സ്യങ്ങൾ കിട്ടാനില്ല
പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് കോള് കുറഞ്ഞു
ജൂൺ മുതലുള്ള ഒന്നര മാസത്തെ പരമ്പരാഗത ട്രോളിംഗ് പിൻവലിക്കണം
ട്രോളിംഗ് നവംബർ -ഡിസംബർ മാസങ്ങളിലേക്ക് മാറ്റണമെന്ന് ആവശ്യം
കൊല്ലം തീരത്തെ മത്സ്യവില (കിലോയ്ക്ക്)
പൊടിച്ചാള- 100
ചെറിയ അയല- 80-90
നെന്മീൻ ചെറുത്- 650-700
നെന്മീൻ വലുത്- 750- 800
കേരച്ചൂര- 350- 400
ചൂര- 150-170
കഴിഞ്ഞ വർഷം കേരള തീരത്ത് ലഭിച്ചത് 6.85 ടണ്ണിന്റെ ഉയർന്ന മത്സ്യ ലഭ്യതയാണ്. മൺസൂൺ സമ്പന്നമായതാണ് ഇതിന് കാരണം.
കെ. മധുസൂദനൻ
പരിസ്ഥിതി പ്രവർത്തൻ,
മുൻ ഫിഷറീസ് ഉദ്യോഗസ്ഥൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |