കോർപ്പറേഷൻ പൂട്ടിയ കെട്ടിടത്തിൽ വീണ്ടും ചന്ത ആരംഭിച്ചു
അഞ്ചാലുംമൂട്: കോർപ്പറേഷൻ ആരോഗ്യ വിഭാഗം നോട്ടീസ് നൽകി രണ്ട് വർഷം മുൻപ് പൂട്ടിച്ച, സി.കെ.പി ജംഗ്ഷനിലെ കെട്ടിടത്തിൽ വീണ്ടും ചന്ത പ്രവർത്തനം ആരംഭിച്ചതോടെ അഞ്ചാലുംമൂട്- കൊല്ലം റൂട്ടിൽ ഗതാഗതക്കുരുക്ക് രൂക്ഷം.
ചന്തയുടെ പ്രവർത്തനം മൂലം സി.കെ.പി ഭാഗത്ത് കുരുക്ക് രൂക്ഷമാകുകയും അപകടങ്ങൾ പതിവാകുകയും ചന്ത പ്രവർത്തിക്കുന്ന കെട്ടിടം വൃത്തിഹീനമാണെന്ന് കണ്ടെത്തുകയും ചെയ്തതോടെയാണ് കോർപ്പറേഷൻ അധികൃതർ മുൻപ് കെട്ടിടത്തിന് പൂട്ടിട്ടത്. പിന്നീട് കുറച്ച് നാൾ അഞ്ചാലുംമൂട് പൊലീസിന്റെ മേൽനോട്ടത്തിൽ, സി.കെ.പിയിൽ നിന്ന് കുരീപ്പുഴയിലേക്ക് പോകുന്ന ഭാഗത്ത് വഴിയരികിൽ മത്സ്യവ്യാപാരം അനുവദിച്ചിരുന്നു. വൈകാതെ ഈ വഴിയിൽ മത്സ്യ വില്പനക്കാരുടെ എണ്ണം വർദ്ധിക്കുകയും ഇവർ തമ്മിൽ പലപ്പോഴും തർക്കമുണ്ടാവുകയും ചെയ്തു. ഇതോടെ പൊലീസ് ഈ ഭാഗത്തെ മത്സ്യക്കച്ചവടത്തിന് നിയന്ത്രണമേർപ്പെടുത്തി.
തുടർന്ന് പൊലീസും കോർപ്പറേഷൻ അധികൃതരും ജനപ്രതിനിധികളും ചേർന്ന് ചർച്ച നടത്തി സി.കെ.പി- കുരീപ്പുഴ ഭാഗത്തേക്കുള്ള റോഡിൽ വ്യക്തിയുടെ കെട്ടിടത്തിലേക്ക് ചന്ത മാറ്റിസ്ഥാപിച്ചു. ഇവിടെ പാർക്കിംഗ് സൗകര്യവും ഒരുക്കി. ഇതിനിടെയാണ് കോർപ്പറേഷൻ പൂട്ടിച്ച കെട്ടിടത്തിൽ വീണ്ടും ചന്ത ആരംഭിച്ചത്. തിരക്കിൽപ്പെടാതെയും ഗതാഗതകുരുക്കില്ലാതെയും സി.കെ.പി- കുരീപ്പുഴ ഭാഗത്തെ പുതിയ ചന്തയിലെത്തി മത്സ്യം വാങ്ങാമെന്നിരിക്കെ പഴയ സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചത് രാഷ്ട്രീയ ഇടപെടൽ മൂലമാണെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്.
വീതികുറഞ്ഞ റോഡ്
താരതമ്യേന വീതികുറഞ്ഞ റോഡാണ് സി.കെ.പി ജംഗ്ഷനിലേത്. ഈ ഇടുങ്ങിയ റോഡിൽ അനധികൃത പാർക്കിംഗും കച്ചവടവും മൂലം മണിക്കൂറുകളോളം ഗതാഗത തടസമുണ്ടാകും. ഒരാഴ്ച മുൻപാണ് ചന്ത കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിച്ചത്. ചന്തയിലെത്തുന്ന വാഹനങ്ങളുടെ അനധികൃത പാർക്കിംഗ് മൂലം സമീപത്തെ നിരവധി പേരെത്തുന്ന തൃക്കടവൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്ക് പ്രവേശിക്കാനാവാത്ത അവസ്ഥയാണ്. ഒരു ട്രാഫിക് വാർഡനെ ഗതാഗത നിയന്ത്രണത്തിന് നിയോഗിച്ചിട്ടുണ്ടെങ്കിലും ഫലപ്രദമാകുന്നില്ല. എത്രയും വേഗം പരിഹാരം ഉണ്ടാവണമെന്നാണ് നാടിന്റെ ആവശ്യം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |