തിരുവനന്തപുരം: ഒരാഴ്ച നീളുന്ന രാജ്യാന്തര ചലച്ചിത്രമേളയിൽ 15 തിയേറ്ററുകളിലായി 81 രാജ്യങ്ങളിൽ നിന്നുള്ള 175 സിനിമകൾ പ്രദർശിപ്പിക്കും. 12,000 ഡെലിഗേറ്റുകൾ മേളയിൽ പങ്കെടുക്കും. തിയേറ്ററുകളിൽ ആകെ സീറ്റിന്റെ 70 ശതമാനം റിസർവേഷൻ ചെയ്തവർക്കും 30 ശതമാനം റിസർവേഷൻ ഇല്ലാത്തവർക്കുമായിരിക്കും. 60 വയസ് മുതലുള്ള പൗരന്മാർക്ക് ക്യൂ ഇല്ലാതെ തന്നെ പ്രവേശനം അനുവദിക്കും.ഇവർ പ്രായം തെളിയിക്കുന്ന തിരിച്ചറിയൽ കാർഡ് കാണിക്കണം.
ക്യൂബയാണ് ഇത്തവണത്തെ കൺട്രി ഫോക്കസ്.ക്യൂബൻ സംവിധായകരായ ഹോർഹെ ലൂയി സാഞ്ചസ്,അലെഹാന്ദ്രോ ഗിൽ,നിർമ്മാതാവ് റോസ മരിയ വാൽഡസ് എന്നിവർ മേളയിൽ അതിഥികളാവും. പാലസ്തീനിനോടുള്ള ഐക്യദാർഢ്യമായി ഏഴ് അധിനിവേശ വിരുദ്ധ സിനിമകളുടെ പാക്കേജും മേളയിലുൾപ്പെടുത്തിയിട്ടുണ്ട്.സമകാലിക ലോകചലച്ചിത്രാചാര്യന്മാരുടെ ഏറ്റവും പുതിയ ചിത്രങ്ങൾ ഉൾപ്പെടുത്തിയ മാസ്റ്റർ മൈൻഡ്സ്, നവ ലാറ്റിനമേരിക്കൻ സിനിമകൾ ഉൾപ്പെടുത്തിയ പ്രത്യേക പാക്കേജ്,മേളയിൽ ലൈഫ്‌ടൈം അച്ചീവ്‌മെന്റ് അവാർഡ് ലഭിച്ച ക്രിസ്റ്റോഫ് സനൂസിയുടെ റെട്രോസ്‌പെക്ടീവ്, മൃണാൾ സെന്നിന്റെ ജന്മശതാബ്ദിയോടനുബന്ധിച്ചുള്ള സെൻ റെട്രോസ്‌പെക്ടീവ്, 'ദ ഫീമെയിൽ ഗയ്സ്' എന്ന പേരിലുള്ള വനിതാ സംവിധായകരുടെ ചിത്രങ്ങളുടെ പാക്കേജ്, കലൈഡോസ്‌കോപ്പ് എന്നിവയാണ് മറ്റ് പ്രധാന പാക്കേജുകൾ.
ഹോമേജ്
മൺമറഞ്ഞ ചലച്ചിത്രപ്രതിഭകൾക്ക് സ്മരണാഞ്ജലിയർപ്പിക്കുന്ന ചടങ്ങ് മേളയുടെ ഭാഗമായി 10ന് വൈകിട്ട് 5.30ന് നിള തിയേറ്ററിൽ സംഘടിപ്പിക്കും.കെ.ജി ജോർജ്, കെ.പി ശശി, ജനറൽ പിക്‌ചേഴ്സ് രവി, മാമുക്കോയ, ഇന്നസെന്റ്, സിദ്ദിഖ്, പി.വി ഗംഗാധരൻ, നിരൂപകൻ ഡെറിക് മാൽക്കം എന്നിവർക്ക് ചടങ്ങിൽ സ്മരണാഞ്ജലിയർപ്പിക്കും.ടി.വി.ചന്ദ്രൻ, കമൽ, സിബി മലയിൽ, മുകേഷ്, ഫാ.ബെന്നി ബെനിഡിക്ട് തുടങ്ങിയവർ അനുസ്മരണ പ്രഭാഷണം നടത്തും.കേരള സംസ്ഥാന ചലച്ചിത്ര അക്കാഡമി ശ്രദ്ധാഞ്ജലി പരമ്പരയിൽ ഉൾപ്പെടുത്തി പ്രസിദ്ധീകരിച്ച ആറു പുസ്തകങ്ങൾ ചടങ്ങിൽ പ്രകാശനം ചെയ്യും.
കലാപരിപാടികൾ മാനവീയത്തിൽ
പതിവിൽ നിന്ന് വിപരീതമായി മുഖ്യവേദിയായ ടാഗോർ തിയേറ്ററിൽ കലാപരിപാടികൾ ഉണ്ടാകില്ല. മാനവീയം വീഥിയിലാണ് കലാസാംസ്കാരിക പരിപാടികൾ അരങ്ങേറുകയെന്ന് ചലച്ചിത്ര അക്കാഡമി ചെയർമാൻ രഞ്ജിത്ത് പറഞ്ഞു.അഭയ ഹിരൺമയി അൺപ്ലഗ്ഡ്, ഫ്ളൈയിംഗ് എലഫന്റ്, രാഗവല്ലി, മാങ്കോസ്റ്റീൻ ക്ലബ്, ഇഷ്‌ക് സൂഫിയാന എന്നീ പരിപാടികളാണ് അരങ്ങേറുക. മേളയോടനുബന്ധിച്ച് ടാഗോറിൽ മൂന്ന് എക്സിബിഷനുകൾ സംഘടിപ്പിക്കും. ബംഗാളി നവതരംഗ സംവിധായകൻ മൃണാൾ സെന്നിന്റെ ജന്മശതാബ്ദിയോടനുബന്ധിച്ച് അദ്ദേഹത്തിന്റെ ജീവിതവും സിനിമകളും അവതരിപ്പിക്കുന്ന എക്സിബിഷൻ, എം.ടി.വാസുദേവൻ നായർ, നടൻ മധു എന്നിവരുടെ നവതി ആഘോഷത്തിന്റെ ഭാഗമായുള്ള എക്സിബിഷനുകൾ എന്നിവയാണ് നടക്കുക. ഡെലിഗേറ്റുകൾക്കായി കെ.എസ്.ആർ.ടി.സിയുടെ രണ്ട് ഇ - ബസുകൾ പ്രദർശനവേദികളെ ബന്ധിപ്പിച്ച് സർവീസ് നടത്തും.
സിനിമകൾ ഇങ്ങനെ
മത്സരവിഭാഗം - 14
മലയാളം സിനിമ ഇന്ന് - 12
ഇന്ത്യൻ സിനിമ നൗ - 7
ലോകസിനിമ - 62
ഹോമേജ് - 11
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |