ആലപ്പുഴ: ക്രിസ്മസ് പുതുവത്സരാഘോഷത്തിന് നാട്ടിലെത്തുന്നവരുടെ എണ്ണം വർദ്ധിച്ചതോടെ, അന്തർ സംസ്ഥാന സർവീസ് നടത്തുന്ന സ്വകാര്യ ബസുകൾ യാത്രാ നിരക്കുകൾ കുത്തനേ വർദ്ധിപ്പിച്ചത് യാത്രക്കാർക്ക് തിരിച്ചടിയാകുന്നു. സാധാരണയുള്ള നിരക്കിന്റെ ഇരട്ടിയിലധികമാണ് ഏറ്റവുമധികം യാത്രക്കാർ ബുക്കിങ്ങെടുക്കുന്ന 23, 24 തിയതികളിൽ നിശ്ചയിച്ചിരിക്കുന്നത്. താരതമ്യേന നിരക്ക് കുറവുള്ള കെ.എസ്.ആർ.ടി.സി സർവീസുകളിലും ബുക്കിംഗ് ഏറെക്കുറെ പൂർണമായി.
ബംഗളൂരു, ചെന്നൈ, കോയമ്പത്തൂർ നഗരങ്ങളിൽ നിന്നുള്ളവരാണ് കേരളത്തിലേക്കെത്താൻ സ്വകാര്യ ബസുകളെ പ്രധാനമായും ആശ്രയിക്കുന്നത്. സാധാരണ ദിനങ്ങളിൽ ബംഗളൂരുവിൽ നിന്ന് ആലപ്പുഴയിലെത്താൻ മൾട്ടി ആക്സിൽ സ്ലീപ്പർ എ.സി ബസിന് 2099 രൂപയാണ് നിരക്കെങ്കിൽ, 23ന് ടിക്കറ്റ് നിരക്ക് 3950 രൂപയായി ഉയർത്തിയിട്ടുണ്ട്. കെ.എസ്.ആർ.ടി.സി ബസുകളിൽ മാത്രമാണ് രണ്ടായിരം രൂപയിൽ താഴെ ടിക്കറ്റ് നിരക്ക് . നോൺ എ.സി ബസുകളിൽപ്പോലും അവധി ദിനങ്ങളിൽ രണ്ടായിരം മുതൽ 3500 രൂപ വരെയാണ് നിരക്ക്. ട്രെയിൻ ടിക്കറ്റ് ലഭിക്കാത്ത സാഹചര്യം വരുമ്പോൾ ക്രിസ്മസിന് തൊട്ട് മുമ്പുള്ള ദിവസങ്ങളിൽ നിരക്ക് വീണ്ടും കൂട്ടിയേക്കും.
അവധിക്കാല അന്തർസംസ്ഥാന സർവീസുകൾ മറ്റ് ജില്ലകളിൽ നിന്ന് ആലപ്പുഴയിലെത്തി പോകുന്നവയാണ്. ജില്ലയിൽ നിന്ന് നേരിട്ട് സർവീസില്ല. വിവിധ സംസ്ഥാനങ്ങളിൽ നിന്ന് ആലപ്പുഴയിലേക്ക് കെ.എസ്.ആർ.ടി.സി സർവീസുകളുണ്ട്
- അശോക് കുമാർ, എ.ടി.ഒ, ആലപ്പുഴ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |