മീനമാസത്തിൽ ജനിച്ചു. പേര് മീന രാജ്. വിളിച്ചുവിളിച്ച് മീനാരാജും മീനയുമായി മാറുകയും ചെയ്തു.ബേസിൽ ജോസഫ് നായകനായ ഫാലിമി സിനിമയിൽ കാശിയിൽ പോവാൻ ആഗ്രഹിക്കുന്ന, വീട്ടുകാരെ വട്ടം ചുറ്റിച്ച അപ്പൂപ്പനെ പ്രേക്ഷകർ അത്ര പെട്ടെന്നൊന്നും മറക്കില്ല. സിനിമ കണ്ടവർ ഫോൺ നമ്പർ തേടി പിടിച്ച് വിളിക്കുന്നു. ഇനിയും അഭിനയിക്കണമെന്ന് സ് നേഹത്തോടെ ഉപദേശിക്കുന്നു.സിനിമയിൽ മുഴുനീള കഥാപാത്രം ലഭിക്കാൻ അറുപത്തി ആറു വയസു വരെ കാത്തിരിക്കേണ്ടി വന്നുവെന്ന് മീന രാജ് പക്ഷം.അതു വരെ നാടകം തന്ന വിലാസത്തിലായിരുന്നു യാത്ര. ഫാലിമി സിനിമയിൽ ജനാർദ്ദന പിള്ള എന്ന കഥാപാത്രം സമ്മാനിക്കുന്ന പ്രേക്ഷക അംഗീകാരത്തിന്റെ ആഹ്ളാദത്തിലാണ് മീന രാജ്
പത്തിൽ തുടങ്ങി
അഭിനയം
കൊച്ചിയിലെ പള്ളുരുത്തിയിൽ ക്ളബിന്റെ വാർഷികത്തിന് അവതരിപ്പിക്കുന്ന നാടകത്തിൽ അഭിനയിക്കാൻ അമ്മയാണ് പേര്കൊടുത്തത്. ഞാൻ നാടക നടനാവണമെന്നത് അമ്മയുടെ ആഗ്രഹമായിരുന്നു. പത്തു വയസിൽ തുടങ്ങിയ അഭിനയം തുടരുകയാണ്. ആദ്യകാലത്ത് പ്രൊഫഷണൽ നാടകങ്ങൾ. ഒരേ നാടകത്തിൽ തന്നെ തുടർച്ചയായി അഭിനയിക്കുന്നത് ബുദ്ധിമുട്ടായി മാറിയതോടെ ഉപേക്ഷിച്ചു. ഇപ്പോൾ ജനകീയ നാടകങ്ങളിൽ മാത്രമാണ് അഭിനയിക്കുന്നത്.ഒരുവർഷം പോലും നാടകത്തിൽ നിന്ന് മാറി നിൽക്കേണ്ടി വന്നില്ല. നാടകമില്ലാത്ത അവസരത്തിൽ സെക്യൂരിറ്റി ജീവനക്കാരന്റെ ജോലി ചെയ്തു. പതിനഞ്ച് വർഷമായി ആ ജോലി ചെയ്യുന്നില്ല.സിനിമയിൽ അധികം അഭിനയിച്ചില്ല. അർച്ചന 31 നോട്ട് ഒൗട്ടിൽ പ്രായം ചെന്ന മദ്യപാനികളുടെ സംഘത്തിൽപ്പെട്ട ആളായി അഭിനയിച്ചു. വികൃതി സിനിമയിൽ അവസാന ഷോട്ടിൽ മെട്രോയിൽ കിടന്നുറങ്ങുന്ന മദ്യപാനിയുടെ വേഷം . നസിറുദ്ദീൻ ഷായുടെ വെയിറ്റിംഗ് എന്ന ബോളിവുഡ് ചിത്രത്തിലും അഭിനയിച്ചു.
ഗംഗയിൽ മുങ്ങി
കാശിയിൽ ഞാൻ പോവണമെന്ന അമ്മയുടെ ആഗ്രഹം ഫാലിമി സിനിമയിലൂടെ സാധിച്ചു. 98-ാം വയസിലാണ് അമ്മ മരിക്കുന്നത്. സമയം ഒത്തുവരുമ്പോൾ തനിക്കുവേണ്ടി ഗംഗാ നദിയിൽ മുങ്ങണമെന്ന് അമ്മ എന്നോട് പറയുമായിരുന്നു. ഇതൊരു നിയോഗമായി കണ്ട് പുലർച്ചെ ഗംഗയിൽ മുങ്ങി. എന്നാൽ ആ സീൻ സിനിമയിൽ വന്നില്ല. ജനാർദ്ദനപിള്ള എന്ന കഥാപാത്രത്തെ അവതരിപ്പിക്കാൻ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു.
ഇന്ദ്രൻസിനൊപ്പം കേക്കില്ലാത്ത രാജ്യത്ത് ആണ് പുതിയ ചിത്രം.സിനിമയിൽ ഇനിയും അഭിനയിക്കണമെന്നാണ് ആഗ്രഹം. ഭാര്യ മംഗളാദേവി. മകൻ അരുൺരാജ്. അദ്ധ്യാപകൻ. മകൾ അശ്വതി രാജ് എംഫിൽ ചെയ്യുന്നു. മരുമകൻ രതീഷ് കുമാർ ചലച്ചിത്ര രംഗത്ത് പ്രവർത്തിക്കുന്നു. തൃശ്ശിവപേരൂർ ക്ളിപ്തം എന്ന ചിത്രം സംവിധാനം ചെയ്തിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |