സാന്റാപാക്കേജ് മുതൽ പടക്കം
പൊട്ടുന്ന നക്ഷത്രം വരെ
ആലപ്പുഴ : പാപ്പാഞ്ഞി കുപ്പായം, പുൽക്കൂട്, നക്ഷത്രം, കേക്ക്...ക്രിസ്‌മസ് വിപണിയിൽ കച്ചവടം പൊടിപൊടിക്കുകയാണ്. സാധനങ്ങൾക്കെല്ലാം വില കൂടിയെങ്കിലും ആഘോഷത്തിന്റെ ആവേശം ഒട്ടും ചോരാതെ വിപണി ഉണർന്നുകഴിഞ്ഞു. ഇന്ത്യൻ, ചൈനീസ് എന്നിങ്ങനെ എല്ലാഉത്പന്നങ്ങളും രണ്ട് തരത്തിൽ ലഭ്യമാണ്. ഇന്ത്യൻ നിർമ്മിത ഉത്പന്നങ്ങൾക്ക് താരതമ്യേന വില കൂടുതലാണ്. കോളേജുകളും സ്കൂളുകളും
അടുത്ത ആഴ്ച അടയ്ക്കുന്നതോടെ ക്രിസ്മസ് ആഘോഷത്തിന് കൂടുതൽ തിളക്കമാകും.
ഇതോടെ കച്ചവടം വർദ്ധിക്കുമെന്നാണ് വ്യാപാരികളുടെ പ്രതീക്ഷ.
സാധാരണ പേപ്പർ സ്റ്റാറിനും ഇലക്ട്രിക് സ്റ്റാറിനും പുറമേ പേപ്പർ സ്ട്രോ ഉപയോഗിച്ചുള്ള ഹരിത നക്ഷത്രങ്ങളും വിപണിയിൽ സുലഭമാണ്. ചെറിയ വലിപ്പത്തിലുള്ള സ്ട്രോ നക്ഷത്രത്തിന് ഇരുപത് രൂപ മുതലാണ് വില.
ട്രെൻഡാണ് പാപ്പാഞ്ഞി
കുഞ്ഞുങ്ങൾക്ക് മുതൽ മുതിർന്നവർക്ക് വരെയുള്ള പാപ്പാഞ്ഞി കുപ്പായങ്ങൾ വിപണിയിലുണ്ട്. കുട്ടികളുടെ സാന്റാകുപ്പായ പാക്കേജിൽ വസ്ത്രത്തിനൊപ്പം ഒരു ബാഗുമുണ്ട്. ഇരുന്നൂറ് രൂപ മുതലാണ് വില. മുതിർന്നവർക്ക് ചൈനീസ് സെറ്റ് 250 രൂപയ്ക്കും വെൽവറ്റ് തുണിത്തരത്തിലെ ഇന്ത്യൻ സെറ്റ് 500 മുതൽ ലഭ്യമാണ്. സാന്റായുടെ തിളക്കമുള്ള വടിക്ക് എഴുപത് രൂപ മുതലാണ് നിരക്ക്.
സാന്റാക്ലോസ് കുപ്പായം : ₹ 200
ക്രിസ്മസ് ട്രീ (ചൂരൽ) : ₹ 800
ക്രിസ്മസ് ട്രീ (പ്ലാസ്റ്റിക്) : ₹ 300
ഇലക്ട്രിക്ക് പടക്കം : ₹1000
പേപ്പൽ നക്ഷത്രം : ₹ 200
ഇലക്ട്രിക്ക് നക്ഷത്രം : ₹ 180
ക്രിസ്മസ് അലങ്കാര ഉത്പന്നങ്ങൾക്ക് പൊതുവിൽ വില കൂടുതലാണ്. അടുത്ത ആഴ്ചയോടെ ആവശ്യക്കാരുടെ എണ്ണം വർദ്ധിക്കും
നവാസ്, വ്യാപാരി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |