കൊച്ചി: എറണാകുളം സർക്കാർ മെഡിക്കൽ കോളേജിലെ ചികിത്സാസൗകര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിന് 43 അദ്ധ്യാപക തസ്തികകൾ കൂടി പുതുതായി സൃഷ്ടിക്കുന്നതിന് മന്ത്രിസഭായോഗം അനുമതി നൽകി. സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്ക് പൂർത്തിയാവുന്ന സാഹചര്യത്തിലാണ് പുതിയ തസ്തികകൾ അനുവദിച്ചത്.
കളമശേരിയിലെ മെഡിക്കൽ കോളേജിൽ 24 വകുപ്പുകളിലായാണ് 43 അദ്ധ്യാപക തസ്തികകൾ. അസോസിയേറ്റ് പ്രൊഫസർ, അസിസ്റ്റന്റ് പ്രൊഫസർ, സീനിയർ റെസിഡന്റ് തസ്തികകളാണ് അനുവദിച്ചത്. ആശുപത്രിയിലെ സൂപ്പർ സ്‌പെഷ്യാലിറ്റി സേവനം ശക്തിപ്പെടുത്താൻ ഇത് വഴിയൊരുക്കുമെന്ന് വ്യവസായ വകുപ്പുമന്ത്രി പി. രാജീവ് പറഞ്ഞു.
സമീപകാലത്തുണ്ടായ ദുരന്തങ്ങളുടെ കൂടി പശ്ചാത്തലത്തിലാണ് മെഡിക്കൽ കോളേജിലെ ചികിത്സാസൗകര്യങ്ങൾ വിപുലപ്പെടുത്താൻ സർക്കാർ തീരുമാനിച്ചത്. കാർഡിയോ തൊറാസിക്, ന്യൂറോ സർജറി, നിയോനാറ്റോളജി, യൂറോളജി, പീഡിയാട്രിക് സർജറി എന്നീ വിഭാഗങ്ങൾ പുതുതായി ആരംഭിക്കാനും പുതിയ തസ്തിക സൃഷ്ടിക്കൽ വഴിയൊരുക്കും. 2013ൽ സർക്കാർ ഏറ്റെടുത്ത ശേഷം ഇത്രയും വിഭാഗങ്ങൾ ഒരുമിച്ച് പുതുതായി ആരംഭിക്കുന്നത് ആദ്യമാണ്. ഇത്രയും തസ്തികകൾ ഒരുമിച്ച് അനുവദിക്കുന്നതും അപൂർവമാണ്.
പുതിയ തസ്‌തികകൾ
അനസ്തീസിയോളജി 2
ബയോ കെമിസ്ട്രി 1
കമ്മ്യൂണിറ്റി മെഡിസിൻ 1
ഡെർമറ്റോളജി 3
എമർജൻസി മെഡിസിൻ 4
ഇ.എൻ.ടി 2
ജനറൽ സർജറി 3
മൈക്രോ ബയോളജി 1
ഒ ആൻഡ് ജി 3
ഒ.എം. എഫ്. എസ് 1
ഒഫ്താൽമോളജി 1
ഓർത്തോപീഡിക്‌സ് 1
പീഡിയാട്രിക്‌സ് 1
പതോളജി 2
ഫിസിയോളജി 1
പി.എം.ആർ 2
സൈക്യാട്രി 1
റേഡിയോ ഡയഗ്‌നോസിസ് 1
കാർഡിയോതൊറാസിക് 2
ന്യൂറോ സർജറി 3
നിയോ നാറ്റോളജി 1
പീഡിയാട്രിക് സർജറി 2
യൂറാളജി 2
ട്രാൻസ്‌ഫ്യൂഷൻ മെഡിസിൻ 2
ഉപകരണങ്ങക്ക് 80 കോടി
മെഡിക്കൽ ഉപകരണങ്ങൾ വാങ്ങുന്നതിന് കിഫ്ബി 80 കോടി രൂപ നേരത്തെ അനുവദിച്ചിരുന്നു. 223 ഉപകരണങ്ങളുടെ പട്ടിക മെഡിക്കൽ സർവീസസ് കോർപ്പറേഷൻ തയ്യാറാക്കി മെഡിക്കൽ വിദ്യാഭ്യാസ വകുപ്പും സാങ്കേതിക സമിതിയും പരിശോധിച്ച് അന്തിമമാക്കി.
സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്ക്
ചെലവ് 368.74 കോടി രൂപ
നിലകൾ 8
വിസ്തൃതി 8.27 ലക്ഷം ചതുരശ്ര അടി
''പുതിയ തസ്തികകൾ കൂടി അനുവദിക്കപ്പെട്ടതോടെ മദ്ധ്യകേരളത്തിലെ ആധുനിക ചികിത്സാ കേന്ദ്രമായി എറണാകുളം മെഡിക്കൽ കോളേജ് മാറും.""
മന്ത്രി പി.രാജീവ്
വലിയ നേട്ടം
''നിരന്തരം ആവശ്യപ്പെടുന്ന കാര്യമാണ് സഫലമായത്. മെഡിക്കൽ കോളേജിന് കുതിപ്പ് നൽകും. ക്യാൻസർ സെന്റർ കൂടി പൂർത്തിയാകുന്നതോടെ സാധാരണക്കാരായ രോഗികൾക്ക് സൗജന്യ വിദഗ്ദ്ധ ചികിത്സ ലഭിക്കുന്ന ഹബായി കളമശേരി മാറും.
മുഖ്യമന്ത്രി പിണറായി വിജയൻ, ആരോഗ്യമന്ത്രി വീണ ജോർജ്, വ്യവസായമന്ത്രി പി. രാജീവ് എന്നിവർക്ക് പ്രത്യേക അഭിനന്ദനങ്ങൾ.""
ഡോ.കെ.എൻ. സനിൽകുമാർ
ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ മൂവ്‌മെന്റ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |