ആലപ്പുഴ: കൊവിഡിന് ശേഷം പല ആശുപത്രികളും തങ്ങൾക്ക് മുന്നിൽ വാതിൽ കൊട്ടിയടയ്ക്കുന്നതായി മെഡിക്കൽ റെപ്പുമാരുടെ പരാതി. ഔദ്യോഗിക ജോലിയുടെ ഭാഗമായി മുമ്പ് സ്ഥിരമായി വിവിധ വിഭാഗങ്ങളിലായി എത്തിക്കൊണ്ടിരുന്നവർക്കാണ് ചില ആശുപത്രികൾ അപ്രഖ്യാപിത വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. ഏതാനും ആശുപത്രികൾ ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസം മാത്രമായി മെഡിക്കൽ റെപ്പുമാരുടെ സന്ദർശനം ചുരുക്കിയെന്നും ആക്ഷേപമുണ്ട്. ഇതോടെ മെഡിക്കൽ കമ്പനികൾ നിർദ്ദേശിക്കുന്ന ടാർഗറ്റുകൾ പൂർത്തിയാക്കാൻ വലിയ പ്രതിസന്ധിയാണ് തങ്ങൾ നേരിടുന്നതെന്ന് റെപ്പുമാർ പരാതിപ്പെടുന്നു.
ഇതിനൊപ്പം കേന്ദ്ര സർക്കാർ പുതിയ തൊഴിൽ നിയമഭേദഗതി കൊണ്ടുവന്നതും വെല്ലുവിളിയാണ്. സെയിൽസ് പ്രൊമോഷൻ എംപ്ലോയീസ് ആക്ട് അടക്കമുള്ള തൊഴിൽ നിയമങ്ങളാണ് ഇല്ലാതാകുന്നത്. ഇതോടെ തങ്ങൾക്ക് ലഭിച്ചുകൊണ്ടിരുന്ന നിയമപരിരക്ഷ നഷ്ടപ്പെടുമെന്ന് ഇവർ ഭയപ്പെടുന്നു. ന്നു.
തൊഴിലവകാശം ഉറപ്പാക്കണം
1.ജീവനക്കാരുടെ പരിരക്ഷ ഉറപ്പാക്കുന്ന സെയിൽസ് പ്രൊമോഷൻ എംപ്ലോയീസ് ആക്ട് നിയമം നടപ്പിലാക്കുക
2.സ്റ്റാട്ട്യൂട്ടറി വർക്കിംഗ് റൂൾസ് ഏർപ്പെടുത്തി ഔഷധ കമ്പനി മുതലാളിമാരുടെ ഇടപെടൽ നിയന്ത്രിക്കുക
3.സർക്കാരാശുപത്രികളിലടക്കം തൊഴിലെടുക്കാനുള്ള അവകാശം ഉറപ്പാക്കുക
4.ഔഷധങ്ങൾക്കും ചിക്കിത്സാ ഉപകരണങ്ങൾക്കും ഉത്പാദന ചെലവിന്റെ അടിസ്ഥാനത്തിൽ വില നിർണയിക്കുക
പണിമുടക്ക് നടത്തി
കോർപറേറ്റ് അനുകൂല തൊഴിൽ നിയമ ഭേദഗതികൾക്കും മാനേജ്മെന്റുകളുടെ നിയമ വിരുദ്ധ പ്രവർത്തനങ്ങൾക്കും എതിരായി ഫെഡറേഷൻ ഓഫ് മെഡിക്കൽ ആൻഡ് സെയിൽസ് റെപ്രസന്റേറ്റീവ്‌സ് അസോസിയേഷൻസ് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ പണിമുടക്ക് നടത്തി. ജില്ലാ കോടതി പാലത്തിന് സമീപം നടന്ന സമരം സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി സി.ബി.ചന്ദ്രബാബു ഉദ്ഘാടനം ചെയ്തു. കെ.എം.എസ്.ആർ.എ ജില്ലാ പ്രസിഡന്റ് വിജയ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സിജു.പി.ചാക്കോ സ്വാഗതംപറഞ്ഞു. സംസ്ഥാന സെക്രട്ടറിമാരായ അനുരൂപ് രാജ, സുനിത.പി.എൽ, ജി.ഉണ്ണികൃഷ്ണൻ, ടി.ബി.ഫിറോസ്, ബി.രാജുമോൻ എന്നിവർ സംസാരിച്ചു. സമാപന യോഗം സി.ഐ. ടി.യു ജില്ലാ ജനറൽ സെക്രട്ടറി സെക്രട്ടറി പി.ഗാനകുമാർ ഉദ്ഘാടനം ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |