കൊല്ലം: 29 അദ്ധ്യാപക തസ്തികകൾ സൃഷ്ടിക്കാനുള്ള മന്ത്രിസഭയുടെ തീരുമാനം പാരിപ്പള്ളി മെഡിക്കൽ കോളേജിന് നേരിയ ആശ്വാസമാകും. ഇതിൽ കാർഡിയോളജിസ്റ്റിന്റെ തസ്കികയും ഉണ്ടാകുമെന്ന് മന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞു.
എന്നാൽ മറ്റ് രോഗികൾക്കും പ്രയോജനപ്പെടുന്ന തരത്തിൽ ന്യൂറോളജി, യൂറോളജി അടക്കമുള്ള സ്പെഷ്യലിസ്റ്റുകളുടെ കൂടി തസ്കിക സൃഷ്ടിച്ചുകൊണ്ടുള്ള ഉത്തവിറങ്ങുമെന്നാണ് പ്രതീക്ഷ.
ആവശ്യത്തിന് ഡോക്ടർമാരില്ലാത്തതിനാൽ താലൂക്ക് ആശുപത്രികളേക്കാൾ ഗതികേടിലാണ് നിലവിൽ പാരിപ്പള്ളി മെഡിക്കൽ കോളേജ്. അപകടങ്ങൾ അടക്കമുള്ള അത്യാഹിതം സംഭവിച്ചെത്തുന്നവർക്ക് പ്രാഥമിക ചികിത്സ മാത്രം ലഭ്യമാക്കി റഫർ ചെയ്തുവരികയാണ്. കാർഡിയോളജിസ്റ്റുകളുടെ കുറവ് കാരണം ഇടയ്ക്ക് ആൻജിയോപ്ലാസ്റ്റിയും ആൻജിയോഗ്രാമും മുടങ്ങുന്ന അവസ്ഥയുമുണ്ടായി. ആവശ്യത്തിന് റേഡിയോളജിസ്റ്റ് ഇല്ലാത്തതിനാൽ രാത്രികാലങ്ങളിൽ പുറത്തുപോയി സ്കാനിംഗ് നടത്തേണ്ട അവസ്ഥയാണ്. തസ്തികകൾ ഇല്ലാത്തതിനാൽ മറ്റ് പല പ്രധാനപ്പെട്ട ചികിത്സാ വിഭാഗങ്ങളും പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ആരംഭിച്ചിട്ടില്ല.
ആവശ്യപ്പെട്ടിരുന്നത് 260 തസ്തികകൾ
അദ്ധ്യാപകർ, സീനിയർ നഴ്സിംഗ് ഓഫീസർ, നഴ്സിംഗ് ഓഫീസർ, അനദ്ധ്യാപകർ തുടങ്ങിയവരുടേതടക്കം 260 തസ്തികകളാണ് മെഡിക്കൽ കോളേജ് അദ്ധ്യാപകർ ആവശ്യപ്പെട്ടിരുന്നത്. എന്നാൽ ആവശ്യമായ ഡോക്ടർമാരുടെ പകുതി പോലും ഇപ്പോൾ അനുവദിച്ചിട്ടില്ല.
പരിചരിക്കാൻ നഴ്സുമാരുമില്ല
നഴ്സിംഗ് ജീവനക്കാരുടെ കുറവും മെഡിക്കൽ കോളേജിൽ രൂക്ഷമാണ്. 470 കിടക്കകളാണ് പാരിപ്പള്ളി മെഡിക്കൽ കോളേജിലുള്ളത്. ഇത്രധികം രോഗികളെ പരിചരിക്കാൻ ചട്ടപ്രകാരം 106 സീനിയർ നഴ്സിംഗ് ഓഫീസർമാരും 430 നഴ്സിംഗ് ഓഫീസർമാരും വേണം. എന്നാൽ 12 സീനിയർ നഴ്സിംഗ് ഓഫീസർമാരും 116 നഴ്സിംഗ് ഓഫീസർമാരും മൂപ്പതോളം താത്കാലികക്കാരും മാത്രമാണുള്ളത്.
പാരിപ്പള്ളി മെഡിക്കൽ കോളേജിലെ കാർഡിയോളജി വിഭാഗം കൂടുതൽ ശക്തമാക്കാൻ അടക്കമുള്ള തസ്തികകളാണ് പുതുതായി അനുവദിച്ചിട്ടുള്ളത്. ഇവിടെ സൂപ്പർ സ്പെഷ്യാലിറ്റി സേവനം ലഭ്യമാക്കാൻ കഴിയും.
കെ.എൻ.ബാലഗോപാൽ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |