സ്ഥലമേറ്റെടുപ്പ് പൂർത്തിയായി
കൊല്ലം: മയ്യനാട് ആർ.ഒ.ബിയുടെ ജി.എ.ഡിക്ക് (ജനറൽ അറെയ്ഞ്ച്മെന്റ് ഡ്രായിംഗ്) ഒരു മാസത്തിനുള്ളിൽ റെയിൽവേയുടെ അംഗീകാരം ലഭിക്കും. തിരുവനന്തപുരം ഡിവിഷൻ ഓഫീസിൽ നിന്ന് ജി.എ.ഡി അന്തിമ പരിശോധനയ്ക്കായി കഴിഞ്ഞ ദിവസം ദക്ഷിണ റെയിൽവേയുടെ ചെന്നൈ ആസ്ഥാനത്തിന് കൈമാറി.
ഭേദഗതികൾ ആവശ്യമില്ലെങ്കിൽ ജി.എ.ഡികൾക്ക് സാധാരണഗതിയിൽ ഒരുമാസത്തിനുള്ളിൽ അംഗീകാരം നൽകാറുണ്ട്. റെയിൽവേ നേരത്തെ നിർദ്ദേശിച്ച ഭേദഗതികളെല്ലാം വരുത്തിയിട്ടുള്ളതിനാൽ മയ്യനാട് ആർ.ഒ.ബിയുടെ കാര്യത്തിൽ പുതിയ നിർദ്ദേശങ്ങളൊന്നും ഉണ്ടാകില്ലെന്നാണ് പ്രതീക്ഷ. ജി.എ.ഡിക്ക് അംഗീകാരം ലഭിച്ചാലുടൻ എസ്റ്റിമേറ്റ് പരിഷ്കരണത്തിലേക്ക് കടക്കും. നിലവിലുള്ള 18 കോടിയുടെ എസ്റ്റിമേറ്റ് നാല് വർഷം മുമ്പ് തയ്യാറാക്കിയതാണ്. ഈ എസ്റ്റിമേറ്റ് പ്രകാരം നിർമ്മാണം ടെണ്ടർ ചെയ്യാകാനാകില്ല. എസ്റ്റിമേറ്റ് പരിഷ്കരിച്ച് പുതിയ സാങ്കേതിക അനുമതി വാങ്ങണം. നിർമ്മാണത്തിന് ആവശ്യമായ കൂടുതൽ പണവും കിഫ്ബിയിൽ നിന്നും ലഭിക്കണം.
നീണ്ടുപോയ അനുമതി
2018ലാണ് മയ്യനാട് ആർ.ഒ.ബിയുടെ സ്ഥലമേറ്റെടുക്കൽ നടപടികൾ ആരംഭിച്ചത്. അപ്പോൾ തന്നെ ആ.ഒ.ബിയുടെ റെയിൽവേ ലൈനിന് മുകളിൽ വരുന്ന ഭാഗത്തിന്റെ വിശദ രൂപരേഖയായ ജി.എ.ഡി റെയിൽവേ ഡിവിഷൻ ഓഫീസിന് കൈമാറി. ഡിവിഷൻ ഓഫീസ് നിർദ്ദേശിച്ച ഭേദഗതികൾ സഹിതമുള്ള ജി.എ.ഡി 2021 ആഗസ്റ്റിൽ ചെന്നൈയിലെ സതേൺ റെയിൽവേ ആസ്ഥാത്ത് എത്തി. 2023 മാർച്ചിൽ റെയിൽവേ ആവശ്യപ്പെട്ട പ്രൊജക്ട് ഇവാലുവേഷൻ ചാർജ്ജായ 10.24 ലക്ഷം രൂപയും ആർ.ബി.ഡി.സി.കെ കൈമാറി. കഴിഞ്ഞ മേയിൽ ദക്ഷിണ റെയിൽവേ ആസ്ഥാനത്ത് നിന്ന് നിർദ്ദേശിച്ച ഭേദഗതികൾ സഹിതം ജി.എ.ഡി വീണ്ടും സമർപ്പിച്ചിട്ടും അനുമതി നീട്ടുകയായിരുന്നു. മയ്യനാട് ആർ.ഒ.ബിയുടെ ജി.എ.ഡി അംഗീകാരത്തിനായി സമർപ്പിച്ച ശേഷമാണ് കൂട്ടിക്കട, കല്ലുന്താഴം ആർ.ഒ.ബികളുടേത് നൽകിയത്. കൂട്ടിക്കട ആർ.ഒ.ബിയുടെ ജി.എ.ഡിക്ക് ഒന്നര വർഷം മുമ്പും കല്ലുംന്താഴത്തിന്റേതിന് അടുത്തിടെയും അനുമതി നൽകിയിരുന്നു.
കൂട്ടിക്കടയിൽ ഹിയറിംഗ്
കൂട്ടിക്കട ആർ.ഒ.ബി നിർമ്മാണത്തിന്റെ സാമൂഹ്യാഘാത പഠനത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം സ്ഥലവും കെട്ടിടങ്ങളും നഷ്ടമാകുന്നവരുടെ ഹിയറിംഗ് നടന്നു. ഇവരുടെ അഭിപ്രായങ്ങൾ കൂടി ഉൾപ്പെടുത്തിയുള്ള സാമൂഹ്യാഘാത പഠന റിപ്പോർട്ട് വൈകാതെ കളക്ടർക്ക് നൽകും. കളക്ടർ വിശദ പരിശോധനയ്ക്കായി വിദഗ്ദ്ധ സമിതിക്ക് കൈമാറും. റിപ്പോർട്ട് പരിശോധിച്ച ശേഷം ഏറ്റെടുക്കുന്ന ഭൂമിയുടെയും നഷ്ടമാകുന്ന കെട്ടിടങ്ങളുടെയും വില നിശ്ചയിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |