പത്തനംതിട്ട : കോന്നി, റാന്നി വനംഡിവിഷനുകളിൽ വിജിലൻസ് നടത്തിയ പരിശോധനയിൽ വൻ ക്രമക്കേട് കണ്ടെത്തി. സംസ്ഥാന വ്യാപകമായി 'ഓപ്പറേഷൻ ജംഗിൾ സഫാരി' എന്ന പേരിൽ വനംവകുപ്പിന്റെ ഇക്കോ ടൂറിസം കേന്ദ്രങ്ങളിലെ മിന്നൽ പരിശോധനയിലാണ് ജില്ലയിലെ രണ്ട് ഡിവിഷനുകളിലെയും ക്രമക്കേടുകൾ വ്യക്തമായത്. വനസംരക്ഷണസമിതിക്ക് അനുവദിക്കപ്പെട്ട കേന്ദ്ര, സംസ്ഥാന സർക്കാർ ഫണ്ടുകൾ വനംവകുപ്പിന്റെ ദൈനംദിന പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചത് ഗുരുതര ക്രമക്കേടാണെന്ന് വിജിൻസ് റിപ്പോർട്ട് ചൂണ്ടിക്കാട്ടി. ബിനാമി ഇടപാടുകളിലൂടെ പണം പലരുടെയും പോക്കറ്റുകളിലെത്തി.
വനത്തിനോട് ചേർന്ന് താമസിക്കുന്ന ജനവിഭാഗങ്ങളെ ചേർന്ന് രൂപീകരിച്ചിട്ടുള്ള വന സംരക്ഷണസമിതിയുടെ വിവിധ പദ്ധതികൾക്ക് അനുവദിച്ച പണമാണ് വകമാറ്റിയതും തട്ടിയെടുത്തതും. മരങ്ങൾ നശിച്ച ഭാഗങ്ങളിൽ പുതിയ തൈകൾ നടുക, വനവിഭങ്ങൾ ശേഖരിച്ച് വിപണനകേന്ദ്രങ്ങളിൽ എത്തിക്കുക, സമിതി അംഗങ്ങൾക്ക് വിവിധതരം വായ്പകൾ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾക്ക് വിനിയോഗിക്കേണ്ട തുകയിലാണ് ക്രമക്കേട് നടന്നത്.
കോന്നി വനം വികസന ഏജൻസി ചെയർമാൻ സ്റ്റോർ പർച്ചേസ് മാന്വൽ പാലിക്കാതെയും സ്റ്റോക്ക് രജിസ്റ്ററിൽ രേഖപ്പെടുത്താതെയും ഏജൻസിയുടെ ഫണ്ട് ഉപയോഗിച്ച് 77,000 രൂപയുടെ ടാബ് വാങ്ങി. കോന്നി വനം വികസന ഏജൻസിയുടെ കീഴിലെ ഒട്ടുമിക്ക നിർമ്മാണ പ്രവർത്തികളും വനംവകുപ്പ് ജീവനക്കാരന്റെ ഭാര്യയുടെ നേതൃത്വത്തിലുള്ള സൊസൈറ്റിക്ക് നൽകിവരുന്നതായും കണ്ടെത്തി. റാന്നിയിൽ വനം വികസന ഏജൻസിയുടെ ഫണ്ട് ഉപയോഗിച്ച് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുടെ സാമ്പത്തിക വിനിയോഗ അധികാരപരിധിക്ക് പുറത്ത് 9 ലക്ഷത്തിലധികം രൂപ ചെലവഴിച്ച് പുതിയ ബൊലേറോ വാഹനം വാങ്ങിയതായും വിജിലൻസ് കണ്ടെത്തി. മൂന്ന് ലക്ഷം രൂപയ്ക്ക് മുകളിൽ ഡി.എഫ്.ഒയ്ക്ക് പണം ചെലവഴിക്കാൻ അധികാരമില്ല.
ക്രമക്കേടുകൾ
1. റാന്നി, കോന്നി വന വികസന ഏജൻസികളുടെ (എഫ്.ഡി.എ) ഫണ്ട് വിനിയോഗത്തിലും കരാറുകൾ നൽകിയതിലും ക്രമക്കേട് നടന്നു.
2.കോന്നി, റാന്നി വനം ഡിവിഷനുകളിൽ വെബ് സൈറ്റ് ഡെവലപ് ചെയ്യാൻ മാറിയത് ഒരു ലക്ഷത്തിലധികം രൂപ. ഇതിനുള്ള കരാർ നൽകിയത് സ്വകാര്യ എൻജിനിയറിംഗ് കോളേജിലെ സ്റ്റാർട്ട് അപ്പിന്. വെബ് സൈറ്റ് നിലവിൽ വന്നില്ല.
3.റാന്നി ഡി.എഫ്.ഒയുടെ ക്യാമ്പ് ഓഫീസിലേക്ക് വാഷിംഗ് മെഷീൻ വാങ്ങാൻ വനം വികസന ഏജൻസിയുടെ ഫണ്ട് ഉപയോഗിച്ചു.
4.നവകേരള സദസിനും മന്ത്രി പങ്കെടുക്കുന്ന ചടങ്ങിനും ഉദ്യോഗസ്ഥരുടെ വാഹനങ്ങൾക്ക് ഡീസലടിക്കുന്നതിനും ഏജൻസിയുടെ പണം ചെലവഴിച്ചു.
5. വനംവകുപ്പിലെ വിവിധ കരാറുകൾ നേടിയത് ഓഫീസ് ജീവനക്കാരുടെ ബിനാമികൾ. ഉദ്യോഗസ്ഥരുടെ അക്കൗണ്ടിൽ നിന്ന് പണം കൈമാറിയതിനും സ്വീകരിച്ചതിനും തെളിവുകൾ ലഭിച്ചു.
6. ഓൺലൈൻ ടെൻഡറിൽ പങ്കെടുക്കുന്നതിന് ഓഫീസ് ജീവനക്കാരൻ തന്റെ തന്നെ ഫോൺ നമ്പറും ഇമെയിൽ ഐഡി യും നൽകി ബിനാമിയുടെ പേരിൽ കരാർ നേടിയെടുത്തു.
'' പരിശോധനയിലെ റിപ്പോർട്ട് സർക്കാരിന് കൈമാറിയിട്ടുണ്ട്.
തുടർ നടപടി സ്വീകരിക്കേണ്ടത് സർക്കാരാണ്.
വിജിലൻസ് വിഭാഗം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |