കൊല്ലം: മത്സരിക്കാൻ ആളുതികയാത്തതിനാൽ മത്സരം മാറ്റിവയ്ക്കാൻ തീരുമാനിച്ച സംഘാടകരുടെ മനസുമാറ്റാൻ പകരക്കാരനായി
കലോത്സവ വേദിയിൽ കയറി അഞ്ച് സമ്മാനങ്ങളുമായി മടങ്ങിയ കഥയാണ് ഓസ്കാർ ജേതാവ് റസൂൽ പൂക്കുട്ടിക്ക് പങ്കുവയ്ക്കാനുള്ളത്. അഞ്ചൽ അയിലറ യു.പി സ്കൂളിൽ ആറാം ക്ളാസിൽ പഠിക്കുമ്പോഴാണ് സംഭവം.
ഏരൂർ സ്കൂളിൽ നടന്ന ഉപജില്ല കലോത്സവം കാണാനാണ് ടീച്ചറുടെ നേതൃത്വത്തിൽ കൊണ്ടുപോയത്. കൂട്ടുകാരൻ ദിനേശ് മത്സരിക്കാനുണ്ട്. എന്നാൽ മത്സരാർത്ഥികളുടെ എണ്ണം കുറവായതിനാൽ മത്സരം നടത്താനാകില്ലെന്ന് സംഘാടകർ പറഞ്ഞതോടെ റസൂലിന്റെ പേര് ടീച്ചർ നൽകുകയായിരുന്നു. മാപ്പിളപ്പാട്ട്, മിമിക്രി, മോണോ ആക്ട്, ലളിതഗാനം, പദ്യപാരായണം എന്നിവയിലാണ് മുൻധാരണയില്ലാതെ പങ്കെടുക്കേണ്ടിവന്നത്. മത്സര ഫലം വന്നപ്പോൾ മൂന്ന് ഫസ്റ്റും രണ്ട് സെക്കൻഡും! അതായിരുന്നു തന്റെ കലാജീവിതത്തിന്റെ തുടക്കമെന്ന് രാജ്യം പത്മശ്രീ നൽകി ആദരിച്ച ശബ്ദമാന്ത്രികൻ പറയുന്നു.
സമ്മാനം കിട്ടിയതിനേക്കാൾ ആഹ്ളാദം പകർന്നത് പിറ്റേന്നത്തെ സ്കൂൾ അസംബ്ളി ആയിരുന്നു. അസംബ്ളിയിൽ അദ്ധ്യാപകർ അഭിനന്ദിച്ചതിനൊപ്പം അഞ്ച് പാത്രങ്ങൾ സമ്മാനമായി നൽകുകയും ചെയ്തു. ഇവ വീട്ടിലെത്തിച്ചപ്പോൾ ഉമ്മച്ചി നബീസാ ബീവിക്ക് ചന്ദ്രപ്പിറവികണ്ട സന്തോഷം. ആ കലോത്സവത്തോടെ റസൂലും ദിനേശും ശ്രീലങ്കയിൽ നിന്നു പുനരധിവാസ ക്യാമ്പിലെത്തിയ യേശുമതിയും ചേർന്ന് അഞ്ചംഗ ഗാനമേള ട്രൂപ്പ് തട്ടിക്കൂട്ടി, നാട്ടിൻപുറങ്ങളിൽ പരിപാടികളുമായി നിറഞ്ഞു നിന്നു. ട്രൂപ്പിൽ ഗഞ്ചിറ കൊട്ടുന്നയാളായിരുന്നു പൂക്കുട്ടി. പിന്നീടുള്ള എല്ലാ വർഷവും ഉപജില്ല, ജില്ല സ്കൂൾ കലോത്സവങ്ങളിൽ റസൂൽ പൂക്കുട്ടി സമ്മാനങ്ങൾ വാരിക്കൂട്ടി. പക്ഷേ, സംസ്ഥാന തലത്തിൽ കൊണ്ടുപോകാൻ സ്കൂൾ അധികൃതർ തയ്യാറായില്ല എന്നത് ദുഖമായി ഇന്നും മനസിൽ തങ്ങി നിൽക്കുന്നു.
വിശപ്പകറ്റിയ ഗോതമ്പ് പുട്ട്
അയിലറ എൽ.പി, യു.പി സ്കൂൾ, അഞ്ചൽ വെസ്റ്റ് ഹൈസ്കൂൾ എന്നിവിടങ്ങളിലാണ് റസൂൽ പൂക്കുട്ടി സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. കിലോ മീറ്ററുകൾ നടന്നാണ് സ്കൂളിലെത്തുക. എട്ട് മക്കളുള്ള വീട്ടിലെ ഇളയ ആളാണ് റസൂൽ. സ്കൂളിൽ നിന്നു ലഭിക്കുന്ന ഗോതമ്പ് പുട്ടായിരുന്നു വിശപ്പകറ്റിയിരുന്നത്. കൂടെക്കഴിക്കാൻ പഞ്ചസാരയും കാന്താരി മുളകും പൊതിഞ്ഞു കൊണ്ടുപോകുമായിരുന്നു. ഭിത്തിമറകളുടെ വേർതിരിവില്ലാത്ത ക്ളാസ് മുറികളിലായിരുന്നു കലാ പ്രകടനങ്ങൾ. വെള്ളിയാഴ്ചകളിൽ എക്സ്ട്രാ പിരിയഡുകളെല്ലാം കലാപരിപാടികൾക്കു നീക്കിവച്ചു. തന്റെ സഭാകമ്പം മാറിയത് അവിടെയാണെന്ന് റസൂൽ ഓർക്കുന്നു. ഈ മാസം അഞ്ചൽ വിളക്കുപാറയിലെ വീട്ടിലെത്തിയപ്പോഴാണ് കലോത്സവം കൊല്ലത്താണെന്ന് അറിഞ്ഞത്. ഒരു തവണയെങ്കിലും വേദികളിലെത്താൻ കൊതിക്കുകയാണ് റസൂലിന്റെ മനസ്.
മറ്റൊരു സംസ്ഥാനത്തും സ്കൂൾ കലോത്സവത്തിന് ഇത്ര പ്രാധാന്യം ഞാൻ കണ്ടിട്ടില്ല. എന്തായാലും ഇക്കുറി ഒരു ദിവസമെങ്കിലും ആ വേദിക്ക് മുന്നിൽ പഴയ സ്കൂൾ കുട്ടിയെപ്പോലെ എത്തണമെന്നാണ് ആഗ്രഹം
റസൂൽ പൂക്കുട്ടി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |