പാലോട്: മലയോര ഹൈവേയുടെ നിർമ്മാണ പ്രവർത്തനങ്ങളിൽ ഇനി പൂർത്തിയാകാനുള്ളത് 5 കിലോമീറ്റർ മാത്രം.എന്നാൽ ഒന്നരവർഷമായി പദ്ധതി നിലച്ച മട്ടാണെന്നാണ് നാട്ടുകാരുടെ പരാതി. 2022 ഡിസംബറിൽ പൂർത്തിയാകുമെന്നായിരുന്നു പ്രഖ്യാപിച്ചിരുന്നത്.പെരിങ്ങമ്മല ഗാർഡർ സ്റ്റേഷൻ മുതൽ വിതുര കൊപ്പം വരെയാണ് നാലാം റീച്ചിൽ ഉൾപ്പെട്ടിട്ടുള്ളത്. പന്ത്രണ്ട് മീറ്റർ വീതിയിലാണ് റോഡ് നിർമിക്കേണ്ടിയിരുന്നത്. ഒൻപത് മീറ്റർ റോഡും ഇരുവശത്തും ഒന്നര മീറ്റർ വീതിയിൽ ഓടയും വരുന്ന രീതിയിലാണ് റോഡ് നിർമ്മാണം. ഗാർഡർ സ്റ്റേഷൻ മുതൽ തുടങ്ങിയ റോഡ് നിർമാണം ചിറ്റൂർ എത്തിയതോടെ വീതികുറഞ്ഞതായി പരാതിയുണ്ടായി. പഴയ ഓട അതേപടി നിലനിറുത്തി റോഡിന്റെയുള്ളിൽ പുതിയത് പണിതെന്നും ഇതോടെ റോഡ് പാതിയായി ചുരുങ്ങിയതായും നാട്ടുകാർ പരാതിപ്പെടുന്നു.
നേരത്തെ പൊതുമരാമത്ത് വകുപ്പിലെയും റവന്യൂ വകുപ്പിലെയും ഉദ്യോഗസ്ഥരെത്തി ഇരുവശങ്ങളിലെയും പുറമ്പോക്ക് ഉൾപ്പെടെയുള്ള ഭൂമി അളന്നുതിരിച്ചു കല്ലിട്ടിരുന്നു. പിന്നീട് കിഫ്ബി ഉദ്യോഗസ്ഥരെത്തി വീണ്ടും അളന്നു. ഇക്ബാൽ കോളേജ് മുതൽ കൊച്ചുകരിക്കകം പാലം വരെ ഇരുവശത്തും സ്ഥലം ഒരുപോലെ ഏറ്റെടുത്തിരുന്നു. ഇരുവശത്തേയും മതിലും കെട്ടിടങ്ങളും ഇടിച്ചുനിരത്തിയാണ് റോഡ് നിർമിച്ചത്. എന്നാൽ, കൊച്ചുകരിക്കകം പാലം മുതൽ അരയകുന്ന് വരെയുള്ള റോഡുപണിയിൽ വ്യാപകമായ ക്രമക്കേട് കടന്നുകൂടി. സ്ഥലമേറ്റെടുപ്പ് ഒരുവശം മാത്രമായി. ഇത് നാട്ടുകാർക്കിടയിൽ വലിയ എതിർപ്പിനു കാരണമായി.
തെന്നൂർ ജംഗ്ഷനിൽ ഒരുവശത്ത് മാത്രമുള്ള കെട്ടിടങ്ങൾ ഇടിച്ചു നിരത്തിയെന്ന നാട്ടുകാരുടെ പരാതിയെ തുടർന്ന് കളക്ടർ ഇടപെട്ട് പ്രശ്നം പരിഹരിച്ചെങ്കിലും നിർമ്മാണ പ്രവർത്തനങ്ങൾ നിശ്ചലമാണ്.
പദ്ധതി ആരംഭിച്ചത് 2017ൽ
ഹൈവേ കടന്നു പോകുന്നത്
- ആലപ്പുഴയൊഴിച്ച് മറ്റെല്ലാ ജില്ലകളെയും ബന്ധിപ്പിച്ച്
തമിഴ്നാട് അതിർത്തിയായ കന്നുവാമൂട്ടിൽ തുടങ്ങി കാസർകോട് ജില്ലയിലെ നന്ദാര പടവിൽ അവസാനിക്കും.തിരുവനന്തപുരം ജില്ലയിൽ പാറശാല,വെള്ളറട,അമ്പൂരി,കള്ളിക്കാട്,ആര്യനാട്,വിതുര,പെരിങ്ങമ്മല,പാലോട്,മടത്തറ എന്നിവിടങ്ങളിൽ കൂടിയാണ് മലയോര ഹൈവേ കടന്നുപോകുന്നത്.
എങ്ങുമെത്തിയില്ല
സുരക്ഷിതമായ ഓടകൾ, ദിശാബോർഡുകൾ, സുരക്ഷാവേലികൾ എന്നിവ റോഡിന് ഇരുവശവും സ്ഥാപിച്ച് അപകടരഹിതമാക്കും എന്ന പ്രഖ്യാപനവും എങ്ങുമെത്തിയില്ല.
കുഴികളിൽ വീണാൽ നടുവൊടിയും
മലയോര ഹൈവേയുടെ നാലാം റീച്ചിൽപ്പെട്ട കൊച്ചുകരിക്കകം ജംഗ്ഷൻ മുതൽ കൊച്ചുകരിക്കകം പാലം വരെയുള്ള പ്രദേശത്ത് തർക്കങ്ങൾ മൂലം പണി നിറുത്തിവച്ചിരിക്കുകയാണ്. നാലോളം വിദ്യാഭ്യാസ സ്ഥാപനങ്ങൾ,വില്ലേജോഫീസ്, സഹകരണ ബാങ്ക്,ഹോമിയോ ഡിസ്‌പെൻസറി,പ്രാഥമിക ആരോഗ്യകേന്ദ്രം, യു.പി സ്‌കൂൾ, ബാങ്ക് ഒഫ് ഇന്ത്യ തുടങ്ങി സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ഇവിടേക്ക് ആയിരക്കണക്കിന് വിദ്യാർത്ഥികളും മറ്റുമാണ് എത്തുന്നത്. ഇരുന്നൂറ് മീറ്ററോളം വരുന്ന ഇവിടെ റോഡ് നിർമ്മാണം നിറുത്തിവച്ചിട്ട് ഒൻപത് മാസത്തോളമായി. കാൽനടയാത്രക്കാർക്കു പോലും ശരിക്ക് നടക്കാൻ പറ്രുന്നില്ല. റോഡ് ഇളകി വെള്ളക്കെട്ട് രൂപാന്തരപ്പെട്ടു. റോഡിലെ കുഴികളിൽ വീണ് ദിവസവും അപകടവുമുണ്ടാകുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |