അയിരൂർ: കല മനുഷ്യഹൃദയങ്ങളെ ആർദ്രമാക്കുകയും ജീവിതത്തെ ഗുണപരമായി സ്വാധീനിക്കുകയും ചെയ്യുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്ജ്. ജില്ലാ കഥകളി ക്ലബ്ബിന്റെ പതിനേഴാമത് കഥകളിമേള അയിരൂർ ചെറുകോൽപ്പുഴ പമ്പാ മണൽപ്പുറത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. നൂറ്റാണ്ടുകളായി അയിരൂരിലെ കഥകളി കലാകാരൻമാരുടെയും ആസ്വാദകരുടെയും സമർപ്പണത്തിനുള്ള ആദരവാണ് അയിരൂർ കഥകളിഗ്രാമം എന്ന ഔദ്യോഗിക പ്രഖ്യാപനത്തിലൂടെ നിർവ്വഹിക്കുന്നത്. സംസ്ഥാന സർക്കാറിന്റെ ഗസറ്റ് വിജ്ഞാപനം വായിച്ചാണ് മന്ത്രി ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. അയിരൂരിൽ തെക്കൻ കലാമണ്ഡലവും കഥകളി മ്യൂസിയവും യാഥാർത്ഥ്യമാക്കുവാനുള്ള പ്രവർത്തനങ്ങളാണ് സർക്കാർ നടത്തിക്കൊണ്ടിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ക്ലബ്ബ് പ്രസിഡന്റ് വി.എൻ.ഉണ്ണി അദ്ധ്യക്ഷത വഹിച്ചു. കഥകളിമേളക്ക് ജില്ലാ പഞ്ചായത്ത് അനുവദിച്ച 2 ലക്ഷം രൂപയുടെ ചെക്ക് അടുത്ത ദിവസം തന്നെ കൈമാറുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂർ ശങ്കരൻ പറഞ്ഞു.
2023 ലെ നാട്യഭാരതി അവാർഡ് ചുട്ടി കലാകാരൻ കരിക്കകം ത്രിവിക്രമനും അയിരൂർ രാമൻപിള്ള അവാർഡ് കഥകളി നിരൂപകയും ഗ്രന്ഥകാരിയുമായ മിനി ബാനർജിക്കും നൽകി ആദരിച്ചു. ജില്ലാ കളക്ടർ എ.ഷിബു, രാജു ഏബ്രഹാം, ജില്ലാ ഇൻഫർമേഷൻ ഓഫീസർ ശ്രീകാന്ത് എം.ഗിരിനാഥ്, വി.ആർ.വിമൽ രാജ്, സഖറിയ മാത്യു, പരിമണം മധു എന്നിവർ പ്രസംഗിച്ചു.
നാട്യഭാരതി മഹാദേവനും സംഘവും അവതരിപ്പിച്ച സന്ധ്യാകേളിയോടെ അരങ്ങുണർന്നു. മിനി ബാനർജി കഥാവിവരണം നടത്തി. കെ.എൽ.കൃഷ്ണമ്മ തപസ്യ ആട്ടവിളക്ക് തെളിച്ചു.
ആസ്വാദനകളരിയിൽ ഇന്ന്
രാവിലെ 10 ന് പത്തനംതിട്ട ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ ബിജു വർഗീസ് ആസ്വാദന കളരി ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്തംഗം സാറാ തോമസ് അദ്ധ്യക്ഷത വഹിക്കും.
കളിയരങ്ങിൽ ഇന്ന്
ശൗര്യഗുണത്തോടുകൂടിയ കല്യാണസൗഗന്ധികം
വൈകിട്ട് 6.30 ന് കഥാവിവരണം മനോജ് കൃഷ്ണ തിരുവനന്തപുരം നടത്തും. ലീലാ കുട്ടപ്പൻ ലക്ഷ്മി വിലാസം വലിയ വീട്ടിൽ ആട്ടവിളക്ക് തെളിക്കും.
അത്യന്തം ചിട്ട പ്രധാനമായ കഥയാണ് കോട്ടയത്തു തമ്പുരാന്റെ കല്യാണസൗഗന്ധികം. മഹാഭാരതം വനപർവ്വത്തിൽ നിന്നാണ് കവി കഥ സ്വീകരിച്ചിരിക്കുന്നത്. കല്യാണസൗഗന്ധികം തേടിപ്പോകുന്ന ഭീമൻ ഹനുമാനെ കണ്ടുമുട്ടുന്ന നാടകീയ രംഗങ്ങളാണ് ഈ കഥയിലുള്ളത്. ഈ കഥയിലെ ഒന്നാം രംഗമാണ് ശൗര്യഗുണം. അത്യധികം ചിട്ടപ്രധാനമാണ്. ഭീമസേനൻ ധർമ്മപുത്രരോട് രോഷാകുലനായി പറയുന്ന പദമാണ് ശൗര്യഗുണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |