കൊല്ലം: കഴിഞ്ഞ ദിവസം കാവനാട് സാനിട്ടറി കട കത്തിനശിക്കാനിടയായതിന് കാരണം ഷോർട്ട് സർക്യൂട്ടല്ലെന്ന് കണ്ടെത്തി. ശക്തികുളങ്ങര പൊലീസ്, ഇലക്ട്രിക്കൽ ഇൻസ്പക്ടറേറ്റ് എന്നിവരാണ് പരിശോധന നടത്തിയത്.
തീപിടിത്തമുണ്ടായപ്പോൾ കടയിൽ വൈദ്യുതി ഇല്ലായതിരുന്നു. മെയിൻസ്വിച്ച് അടക്കം ഓഫ് ചെയ്ത നിലയിലായിരുന്നുവെന്ന് പരിശോധനയിൽ ബോദ്ധ്യപ്പെട്ടെന്ന് ശക്തികുളങ്ങര പൊലീസ് പറഞ്ഞു. പുറത്ത് നിന്നുള്ള ഇടപെടലിലൂടെയല്ല തീപിടിത്തമുണ്ടായതെന്നും മണ്ണെണ്ണയുടെയും പെട്രോളിന്റെയും അംശം അടങ്ങിയ വസ്തുക്കളിലേക്ക് തീ പടർന്നതാണ് ആളിക്കത്താൻ ഇടയാക്കിയതെന്നുമാണ് പൊലീസിന്റെ വിലയിരുത്തൽ. ഫയർ ഫോഴ്സും അന്വേഷണം നടത്തുന്നുണ്ട്. അകത്ത് കത്തിച്ചുവച്ചതായി കടയുടമ പറഞ്ഞ വിളക്കിൽ നിന്നാണോ തീ പടർന്നതെന്ന് പരിശോധിക്കുന്നുണ്ട്. കടയ്ക്ക് ഇൻഷ്വറൻസ് പരിരക്ഷയില്ലെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം, ഉടമയായ പ്രദീപ് കടയുടെ പേരിൽ എടുത്തിരിക്കുന്ന ലോണിന് ഇൻഷ്വറൻസ് പരിരക്ഷയുണ്ടോയെന്ന കാര്യത്തിൽ വ്യക്തത വരുത്താൻ ശക്തികുളങ്ങര പൊലീസ്, ലോൺ നൽകിയ ബാങ്കിനെയും സമീപിച്ചിട്ടുണ്ട്.
പൊലീസിന്റെ സയന്റിഫിക് വിഭാഗം സ്ഥലത്തെത്തി സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഫലം വരുമ്പോൾ യഥാർത്ഥ കാരണം വ്യക്തമാകുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. കഴിഞ്ഞ ദിവസം രാവിലെയാണ്
കാവനാട് മണിയത്തുമുക്കിലെ പ്രദീപിന്റെ ഉടമസ്ഥതയിലുള്ള ആർ എസ് സാനിട്ടറി കട പൂർണമായും അഗ്നിക്കിരയായത്. മൂന്ന് കോടിയുടെ നഷ്ടമുണ്ടെന്നാണ് കണക്ക്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |