കൊച്ചി: കേരളത്തിലെ അഞ്ച് ജില്ലകൾ ഉരുൾപൊട്ടൽ, മലയിടിച്ചിൽ ഭീഷണിയിലെന്ന് കുഫോസ് ഗവേഷണ റിപ്പോർട്ട്. ഇടുക്കി, പത്തനംതിട്ട, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലെ ഭൂരിഭാഗം പ്രദേശങ്ങളും ഭീഷണിയിലാണ്. 2018ലെ പ്രളയത്തിനു ശേഷം ഇടുക്കി, പത്തനംതിട്ട, മലപ്പുറം, പാലക്കാട്, തൃശൂർ ജില്ലകളിൽ ഉരുൾപൊട്ടൽ സാദ്ധ്യത 3.46 ശതമാനം കൂടിയെന്നും ക്ലൈമറ്റ് വേരിയബിലിറ്റി ആൻഡ് അക്വാറ്റിക് ഇക്കോ സിസ്റ്റംസ് വിഭാഗം കണ്ടെത്തി.
നിർമ്മിതബുദ്ധി അടിസ്ഥാനമായുള്ള ഡീപ് ലേണിംഗ് സാങ്കേതികവിദ്യയിലൂടെ കേരളത്തിന്റെ 10 ഭൂപടങ്ങളാണ് തയ്യാറാക്കിയത്. 1990 മുതൽ 2020 വരെ കേരളത്തിലുണ്ടായ 3575 ഉരുൾപൊട്ടലുകളെ അടിസ്ഥാനമാക്കിയായിരുന്നു ഗവേഷണം. 2018 മുതലുള്ള ഉരുൾപൊട്ടലുകളെ അടിസ്ഥാനമാക്കിയുള്ള പഠനത്തിലാണ് അപകടസാദ്ധ്യത വർദ്ധിച്ചെന്ന കണ്ടെത്തൽ.
നിർമ്മിതബുദ്ധിയുടെ (എ.ഐ) സഹായത്തോടെ രൂപം നല്കിയ ഭൂപടത്തിലാണ് ഇക്കാര്യം വ്യക്തമായതെന്ന് വകുപ്പ് മേധാവി ഡോ. ഗിരീഷ് ഗോപിനാഥ് പറഞ്ഞു. പൂനെയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ട്രോപ്പിക്കൽ മെറ്റിയോറോളജി, അമേരിക്കയിലെ മിഷിഗൺ ടെക്‌നിക്കൽ യൂണിവേഴ്‌സിറ്റി എന്നിവയുടെ സഹകരണത്തോടെയുള്ള ഗവേഷണത്തിൽ വിദ്യാർത്ഥിയായ എ.എൽ.അച്ചുവും പങ്കെടുത്തു.
മഴയുടെ മട്ടുമാറി, ഭീഷണി കൂടി
പെട്ടെന്ന് പെയ്തവസാനിക്കുന്ന പെരുമഴയിൽ വെള്ളം കുത്തിയൊലിക്കുന്നത് ഉയർന്ന പ്രദേശങ്ങളിൽ ഭീഷണി വർദ്ധിപ്പിക്കുന്നു. ദീർഘസമയം പെയ്യുന്ന നേർത്തമഴ കേരളത്തിന് അന്യമാവുകയാണ്
മലയിടിക്കുന്നതും വൻതോതിൽ മണ്ണെടുക്കുന്നതും ഭൂപ്രകൃതിയിലുണ്ടാക്കുന്ന മാറ്റം. നദികളുടെ ഒഴുക്കിലെ വ്യതിയാനവും ബാധിച്ചു
ചെരിഞ്ഞ പ്രദേശങ്ങളിൽ അശാസ്ത്രീയമായി നിർമ്മിക്കുന്ന മഴക്കുഴികൾ
ഹൈറേഞ്ചിൽ 'ഹൈറിസ്ക്ക്"
കേരളത്തിലെ 13 ശതമാനം പ്രദേശങ്ങൾ കടുത്ത ഉരുൾപൊട്ടൽ ഭീഷണിയിൽ. ഹൈറേഞ്ചിൽ 600 മീറ്ററിന് മുകളിലുള്ള സ്ഥലങ്ങളിൽ 31 ശതമാനവും അപകടമേഖലയിലാണ്. ഇതിൽ 10 മുതൽ 40 ഡിഗ്രി വരെ ചെരിവുള്ള പ്രദേശങ്ങളിൽ ഭീഷണി വളരെ കൂടുതലാണ്.
അശാസ്ത്രീയ ഭൂവിനിയോഗവും മണ്ണെടുപ്പും തടയുക മാത്രമാണ് ഉരുൾപൊട്ടൽ ഒഴിവാക്കാനുള്ള പോംവഴി.
ഡോ.ടി. പ്രദീപ് കുമാർ
വൈസ് ചാൻസലർ, കുഫോസ്
ഇടുക്കി
പത്തനംതിട്ട
പാലക്കാട്
മലപ്പുറം
വയനാട്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |