അടൂർ : എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട് എന്നതാണ് സംസ്ഥാന റവന്യു വകുപ്പിന്റെ ഏറ്റവും പ്രധാനപ്പെട്ട മുദ്രാവാക്യമെന്ന് മന്ത്രി കെ. രാജൻ പറഞ്ഞു. പെരിങ്ങനാട് സ്മാർട്ട് വില്ലേജ് ഓഫീസിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനവും പട്ടയവിതരണവും പെരിങ്ങനാട് വില്ലേജ് ഓഫീസ് അങ്കണത്തിൽ നിർവഹിച്ച് സംസാരിക്കുകയിരുന്നു മന്ത്രി. കേരളത്തിൽ ഇന്ന് ജീവിച്ചിരിക്കുന്ന എല്ലാവരേയും ഭൂമിക്ക് അവകാശികളാക്കുക എന്ന ശ്രമകരമായ പ്രവർത്തനമാണ് സർക്കാർ ഏറ്റെടുത്തിരിക്കുന്നത്. ഇതിന്റെ ഭാഗമായാണ് പട്ടയമിഷനും എം.എൽ. എ ചെയർമാനായി പട്ടയ അസംബ്ലിയും രൂപീകരിക്കുന്നത്. അർഹതപ്പെട്ടവർക്ക് കഴിവതും വേഗം സഹായമെത്തിക്കുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. വില്ലേജ് ഓഫീസ് എന്നാൽ രേഖകൾ കെട്ടിക്കിടക്കുന്ന ഒരു കെട്ടിടം എന്നതിനു വിഭിന്നമായി, എല്ലാ ജനങ്ങൾക്കും വിരൽത്തുമ്പിൽ സേവനം എത്തിക്കുന്നതിനുള്ള ഒരിടമാവണം എന്നതാണ് ഇടതുപക്ഷ സർക്കാരിന്റെ നയമെന്നും മന്ത്രി പറഞ്ഞു. അടൂർ മണ്ഡലത്തിലെ എല്ലാ വില്ലേജ് ഓഫീസുകളും സ്മാർട്ടാക്കുക എന്ന ലക്ഷ്യത്തിലേക്ക് പൂർണമായി എത്തിക്കൊണ്ടിരിക്കുകയാണെന്ന് അദ്ധ്യക്ഷത വഹിച്ച ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു. അടൂർ താലൂക്ക് ഓഫീസ് സ്മാർട്ടായി കഴിഞ്ഞു. പ്ലാൻ പദ്ധതി 2021- 22ൽ ഉൾപ്പെടുത്തി സംസ്ഥാന സർക്കാർ 50 ലക്ഷം രൂപ ചെലവഴിച്ചാണ് പുതുതായി സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടം പണികഴിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു. പള്ളിക്കൽ വില്ലേജിലെ ചേന്നംപുത്തൂർ കോളനിയിൽ നിന്നുള്ള 22 ഗുണഭോക്താക്കൾക്ക് പട്ടയം വിതരണം ചെയ്തു. ജില്ലാ കളക്ടർ എ. ഷിബു, എ.ഡി. എം ബി. രാധാകൃഷ്ണൻ, പള്ളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുശീലകുഞ്ഞമ്മ കുറുപ്പ്, ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മ, ജില്ലാ നിർമ്മിതി കേന്ദ്രം പ്രോജക്ട് മാനേജർ എസ്. സനിൽ, ത്രിതല പഞ്ചായത്ത് അംഗങ്ങൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർപങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |