കൊച്ചി: മുടക്കമില്ലാതെ ജോലി ചെയ്താലും കമ്മീഷൻ തുകയ്ക്കായി സമരം ചെയ്യേണ്ട ഗതികേടിലാണ് സംസ്ഥാനത്തെ റേഷൻ വ്യാപാരികൾ. ജനുവരി തീരാറായിട്ടും ഡിസംബറിലെ കമ്മീഷൻ ലഭിച്ചിട്ടില്ല. 30 കോടി രൂപയാണ് ഒരുമാസത്തെ കമ്മീഷൻ. കൂലി കിട്ടാൻ എല്ലാ മാസവും സമരം ചെയ്യേണ്ട സ്ഥിതിയാണെന്ന് വ്യാപാരികൾ പറയുന്നു. ഒരു തൊഴിലാളിക്ക് ഏകദേശം 12,000 മുതൽ 50,000 രൂപ വരെ കമ്മീഷൻ ലഭിക്കാനുണ്ട്. തീരമേഖലകളിൽ ബി.പി.എൽ കാർഡുകളേറെയായതിനാൽ ഇവിടെയുള്ള വ്യാപാരികൾക്കാണ് കൂടുതൽ ബാദ്ധ്യത. 100 ക്വിന്റൽ അരി വിറ്റാൽ 27,000 രൂപയാണ് കമ്മീഷൻ. ഭക്ഷ്യവസ്തുക്കൾ എടുത്തതിന്റെ പണം നല്കാത്തതിനാൽ പല താലൂക്ക് സപ്ലൈ ഓഫീസുകളിൽ നിന്നും അന്വേഷണം വന്നു തുടങ്ങി. തുക അടച്ചില്ലെങ്കിൽ കട സസ്പെൻഡ് ചെയ്യുമെന്ന മുന്നറിയിപ്പ് ലഭിച്ചവരേറെയാണ്. കഴിഞ്ഞ നവംബർ മുതലാണ് വേതനം പതിവായി വൈകുന്നത്.
രണ്ട് മാസത്തിനകം കിറ്റ് കമ്മീഷൻ
കൊവിഡ് കാലത്ത് 13 മാസത്തെ കിറ്റ് വിതരണത്തിന്റെ ഫണ്ട് രണ്ടുമാസത്തിനുള്ളിൽ നല്കാമെന്ന് സർക്കാർ കോടിതിയിൽ സമ്മതിച്ചിരുന്നു. 50 കോടി രൂപയാണ് കിട്ടാനുള്ളത്. കിറ്റ് വിതരണം സേവനമായി കാണണമെന്നായിരുന്നു സർക്കാർ വാദം. സമരത്തെ തുടർന്ന് മൂന്ന് മാസത്തെ തുക ലഭിച്ചു. നിരവധി ചർച്ചകളും സമരപരിപാടികളും വ്യാപാരികൾ നടത്തിയിരുന്നു.
നൽകാനുള്ള തുക- 30 കോടി
ആകെ വ്യാപാരികൾ 14167
വേതനം വൈകുന്നത് മേഖലയെ പ്രതിസന്ധിയിലാക്കുന്നുണ്ട്. ചരക്കെടുക്കാനും കടകളിലെ സഹായിക്ക് നൽകാനും തുക കണ്ടെത്തണം
എൻ. ഷിജീർ
സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി
കേരള സ്റ്റേറ്റ് റീട്ടേയ്ൽ റേഷൻ ഡീലേഴ്‌സ് അസോ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |