കൊച്ചി: സ്കൂളുകളിലെ ഭക്ഷണ വിതരണത്തിനായി സ്കൂൾ അധികൃതർ ഭക്ഷ്യസുരക്ഷാ രജിസ്ട്രേഷൻ എടുക്കണമെന്ന നിർദ്ദേശം ഭക്ഷ്യസുരക്ഷാ വകുപ്പ് കർശനമാക്കി. സൗജന്യമാണെങ്കിലും ഭക്ഷണം വിതരണം ചെയ്യുന്ന ഏത് സ്ഥാപനവും ഭക്ഷ്യസുരക്ഷാ ലൈസൻസോ രജിസ്ട്രേഷനോ എടുക്കണമെന്ന ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാന്റേർഡ് അതോറിട്ടി ഒഫ് ഇന്ത്യ (എഫ്.എഫ്.എസ്.എ.ഐ) നിർദ്ദേശം. എന്നാൽ പല സ്കൂളുകളിലുമിത് പാലിക്കാറില്ലെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് അധികൃതർ പറയുന്നു.
ജില്ലയിലെ ചുരുക്കം ചില മാനേജ്മെന്റ് സ്കൂളുകളും സി.ബി.എസ്.ഇ സ്കൂളുകളും ഭക്ഷ്യസുരക്ഷാ രജിസ്ട്രേഷൻ എടുത്തിട്ടുണ്ട്. സർക്കാർ, എയ്ഡഡ് സ്കൂളുകളാണ് രജിസ്ട്രേഷൻ എടുക്കാത്തത്. മുമ്പ് കഞ്ഞിയും പയറുമാണ് സ്കൂളുകളിൽ വിതരണം ചെയ്തിരുന്നതെങ്കിൽ ഇപ്പോൾ ചോറും കറികളും ഉൾപ്പെടെ നൽകുന്നുണ്ട്. ഇക്കാരണത്താൽ രജിസ്ട്രേഷൻ നിർബന്ധമാണ്. ആരാധനാലയങ്ങൾ ഉൾപ്പെടെ രജിസ്ട്രേഷൻ എടുത്തിട്ടുണ്ടെന്നും ഭക്ഷ്യസുരക്ഷാ വകുപ്പ് അധികൃതർ വ്യക്തമാക്കി.
രജിസ്ട്രേഷൻ
ഭക്ഷണ വിതരണ സ്ഥാപനങ്ങൾ 10 ലക്ഷം രൂപ വാർഷിക വരുമാനമുള്ളവയാണെങ്കിൽ ലൈസൻസും അതിൽ കുറവുള്ളവയാണെങ്കിൽ രജിസ്ട്രേഷനുമാണ് വേണ്ടത്. സ്കൂളുകൾ രജിസ്ട്രേഷനാണ് എടുക്കേണ്ടത്. വർഷത്തിൽ 100 രൂപ മാത്രമാണ് രജിസ്ട്രേഷൻ ഫീസ്. സ്കൂളുകൾ ഉച്ചഭക്ഷണത്തിന് കോൺട്രാക്ട് നല്കിയിട്ടുണ്ടെങ്കിൽ കോൺട്രാക്ടറുടെയോ പ്രധാനാദ്ധ്യാപകന്റെയോ ആധാർ കാർഡും ഫോട്ടോയും സഹിതം രജിസ്ട്രേഷന് അപേക്ഷിച്ചാൽ ഏഴുദിവസത്തിനുള്ളിൽ രജിസ്ട്രേഷൻ ലഭിക്കും.
നടപടികൾ
രജിസ്ട്രേഷൻ സർട്ടിഫിക്കറ്റും പാചകത്തൊഴിലാളികളുടെ മെഡിക്കൽ ഫിറ്റ്നെസ് സർട്ടിഫിക്കറ്റും സ്കൂളുകൾ സൂക്ഷിക്കണം. വെള്ളം പരിശോധിച്ചതിന്റെ രേഖകളും ആവശ്യമാണ്. വൃത്തിയുള്ള സാഹചര്യത്തിലാവണം ഭക്ഷണം പാചകം ചെയ്യേണ്ടത്. അല്ലാത്ത പക്ഷം അപാകതകൾ പരിഹരിക്കാനുള്ള നോട്ടീസ് നൽകും. ഇതിനുശേഷവും പരിഹാരം ഉണ്ടായില്ലെങ്കിൽ നടപടിയെടുക്കും.
ലൈസൻസ് എടുക്കാത്ത സ്കൂളുകൾക്ക് നോട്ടീസ് നല്കും. ലൈസൻസ് എടുക്കണമെന്ന ആവശ്യം പലതവണ ഉന്നയിച്ചിട്ടുണ്ട്.
പി.കെ. ജോൺ വിജയകുമാർ
ജില്ലാ ഭക്ഷ്യസുരക്ഷാ കമ്മിഷണർ
എറണാകുളം
ഭക്ഷ്യസുരക്ഷാ ലൈസൻസ് എടുക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാരിൽ നിന്ന് നിർദ്ദേശം വന്നിട്ടില്ല. വന്നുകഴിഞ്ഞാൽ ഇതുമായി ബന്ധപ്പെട്ട നടപടികളിലേക്ക് കടക്കും
ഹണി ജി. അലക്സാണ്ടർ
ജില്ല വിദ്യാഭ്യാസ ഉപഡയറക്ടർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |