നെടുമങ്ങാട്: കുമാരനാശാന് നെടുമങ്ങാട് ചരിത്ര സ്മാരകം ഒരുക്കണമെന്ന ആവശ്യം ശക്തമാകുന്നു. മഹാകവിയുടെ എഴുത്തിന് പശ്ചാത്തലമായ വേങ്കോട് അമ്മാമ്പാറ കേന്ദ്രീകരിച്ച്, കവിയുടെ ദേഹവിയോഗ ശതാബ്ദി വേളയിൽ സാഹിത്യ പഠനകേന്ദ്രവും ചരിത്ര മ്യൂസിയവും സ്ഥാപിക്കണമെന്നാണ് ആവശ്യം. 200 അടിയിലേറെ ഉയരമുള്ള പാറയുടെ മുകൾപ്പരപ്പ് പരിസ്ഥിതി പഠനത്തിനും വിനോദസഞ്ചാരത്തിനും കൂടി ഉപകരിക്കും.
പാറയുടെ കിഴക്ക് 14.46 ഏക്കർ സ്ഥലം കുമാരനാശാന് ഉണ്ടായിരുന്നതായി റവന്യു രേഖയുമുണ്ട്. 1920ൽ താലൂക്ക് തഹസിൽദാറായിരുന്ന വേലായുധൻ നായർ 100 രൂപ പട്ടയാധാരമായി പുരയിടം ആശാന് അനുവദിച്ചെന്നാണ് രേഖകൾ വ്യക്തമാക്കുന്നത്. താഴ്വാരമായ ചെന്തുപ്പൂരിൽ പുരയിടമുണ്ടായിരുന്ന മണക്കാട് പെരുനെല്ലിൽ തറവാട്ടിൽ വിദ്വൽ കവി പി.കെ.കൃഷ്ണൻ വൈദ്യരുമായുള്ള അടുപ്പത്തിലാണ് ആശാൻ ഇവിടെയെത്തിയതെന്നും വിശദീകരിച്ചിട്ടുണ്ട്. പാറയോട് ചേർന്ന് രണ്ടുമുറിയുള്ള വീടും കിണറും ആശാൻ പണികഴിപ്പിച്ചിരുന്നു. സന്ദർശകർ പാറമുകളിലെത്തി ആശാനുമായി ചർച്ചയിലേർപ്പെട്ടിരുന്നു. പിൽക്കാലത്ത് വീടും സ്ഥലവും കവിക്ക് അന്യമായി.
കവിയുടെ പാറ
നഗരസഭയിൽ ചിറയ്ക്കാണി വാർഡിലാണ് 3.82 ഏക്കർ വിസ്തൃതിയുള്ള അമ്മാമ്പാറ സ്ഥിതിചെയ്യുന്നത്. പ്രകൃതി സ്നേഹികൾക്കും ചരിത്ര പഠിതാക്കൾക്കും ഏറെ പ്രിയപ്പെട്ട ഇടം. മഹാകവി പാറമുകളിൽ തനിച്ച് വസിക്കുകയും സർഗരചനകളിൽ ഏർപ്പെടുകയും ചെയ്തിട്ടുള്ളതായി ഗ്രന്ഥകാരൻ ചെന്തുപ്പൂര് വി.ഭാസ്കരന്റെ "അരുവിപ്പുറം തപോവനം" എന്ന പുസ്തകത്തിൽ വെളിപ്പെടുത്തിയിട്ടുണ്ട്.
അസ്തമയസൂര്യനെ കാണാം
നെടുമങ്ങാട്ടു നിന്ന് 8 കി.മീറ്റർ സഞ്ചരിച്ചാൽ അമ്മാമ്പാറയിലെത്താം. ധാരാളം സന്ദർശകരെ ഉൾക്കൊള്ളാൻ പാകത്തിലുള്ളതാണ് പാറയുടെ മുകൾപ്പരപ്പ്. അസ്തമയസൂര്യന്റെ സൗന്ദര്യം ആവോളം അടുത്തു കാണാം. വലിയൊരു പാത്തിയും കൊടുംവേനലിലും വറ്റാത്ത നീരുറവകളും പാറമേലുണ്ട്. എപ്പോഴും തലോടിപ്പോകുന്ന മന്ദമാരുതനും മഞ്ഞുകണങ്ങളും സന്ദർശകരിൽ ഉന്മേഷമുണർത്തും. നെടുമങ്ങാട്ടെ ആദ്യകാല കർഷകരുടെ സ്വന്തം വിത്തിനമായ 'ആന്നൂരി നെല്ല്' അമ്മമ്പാറയുടെ താഴ്വാരത്ത് നൂറുമേനി വിളവ് നൽകിയിരുന്ന കാലം പഴമക്കാരുടെയുള്ളിൽ ഇന്നും പച്ചപ്പുള്ള ഓർമ്മയാണ്. പാറയുടെ ചരിത്രപരമായ പ്രത്യേകതകൾ അടയാളപ്പെടുത്തി, ലൈബ്രറിയും കഫ്‌റ്റേരിയയും ഹട്ടുകളും ക്രമീകരിച്ചാൽ പുതുതലമുറയുടെ വൈജ്ഞാനിക ഉറവിടമായി അമ്മാമ്പാറ മാറും.
കൈയേറ്റ നിഴലിൽ
അധികൃതർ കൈയൊഴിഞ്ഞ അമ്മമ്പാറയും പരിസരവും കൈവശപ്പെടുത്താനുള്ള നീക്കം അടുത്തിടെ വിവാദമായിരുന്നു.സാംസ്‌കാരിക പ്രവർത്തകർ അമ്മാമ്പാറ സംരക്ഷണ സമിതി രൂപീകരിച്ച് പ്രക്ഷോഭ രംഗത്ത് വന്നതോടെ 5.5 സെന്റ് കൈയേറ്റഭൂമി സർക്കാർ വീണ്ടെടുത്തു. ഈ സംഭവം പശ്ചാത്തലമാക്കി സാഹിത്യ അക്കാഡമി അവാർഡ് ജേതാവ് വി.ഷിനിലാൽ എഴുതിയ "ഗരിസപ്പാഅരുവി അഥവാ ഒരു ജലയാത്ര" എന്ന കഥാസമാഹാരം ഏറെ ശ്രദ്ധ പിടിച്ചുപറ്റി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |