കൊച്ചി: നവകേരള യാത്രയുടെ തുടർച്ചയായ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന നവകേരള സ്ത്രീ സദസിന് വിപുലമായ ഒരുക്കങ്ങൾ തുടങ്ങി. ഫെബ്രുവരി 22 ന് സിയാൽ കൺവെൻഷൻ സെന്ററിൽ നടക്കുന്ന പരിപാടിയുടെ സംഘാടക സമിതി രൂപീകരിച്ചു.
വനിതകളുടെ മുന്നേറ്റത്തിന് ഗുണകരമാകുന്ന പരിപാടിയാകും ഇതെന്നും നവകേരള സൃഷ്ടിയിലൂടെ സ്ത്രീപക്ഷ കേരളം കെട്ടിപ്പടുക്കുകയാണ് സദസിലൂടെ ലക്ഷ്യമിടുന്നതെന്നും യോഗത്തിൽ ഓൺലൈനായി പങ്കെടുത്ത ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു.
സ്ത്രീസൗഹൃദ കേരളം എന്ന ലക്ഷ്യം യാഥാർത്ഥ്യമാക്കുന്നതിനായി പുതിയ നിർദ്ദേശങ്ങൾ സ്വരൂപിക്കുന്നതിനും ചർച്ച ചെയ്യുന്നതിനുമായാണ് നവകേരള സ്ത്രീസദസ് സംഘടിപ്പിക്കുന്നത്. നവകേരളം സ്ത്രീപക്ഷ കേരളമായിരിക്കണമെന്നതാണ് സർക്കാരിന്റെ കാഴ്ചപ്പാട്. ഇതിന് അനുകൂലമായ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും നവകേരള സദസിൽ ലഭിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
വ്യവസായ മന്ത്രി പി.രാജീവ് മുഖ്യ രക്ഷാധികാരിയും മന്ത്രി വീണാ ജോർജ് ചെയർപേഴ്‌സണുമായ സംഘാടക സമിതിക്കാണ് രൂപം നൽകിയത്. സാമൂഹ്യനീതി മന്ത്രി ആർ. ബിന്ദു, ക്ഷീരവികസനമന്ത്രി ജെ. ചിഞ്ചുറാണി, മേയർ എം. അനിൽകുമാർ എന്നിവർ രക്ഷാധികാരികളാണ്. തദ്ദേശസ്വയംഭരണ പ്രിൻസിപ്പൽ സെക്രട്ടറി ശർമിള മേരി ജോസഫാണ് ജനറൽ കൺവീനർ. ഡോ.ടി.എൻ.സീമ
വർക്കിംഗ് ചെയർപേഴ്‌സണും ഡോ. പി എസ് ശ്രീകല സെക്രട്ടറിയുമാണ്.
എറണാകുളം ഗസ്റ്റ് ഹൗസിൽ ചേർന്ന യോഗത്തിൽ മേയർ എം.അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. വനിതാ കമ്മിഷൻ അദ്ധ്യക്ഷ പി.സതീദേവി, ഡെപ്യൂട്ടി മേയർ കെ.എ ആൻസിയ, ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷ്, ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ് തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |