കൊച്ചി: കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരെ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷനേതാവ് വി.ഡി. സതീശനും നയിക്കുന്ന സമരാഗ്നി ജനകീയ പ്രക്ഷോഭയാത്ര ഇന്ന് എറണാകുളം ജില്ലയിൽ പ്രവേശിക്കും.
മൂന്നു കേന്ദ്രങ്ങളിൽ യാത്രയ്ക്ക് സ്വീകരണം നൽകും.
ഇന്നു വൈകിട്ട് നാലിന് ആലുവ സ്വകാര്യ ബസ് സ്റ്റാൻഡിന് സമീപമാണ് ആദ്യത്തെ സ്വീകരണം. മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കർണാടക മന്ത്രി കെ.ജെ. ജോർജ് തുടങ്ങിയവർ പങ്കെടുക്കും. വൈകിട്ട് ആറിന് എറണാകുളം മറൈൻഡ്രൈവിൽ തെലങ്കാന ഉപമുഖമന്ത്രി മല്ലുഭട്ടി വിക്രമാർക്ക പ്രസംഗിക്കും.
നാളെ (20) രാവിലെ 10.30ന് എറണാകുളം ബി.ടി.എച്ചിൽ ജനകീയ ചർച്ചാസദസിൽ കെ. സുധാകരനും വി.ഡി. സതീശനും പങ്കെടുക്കും. ആശ വർക്കർമാർ, തൊഴിലുപ്പ് തൊഴിലാളികൾ, അങ്കണവാടി വർക്കമാർ, ക്ഷേമപെൻഷൻ കുടിശിക ലഭിക്കാത്തവർ, പനമ്പ്, ഈറ്റ തൊഴിലാളികൾ, വിരമിച്ച പൊതുമേഖലാ ജീവനക്കാർ, പെൻഷൻ ലഭിക്കാത്ത കെ.എസ്.ആർ.ടി.സി ജീവനക്കാർ, മത്സ്യത്താെഴിലാളികൾ തുടങ്ങി ദുർബലവിഭാഗങ്ങളുടെ പ്രതിനിധികളും ചർച്ചാസദസിൽ പങ്കെടുക്കും.
വൈകിട്ട് ആറിന് മൂവാറ്റുപുഴ മുനിസിപ്പൽ സ്റ്റേഡിയത്തിലാണ് ജില്ലയിലെ അവസാന സ്വീകരണം. കർണാടക മന്ത്രി കെ.ജെ. ജോർജ് ഉൾപ്പെടെ പങ്കെടുക്കും. സ്വീകരണ പരിപാടികളിൽ അരലക്ഷം പേർ പങ്കെടുക്കുമെന്ന് ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |