നെയ്യാറ്റിൻകര: പാവങ്ങൾക്കായി സർക്കാർ നിരവധി പദ്ധതികൾ നടപ്പാക്കുമ്പോൾ അടിസ്ഥാന വികസനമില്ലാതെ ഒരുകൂട്ടം കോളനി നിവാസികൾ കഷ്ടപ്പെട്ട് ജീവിക്കുന്നു. മാരായമുട്ടം മണലുവിളയിലെ 33 കുടുബങ്ങൾ ദുരിതം പേറാൻ തുടങ്ങിയിട്ട് വർഷങ്ങളാവുന്നു. വീടുണ്ടോ എന്ന് ചോദിച്ചാൽ വീടുകളുണ്ട്. എന്നാൽ ചുവരും മേൽക്കൂരയുമില്ലാത്ത, മഴയും വെയിലും വേണ്ടുവോളം ആസ്വദിക്കാവുന്ന ഇവരുടെ ഭവനങ്ങൾ മഴയൊന്ന് പെയ്താൽ ചോർന്നൊലിക്കും. ടാർപ്പോളിനു കീഴെ താമസിക്കുന്ന കോളനി നിവാസികളുടെ കഷ്ടപ്പാടുകൾ തീരുന്നില്ല. വഴിവിളക്കുകളില്ലാത്തതും കുടിവെള്ളം ശരിയായ രീതിയിൽ ലഭിക്കാത്തതും ഇവിടത്തുകാരെ പലപ്പോഴും ബുദ്ധിമുട്ടിക്കാറുണ്ട്. മഴപെയ്താൽ വെള്ളം മുഴുവൻ വീടുകൾക്കുള്ളിൽ, ചുവരുകൾ വഴി വെള്ളമിറങ്ങി വയറിംഗ് നനഞ്ഞ് ഷോക്കേൽക്കുന്നതും പതിവ് സംഭവം. കാടുംപടർപ്പും നിറഞ്ഞ ഇവിടെ ഇഴജന്തുക്കളുടെ ശല്യവും രൂക്ഷമാണ്. വൈദ്യുത വിളക്കുകളില്ലാത്തതിനാൽ നടന്നുപോവുകയെന്നതും വളരെ ദുഷ്കരം. പെരുങ്കടവിള പഞ്ചായത്തിലാണ് കോളനി സ്ഥിതി ചെയ്യുന്നത്. ദുരിതം നിറഞ്ഞ ഈ സ്ഥലം സന്ദർശിച്ച് നടപടിയെടുക്കാൻ ജനപ്രതിനിധികളാരും തയ്യാറാവാത്തത് വൻ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. അടിയന്തരമായി വീടുകൾ നവീകരിച്ചില്ലെങ്കിൽ വൻദുരന്തം തന്നെയുണ്ടാകുമെന്ന് പ്രദേശവാസികൾ പറയുന്നു.
സാമ്പത്തികമായി പിന്നോട്ട്
വാടകയ്ക്ക് വീടെടുത്ത് താമസിക്കാമെന്നുണ്ടെങ്കിലും അതിനുള്ള സാമ്പത്തിക ഭദ്രത കേളനി നിവാസികൾക്കില്ല. സംസ്ഥാന സർക്കാരിന്റെയും കേന്ദ്രസർക്കാരിന്റെയും നിരവധി ഭവന പദ്ധതികൾ നിലവിലുള്ളപ്പോഴാണ് മണലുവിളയിലുള്ള ഈ വീട്ടുകാരുടെ ദുരവസ്ഥ. വീട്ടുകാർതന്നെ നിർമ്മിച്ച ശൗചാലയങ്ങൾ ഉണ്ടെങ്കിലും അവ ശരിയായ രീതിയിൽ ഉപയോഗിക്കാനും ഇവിടെയുള്ളവർക്ക് കഴിയുന്നില്ല. കോൺക്രീറ്റ് കൊണ്ട് നിർമ്മിച്ച വീടുകളിലെ കട്ടകളെല്ലാം തന്നെ പൊട്ടി നിൽക്കുകയാണ്. കോൺക്രീറ്റ് ചെയ്തിരിക്കുന്ന തട്ട് അടർന്ന് വീഴാവുന്ന അവസ്ഥയിലും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |