മാഡ്രിഡ് : ഹെലികോപ്റ്ററുമായി യുക്രെയിനിലേക്ക് കടന്ന റഷ്യൻ പൈലറ്റിനെ സ്പെയിനിൽ വെടിയേറ്റ് മരിച്ചനിലയിൽ കണ്ടെത്തിയെന്ന് റിപ്പോർട്ട്. മാക്സിം കസ്മിനോവ് ( 28 ) എന്ന പൈലറ്റാണ് കൊല്ലപ്പെട്ടത്.
കഴിഞ്ഞ ആഴ്ച തെക്കൻ സ്പെയിനിലെ വില്ലാജൊയോസ പട്ടണത്തിലെ ഒരു ഭൂഗർഭ ഗ്യാരേജിലാണ് ശരീരം നിറയെ വെടിയുണ്ടകൾ തറച്ചനിലയിൽ ഇദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയത്. യുക്രെയിൻ ഇന്റലിജൻസ് മരണവാർത്ത സ്ഥിരീകരിച്ചെങ്കിലും കാരണം വ്യക്തമാക്കിയില്ല.
കഴിഞ്ഞ ഓഗസ്റ്റിലാണ് റഷ്യൻ എയർബേസിലേക്ക് പോകേണ്ടിയിരുന്ന എം.ഐ - 8 ഹെലികോപ്റ്ററുമായി മാക്സിം യുക്രെയിനിൽ എത്തിയത്. നിലവിൽ മറ്റൊരു പേരിൽ യുക്രെയിൻ പാസ്പോർട്ടുമായി ഇയാൾ സ്പെയിനിൽ ജീവിക്കുകയായിരുന്നു. രാജ്യദ്രോഹ കുറ്റത്തിന് ഇയാൾക്കെതിരെ റഷ്യയിൽ ക്രിമിനൽ കേസുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |