കോട്ടയം : കോഴി 150, മത്തി 200 , വെളുത്തുള്ളി 400 ...സർവതിനും വില കുതിച്ചുയരുമ്പോൾ സാധാരണക്കാരുടെ കുടുംബബഡ്ജറ്റ് താളംതെറ്റുകയാണ്. ക്രൈസ്തവരുടെ അമ്പത് നോമ്പുകാലത്ത് മത്സ്യ - മാംസ വില താഴുന്നതാണ്. ഇത്തവണ പക്ഷെ മേലോട്ടാണ്. 150 രൂപയാണ് ഇറച്ചിക്കോഴി വില. കേരളത്തിലെ കനത്ത ചൂടിൽ ഇറച്ചിക്കോഴികൾ ചാകുന്ന അവസ്ഥ ഒഴിവാക്കാൻ ഉത്പാദനം തമിഴ്നാട് ലോബി കുറച്ചതാണ് വില ഉയരാൻ കാരണം. കോഴിത്തീറ്റ വില ഉയർന്നതോടെ തമിഴ്നാട് ഏജന്റുമാർ കേരള അതിർത്തി ഗ്രാമങ്ങളിലെ ഫാമിൽ മുട്ടവിരിയിച്ചു വളർത്തുന്ന ഇറച്ചി കോഴികളാണ് ഇവിടെയുള്ളത്. ചൂട് കൂടിയതോടെ കടൽ മീനുകളുടെ വരവും കുറഞ്ഞു. സാധാരണക്കാർ കൂടുതൽ ഉപയോഗിക്കുന്ന മത്തി കേരള തീരം വിട്ടുവെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. അയല 240, കിളിമീൻ 200 - 300 എന്നിങ്ങനെയാണ് വില. വറ്റ, കാളാഞ്ചി മോത, നന്മീൻ, ചെമ്മീൻ തുടങ്ങിയവ 400 ന് മുകളിലെത്തി. വേമ്പനാട്ടുകായലിൽ കരിമീൻ കൂടുതൽ ലഭിക്കാൻ തുടങ്ങിയതോടെ കായൽ മീനുകളുടെ വില ഉയർന്നിട്ടില്ലെന്നതാണ് ഏക ആശ്വാസം.
വില ഇങ്ങനെ
ആട്ടിറച്ചി : 800 - 900
മാട്ടിറച്ചി : 380 - 400
കോഴിമുട്ട : 6 രൂപ
പച്ചക്കറി തൊട്ടാൽ പൊള്ളും
നോമ്പുകാല പ്രത്യേകതയായി പച്ചക്കറി ഇനങ്ങളുടെ വിലയും വർദ്ധിച്ചു. കാരറ്റ്, ബീറ്റ് റൂട്ട്, ബീൻസ്, പയർ, തക്കാളി, വെണ്ടക്ക, ചേന, ചേമ്പ് തുടങ്ങിയ ഇനങ്ങൾക്ക് കിലോയ്ക്ക് 60 - 80 വരെ വില ഉയർന്നു. കുതിച്ചുയർന്ന സവാള, ഉള്ളി വിലയിൽ കുറവുണ്ടായി. കിലോയ്ക്ക് 20 - 25 ആണ് സവാള വില. ഉള്ളി 60 ഉം. മാവുകൾ ഇത്തവണ പലയിടങ്ങളിലും പൂക്കാത്തതിനാൽ വിപണിയിൽ നാടൻ മാങ്ങ ലഭ്യമല്ല. വരവ് മാങ്ങയ്ക്ക് 90 രൂപയാണ്. ചൂട് കൂടിയതോടെ ചെറുനാരങ്ങ വിലയും വർദ്ധിച്ചു. 200 ന് മുകളിലാണ് വില. വേനലിൽ ഉപഭോഗം കൂടിയതും ലഭ്യത കുറഞ്ഞതുമാണ് വില ഉയരാൻ ഇടയാക്കിയത്.
''നോമ്പാരംഭിക്കുമ്പോൾ കോഴി വില സാധാരണ കുറയേണ്ടതാണ്. ചൂട് കൂടിയതോടെ കോഴികൾ ചാകുന്നത് നഷ്ടം വരുത്തുന്നതിനാൽ കുറച്ച് ലോഡേ എടുക്കുന്നുള്ളൂ. കോഴി ക്ഷാമം പറഞ്ഞ് തമിഴ്നാട് ലോബിയാണ് വില കൂട്ടുന്നത്.
-ആന്റണി (കോഴി വ്യാപാരി)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |