പത്തനംതിട്ട : കോന്നി, റാന്നി നിയോജകമണ്ഡലങ്ങളിലായി 21 കോടി ചെലവഴിച്ച് പണി പൂർത്തിയാക്കിയ മൂന്ന് റോഡുകളുടെ ഉദ്ഘാടനവും 30 കോടി രൂപ മുടക്കി നവീകരിക്കുന്ന മൂന്ന് റോഡുകളുടെയും ഐരവൺ പാലത്തിന്റേയും നിർമാണോദ്ഘാടനവും ഇന്ന് പൊതുമരാമത്ത് വകുപ്പു മന്ത്രി പി.എ.മുഹമ്മദ് റിയാസ് നിർവഹിക്കും. ബിഎം ആൻഡ് ബിസി നിലവാരത്തിൽ 5.5 മീറ്റർ വീതിയിലും താഴ്ന്ന ഭാഗങ്ങൾ ഉയർത്തിയെടുത്തുമാണ് റോഡുകളുടെ നവീകരണം. സംരക്ഷണഭിത്തി, ഓട, കലുങ്കുകൾ, റോഡ് സുരക്ഷാ ഉപാധികൾ തുടങ്ങിയവയെല്ലാം ഇവയോടനുബന്ധിച്ചുണ്ട്.
1.ചന്ദനപ്പള്ളി - കോന്നി റോഡ്
പദ്ധതി ചെലവ് : 9.75 കോടി രൂപ,
നീളം : 12.2 കിലോമീറ്റർ,
(വള്ളിക്കോട്, പ്രമാടം, കോന്നി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്നതും കോന്നി ഇക്കോ ടൂറിസം, ആനക്കൂട്, രാജീവ് ഗാന്ധി ഇൻഡോർ സ്‌റ്റേഡിയം, താഴൂർ ദേവീ ക്ഷേത്രം തുടങ്ങിയ കേന്ദ്രങ്ങളിലൂടെ കടന്നുപോകുന്നു. കായംകുളം പുനലൂർ, പുനലൂർ മുവാറ്റുപുഴ സംസ്ഥാന പാതകളെ ബന്ധിപ്പിക്കുന്ന റോഡു കൂടിയാണിത്.)
2. പൂങ്കാവ് - പത്തനംതിട്ട റോഡ്
പദ്ധതി ചെലവ് : 7 കോടി,
നീളം : 4.53 കിലോമീറ്റർ
(പത്തനംതിട്ടയിൽ നിന്ന് ചന്ദനപ്പള്ളിയിലേക്കും കോന്നിയിലേക്കും എളുപ്പത്തിൽ എത്തിച്ചേരാൻ സഹായിക്കുന്ന പാത).
3.എഴുമറ്റൂർ - ശാസ്താംകോയിക്കൽ റോഡ്
മല്ലപ്പള്ളിയിൽ നിന്ന് ശബരിമലയിലേക്കുള്ള ദൂരംകുറഞ്ഞ പാതയായ 3.80 കിലോമീറ്റർ ദൈർഘ്യമുള്ള എഴുമറ്റൂർ ജംഗ്ഷൻ - ശാസ്താംകോയിക്കൽ റോഡ് 4.5 കോടി രൂപ ചെലവിട്ട് നവീകരണം പൂർത്തിയാക്കി
എെരവൺ പാലം
അരുവാപ്പുലം - ഐരവൺ പഞ്ചായത്തുകളെ ബന്ധിപ്പിച്ച് അച്ചൻകോവിൽ ആറിന് കുറുകേ റീബിൽഡ് കേരളയിൽ 12 കോടിയിലേറെ മുടക്കി ഐരവൺ പാലം നിർമ്മാണം ഇന്ന് തുടങ്ങും.
ചെലവ് : 12 കോടി,
നീളം : 183.7 മീറ്റർ, വീതി : 11 മീറ്റർ, നടപ്പാത : 1.5 മീറ്റർ.
( നദിക്കു കുറുകേ മൂന്ന് സ്പാനുകളും ഇരുകരകളിലുമായി 6 ലാൻഡ് സ്പാനുകളും ഉപയോഗിച്ചാണ് പാലം നിർമിക്കുന്നത്).
പുതിയ വഴികൾ, പ്രതീക്ഷകൾ
1. പ്രമാടം - വള്ളിക്കോട് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന 3.1 കിലോമീറ്റർ ദൈർഘ്യമുള്ള ഇരപ്പക്കുഴി - പ്രമാടം ക്ഷേത്രം റോഡും 1.55 കിലോമീറ്റർ ദൈർഘ്യമുള്ള പാറക്കടവ് - ചള്ളംവേലിപ്പടി റോഡും ഇന്ന് നിർമ്മാണം തുടങ്ങും.
2. നവീകരണ പ്രവൃത്തികൾ തുടങ്ങുന്ന അത്തിക്കയം - മന്ദമരുതി റോഡിൽ ആറു കിലോമീറ്റർ പൊതുമരാമത്തു വകുപ്പിന്റെയും 2.3 കിലോമീറ്റർ റാന്നി പഴവങ്ങാടി പഞ്ചായത്തിന്റെയും അധീനതയിലാണ്. മന്ദമരുതിയിൽ നിന്ന് അത്തിക്കയം വഴി പമ്പയിലെത്താനുള്ള എളുപ്പമാർഗമാണ് ഈ റോഡ്.
3. ഇട്ടിയപ്പാറയിൽ നിന്ന് വടശ്ശേരിക്കര വഴി പമ്പയിലെത്താനുള്ള എളുപ്പമാർഗമായ ഇട്ടിയപ്പാറ ഒഴുവൻപാറ വടശ്ശേരിക്കര റോഡിന്റെ ദൈർഘ്യം 7.7 കിലോമീറ്ററാണ്. ഭാരവാഹനങ്ങൾ ഉൾപ്പെടെ കടന്നുപോകുന്ന ഈ റോഡ് പത്തു കോടി രൂപ ചെലവിൽ 5.5 മീറ്റർ വീതിയിലാണ് പുനർനിർമിക്കുന്നത്. 19 കലുങ്കുകളുടെ പുനർനിർമാണത്തിനൊപ്പം രണ്ട് കലുങ്കുകളുടെ എക്സ്റ്റൻഷനും ആറ് പൈപ്പ് കലുങ്കുകളും റോഡിൽ പണിയുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |