SignIn
Kerala Kaumudi Online
Saturday, 27 July 2024 6.07 AM IST

ഇനി ജയിച്ചേ പറ്റൂ

santhosh-trophy

സന്തോഷ് ട്രോഫിയിൽ കേരളം ഇന്ന് അരുണാചലിനെതിരെ

പോയിന്റ് നിലയിൽ നാലാമത്, ക്വാർട്ടറിലെത്താൻ വിജയം അനിവാര്യം

കിക്കോഫ് 2.30 p.m

ഇറ്റാനഗർ : അരുണാചൽ പ്രദേശിൽ നടക്കുന്ന സന്തോഷ് ട്രോഫി ഫുട്ബാൾ ടൂർണമെന്റിന്റെ ഫൈനൽ റൗണ്ടിലെ ഗ്രൂപ്പ് എയിൽ കേരളത്തിന് ഇന്ന് നിർണായക മത്സരം. ക്വാർട്ടർ ഫൈനൽ പ്രതീക്ഷകൾ നിലനിറുത്തണമെങ്കിൽ ഇന്ന് ആതിഥേയർക്കെതിരെ നടക്കുന്ന മത്സരത്തിൽ വിജയിച്ചേ മതിയാകൂ. ഗ്രൂപ്പിൽ കരുത്തരായ സർവീസസിനെതിരെ ഒരു മത്സരം കൂടി കേരളത്തിന് ബാക്കിയുണ്ട്.

ആദ്യ മത്സരത്തിൽ അസാമിനെ 3-1ന് തോൽപ്പിച്ച കേരളത്തിന് കഴിഞ്ഞ രണ്ട് കളികളിലും ജയിക്കാൻ കഴിഞ്ഞിരുന്നില്ല. ഗോവയോട് മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് തോൽക്കുകയും മേഘാലയയോട് 1-1ന് സമനിലയിൽ കുരുങ്ങുകയുമായിരുന്നു. മൂന്ന് കളികളിൽ നിന്ന് നാലുപോയിന്റുള്ള കേരളം ഗ്രൂപ്പ് പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്താണ്. ഒരു ഗ്രൂപ്പിൽ നിന്ന് നാലുപേർക്കാണ് ക്വാർട്ടറിലേക്ക് പ്രവേശനം എന്നതിനാൽ ഇനിയൊരു തോൽവി കേരളത്തിന് തിരിച്ചടിയായി മാറും. ഏഴു പോയിന്റുള്ള ഗോവയാണ് ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്ത്. ആറുപോയിന്റ് വീതമുള്ള സർവീസസും അസാമും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിൽ. നിലവിലെ റണ്ണേഴ്സ് അപ്പായ മേഘാലയയ ഒരു പോയിന്റുമായി അഞ്ചാമതാണ്.ഒരു പോയിന്റുള്ള അരുണാചൽ ആറാമതാണ്. കഴിഞ്ഞ മത്സരങ്ങളിലെ തിരിച്ചടികളിൽ നിന്ന് ശക്തമായി തിരിച്ചുവരാനുള്ള സുവർണാവസരമാണ് കേരളത്തിന് ഇന്ന്. ആതിഥേയരാണെങ്കിലും ഇതുവരെ ആദ്യജയം നേടാൻ അരുണാചലുകാർക്ക് ആയിട്ടില്ല. കരുത്തരായ ഗോവയെ 3-3ന് സമനിലയിൽ പിടിച്ചുകെട്ടിയാ ണ് അവർ തുടങ്ങിയതെങ്കിലും രണ്ടാം മത്സരത്തിൽ സർവീസസിൽ നിന്ന് എതിരില്ലാത്ത നാലുഗോളുകൾ ഏറ്റുവാങ്ങി തകർന്നു. കഴിഞ്ഞ മത്സരത്തിൽ അസമിനോട് തോറ്റത് മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്കായിരുന്നു. ഒക്ടോബറിൽ നടന്ന പ്രാഥമിക റൗണ്ടിൽ രണ്ടാം സ്ഥാനക്കാരായിപ്പോയെങ്കിലും ഭാഗ്യംകൊണ്ട് ഫൈനൽ റൗണ്ടിലേക്ക് പ്രവേശനം ലഭിച്ച കേരളം അരുണാചൽ പ്രദേശിൽ ചെന്ന് ഫൈനൽ റൗണ്ടിലും പ്രതീക്ഷാജനകമായ പ്രകടനമല്ല ഇതുവരെ കാഴ്ചവച്ചത്. അസാമിനെതിരെ ജയിച്ച മത്സരത്തിൽപ്പോലും മദ്ധ്യനിരയിലെ പാളിച്ചകൾ പരിശീലകൻ തുറന്നു സമ്മതിച്ചിരുന്നു. മേഘലായയോട് ജയിക്കാൻ കഴിയുമായിരുന്ന മത്സരമാണ് സമനിലയിൽ കലാശിച്ചത്. നാലാം മിനിട്ടിൽതന്നെ കിട്ടിയ ലീഡ് നിലനിറുത്താനോ ഉയർത്താനോ കേരള താരങ്ങൾക്ക് കഴിയാതെപോയി. ഗോളി മുഹമ്മദ് അസ്ഹറിന്റെ മികച്ച പ്രകടനമാണ് തോൽവിയിലേക്ക് പോകാതെ രക്ഷിച്ചത്. നരേഷും സജീഷും അണിനിരക്കുന്ന മുന്നേറ്റനിരയും നായകൻ നിജോ ഗിൽബർട്ട്, റിസ്‌വാൻ അലി, അർജുൻ,ജിതിൻ എന്നിവരങ്ങുന്ന മദ്ധ്യനിരയും പ്രതീക്ഷയ്ക്ക് ഒത്ത് ഉയരേണ്ടതുണ്ട്. നിജോ മേഘാലയയ്ക്ക് എതിരെ കളിച്ചിരുന്നില്ല. ഉപനായകൻ സഞ്ജുവാണ് പ്രതിരോധ നിരയിലെ പ്രധാന താരം. ബെൽജിൻ,സലിം,അഖിൽ എന്നിവരും പ്രതിരോധത്തിലുണ്ട്. ടീം മൊത്തത്തിൽ ' പ്രതിരോധ"ത്തിലായ സാഹചര്യത്തിൽ ഇവരെല്ലാം ഒത്തുപിടിച്ചാൽ വിജയം മാത്രമല്ല നോക്കൗട്ടിലേക്കുള്ള ആത്മവിശ്വാസവും കൂടി തിരിച്ചെത്തും.

കേരളം ഇതുവരെ

Vs അസാം

3-1ന്റെ വിജയം

Vs ഗോവ

0-2 ന്റെ തോൽവി

Vs മേഘാലയ

1-1ന് സമനില

കേരളം ഇനി

ഇന്ന്

Vs അരുണാചൽ പ്രദേശ്

മാർച്ച് ഒന്ന്

Vs സർവീസസ്

ഗ്രൂപ്പ് എ പോയിന്റ് നില

( ടീം,കളി ,ജയം,സമനില, തോൽവി, പോയിന്റ് ക്രമത്തിൽ)

ഗോവ 3-2-1-0-7

സർവീസസ് 3-2-0-1-6

അസാം 3-2-0-1-6

കേരളം 3-1-1-1-4

മേഘാലയ 3-0-1-0-1

അരുണാചൽ 3-0-1-0-1

ഗ്രൂപ്പ് ബിയിൽ മണിപ്പൂർ മുന്നിൽ

ഫൈനൽ റൗണ്ടിലെ ഗ്രൂപ്പ് ബിയിൽ മൂന്ന് മത്സരങ്ങൾ വീതം പൂർത്തിയായപ്പോൾ മണിപ്പൂരാണ് ഒന്നാമത്. രണ്ട് ജയവും ഒരു സമനിലയും ഉൾപ്പടെ ഏഴുപോയിന്റാണ് മണിപ്പൂരിനുള്ളത്. നാലുപോയിന്റ് വീതമുള്ള മിസോറാം,ഡൽഹി,റെയിൽവേയ്സ് എന്നിവരാണ് യഥാക്രമം രണ്ട്,മൂന്ന്,നാല് സ്ഥാനങ്ങളിൽ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, SANTHOSH TROPHY
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.