SignIn
Kerala Kaumudi Online
Saturday, 09 November 2024 5.42 AM IST

സമരാഗ്നി ചർച്ചാസദസിൽ സങ്കടങ്ങളുടെ പെരുമഴ

Increase Font Size Decrease Font Size Print Page

 സാന്ത്വനിപ്പിച്ച് കെ.സുധാകരനും വി.ഡി.സതീശനും

കൊല്ലം: അവഗണിക്കപ്പെടുന്നതിന്റെ നൊമ്പരങ്ങളുമായി എത്തിയവർക്ക് സാന്ത്വനത്തിന്റെ തണലായി ജനകീയ ചർച്ചാ സദസ്. കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരേ കെ.പി.സി.സി നടത്തുന്ന സമരാഗ്‌നി പ്രക്ഷോഭയാത്രയുടെ ഭാഗമായാണ് കൊല്ലത്ത് ജനകീയ ചർച്ചാ സദസ് സംഘടിപ്പിച്ചത്.
കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവരുടെ പരാതികൾ കേട്ടു. ആശാ പ്രവർത്തകർ, അങ്കണവാടി ജീവനക്കാർ തുടങ്ങിയവരുടെ പ്രശ്‌നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ഒട്ടേറെപ്പേർ എത്തിയിരുന്നു. കരിമണൽ ഖനനത്തെ തുടർന്ന് പ്രതിസന്ധിയിലായ കോവിൽതോട്ടത്തിലെ 500 ഓളം കുടുംബങ്ങൾ നേരിടുന്ന പ്രശ്‌നം ആൻസി ജോർജ് അവതരിപ്പിച്ചു.
ഭിന്നശേഷിക്കാർക്ക് അർഹതപ്പെട്ട നിയമനം ലഭിക്കുന്നില്ലെന്ന് ഭിന്നശേഷിക്കാരനായ രഞ്ജിത്ത് പരാതിപ്പെട്ടു. കെ.എസ്.ആർ.ടി.സി ജീവനക്കാർ, പെൻഷൻകാർ തുടങ്ങിയവർ ദുരിതം പങ്കുവയ്ക്കാൻ എത്തിയിരുന്നു. സർവീസ് പെൻഷൻകാരുടെ പ്രശ്‌നങ്ങളാണ് എസ്.മണിയമ്മയ്ക്ക് പറയാനുണ്ടായിരുന്നത്. കശുഅണ്ടി വ്യവസായ സംരംഭകർ കടുത്ത പ്രതിസന്ധിയിലാണെന്ന് മുഹമ്മദ് ഷാൻ ചൂണ്ടിക്കാണിച്ചു.
റബർ കർഷകരുടെ പ്രശ്‌നങ്ങൾ പരിഹരിക്കണമെന്ന് സുഗതൻ മംഗലത്ത് ആവശ്യപ്പെട്ടു. അവശകലാകാരന്മാരുടെ ആനുകൂല്യങ്ങൾ ലഭിക്കുന്നില്ലെന്ന് എസ്.പി.ദിവാകരൻ ചൂണ്ടിക്കാട്ടി. ടൂറിസം മേഖല നേരിടുന്ന വെല്ലുവിളികൾ മനേഷ് ഷാ, മുൻസിപ്പൽ കോർപ്പറേഷൻ കണ്ടിജന്റ് ജീവനക്കാരുടെ പ്രശ്‌നങ്ങൾ പി.എം.രമേശൻ എന്നിവർ അവതരിപ്പിച്ചു. ബോട്ടിൽ നിന്ന് വീണ് മരിച്ച യേശുദാസിന്റെ ഭാര്യ മെറ്റിൽഡ കണ്ണിരോടെയാണ് ചർച്ചാ സദസിൽ പങ്കെടുത്തത്. മത്സ്യത്തൊഴിലാളിയുടെ കുടുംബത്തിന് ലഭിക്കേണ്ട ആനുകൂല്യങ്ങൾ ഒന്നും ലഭിച്ചില്ലെന്ന് മെറ്റിൽഡ പറഞ്ഞു.
അതിരൂക്ഷമായ കടലാക്രമം നടക്കുന്ന മുണ്ടയ്ക്കൽ ബീച്ച് പരിസരത്ത് ജീവഭയത്തോടെയാണ് കഴിയുന്നതെന്ന് സെബാസ്റ്റ്യൻ മുണ്ടയ്ക്കൽ പറഞ്ഞു. അടിയന്തരമായി കടൽ ഭിത്തിയും പുലിമുട്ടും നിർമ്മിച്ച് തീരം സംരക്ഷിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ബോട്ടിൽ ചെറിയ മത്സ്യങ്ങൾ ഉണ്ടെങ്കിൽ ഫിഷറീസ് വകുപ്പ് ഭീമമായ തുക പിഴ ചുമത്തുകയാണെന്ന് മത്സ്യത്തൊഴിലാളികൾ പരാതിപ്പെട്ടു. നിയമപ്രകാരം അനുവദനീയമായ അളവിൽ കൂടുതൽ ചെറു മത്സ്യങ്ങൾ ഉണ്ടെങ്കിൽ മാത്രമേ നടപടിയെടുക്കാൻ പാടുള്ളൂ എന്നാണ് വ്യവസ്ഥ. എന്നാൽ ഈ വ്യവസ്ഥ അധികൃതർ പാലിക്കുന്നില്ലെന്ന പരാതിയാണ് വ്യാപകമായി ഉയർന്നത്.

തീര ഹൈവേ നിർമ്മാണവുമായി ബന്ധപ്പെട്ടുള്ള ജനങ്ങളുടെ ആശങ്ക പരിഹരിക്കണമെന്നും ചർച്ചയിൽ ആവശ്യം ഉയർന്നു. നീര ഉത്പാദനത്തിന് പണം മുടക്കി വെട്ടിലായ സംരംഭകരുടെ ദുഃഖമാണ് ഷാജഹാൻ കാഞ്ഞിരംവിളയ്ക്ക് പറയാനുണ്ടായിരുന്നത്. ശാസ്താംകോട്ട കായൽ സംരക്ഷിക്കാനുള്ള നിർദ്ദേശങ്ങളും ചർച്ചയിലുണ്ടായി. ഓട്ടോ ഡ്രൈവർമാർ, വഴിയോര കച്ചവടക്കാർ, സ്‌കൂളിലെ പാചക തൊഴിലാളികൾ, മത്സ്യ വില്പനക്കാർ, ഹാർബർ തൊഴിലാളികൾ എന്നിവർ ജനകീയ ചർച്ചാസദസിൽ തങ്ങളുടെ പ്രശ്‌നങ്ങൾ അവതരിപ്പിച്ചു.
കെ.പി.സി.സി ജന. സെക്രട്ടറി പഴകുളം മധു അദ്ധ്യക്ഷനായി. ഡി.സി.സി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ്, എൻ.കെ.പ്രേമചന്ദ്രൻ എം.പി, ടി.സിദ്ദിഖ്, പി.സി.വിഷ്ണുനാഥ് എം.എൽ.എ, സജീവ് ജോസഫ് എം.എൽ.എ, ബിന്ദു കൃഷ്ണ, എം.എം.നസീർ, ചർച്ചാ സദസ് കോ ഓഡിനേറ്റർ എൻ.ഉണ്ണിക്കൃഷ്ണൻ, കെ.ജി.രവി, എൽ.കെ.ശ്രീദേവി, ബിന്ദു ജയൻ എന്നിവർ നേതൃത്വം നൽകി.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOLLAM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.