ചേർത്തല: കേരള ബാങ്കിലെ പണയ സ്വർണം മോഷണം പോയ സംഭവത്തിൽ മുൻ ഏരിയാ മനേജർ മീരാമാത്യുവുമായി പട്ടണക്കാട് പൊലീസ് തെളിവെടുപ്പ് തുടങ്ങി. സ്വർണം നഷ്ടപെട്ട കേരളാ ബാങ്കിന്റെ ശാഖയിൽ മുൻ ഏരിയാ മാനേജരെ എത്തിച്ച് തെളിവെടുത്തു. അറസ്റ്റുചെയ്ത ഘട്ടത്തിൽ അന്വേഷണവുമായി സഹകരിക്കാതിരുന്ന മീരാമാത്യു, തെളിവെടുപ്പിൽ നിർണായക വിവരങ്ങൾ പൊലീസിന് കൈമാറിയതായാണ് സൂചന. തട്ടിപ്പിന് ഇവർക്ക് ബാങ്കിലേയും സ്വകാര്യമായ സൗഹൃദങ്ങളും തുണയായിട്ടുണ്ടെന്ന നിർണായക വിവരങ്ങളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. ഇവർ പൊലീസിന്റെ നിരീക്ഷണത്തിലാണ്. ഇവരേയും ചോദ്യം ചെയ്യുമെന്നാണ് വിവരം. മോഷണ സ്വർണം ഏതുതരത്തിൽ കൈമറിഞ്ഞെന്നും വിൽപന നടത്തിയവരെ കണ്ടെത്തി സ്വർണം വീണ്ടെടുക്കാനുള്ള നീക്കവും പൊലീസ് ആരംഭിച്ചിട്ടുണ്ട്. 17ന് ഉച്ചക്ക് 12.30വരെയാണ് പട്ടണക്കാട് പൊലീസിന്റെ കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. 102.300 ഗ്രാം സ്വർണം മോഷണം പോയ സംഭവത്തിൽ 12 നാണ് ഇവരെ പട്ടണക്കാട് പൊലീസ് അറസ്റ്റ് ചെയ്ത്. ചേർത്തല പ്രധാന ശാഖയിലും,നടക്കാവ് ശാഖയിലും അർത്തുങ്കലിലും ഇതിന് സമാനമായ തട്ടിപ്പുകൾ നടന്നതിനാൽ ഇവർക്കെതിരെ മൂന്നു കേസുകൾ ചേർത്തല,അർത്തുങ്കൽ പൊലീസിലുമുണ്ട്. ഇതിൽ മാവേലിക്കര സബ് ജയിലിൽ എത്തി പൊലീസ് അറസ്റ്റു നടപടികൾ പൂർത്തിയാക്കി കസ്റ്റഡി അപേക്ഷ കോടതിയിൽ നൽകിയിരിക്കുകയാണ്. ജാമ്യ അപേക്ഷയും ഇരുപൊലിസിന്റെ കസ്റ്റഡി അപേക്ഷയും 18ന് പരിഗണിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |