ആലപ്പുഴ : ചുട്ടുപൊള്ളുന്ന മീനച്ചൂടിൽ പുഞ്ചകൃഷിയുടെ വിളവെടുപ്പ് കഴിഞ്ഞപ്പോൾ കുട്ടനാട്ടിലെ കർഷകർക്ക് കടുത്തനിരാശ. പ്രതീക്ഷിച്ച വിളവുണ്ടായില്ലെന്ന് മാത്രമല്ല, കിഴിവിന്റെ പേരിൽ മില്ലുടമകളുടെ തീവെട്ടിക്കൊള്ളയും. കുട്ടനാട്, അപ്പർ കുട്ടനാട്, കരിനിലം പാടശേഖരങ്ങളിലെ വിളവെടുപ്പ് 23.93 ശതമാനം പൂർത്തിയായി. കഴിഞ്ഞ തവണത്തെ ആപേക്ഷിച്ച് അഞ്ചു ശതമാനം കുറവാണ് വിളവിൽ ഉണ്ടായിട്ടുള്ളത്. ജനുവരിക്ക് ശേഷം മഴലഭിക്കാത്തതും അധികചൂട് കാരണം നെല്ല് നേരത്തേ പാകമായതുമാണ് കർഷകർക്ക് തിരിച്ചടിയായത്. 687പാടശേഖരങ്ങളിലായി 28,720 ഹെക്ടറിലാണ് ഇത്തവണ കൃഷിയിറക്കിയത്.
ഇതിൽ 115 പാടശേഖരങ്ങളിലെ 3738 ഹെക്ടർ വിളവെടുപ്പ് പൂർത്തിയാക്കി. 1256 കർഷകരിൽ നിന്നായി 34325.48 മെട്രിക് ടൺ നെല്ല് സംഭരിച്ചു. 19723.14 മെട്രിക് ടൺ ഇനിയും സംഭരിക്കാനുണ്ട്. സർക്കാരിന്റെ നെല്ലുസംഭരണ മാനദണ്ഡ പ്രകാരം 17ശതമാനത്തിൽ കൂടുതൽ ഈർപ്പത്തിന് പരമാവധി 5 കിലോ നെല്ല് കർഷകർ കിഴിവായി കൊടുത്താൽ മതിയാകും. എന്നാൽ, നെല്ലിന് ഈർപ്പം, കറവൽ എന്നിവയുടെ പേരിൽ വൻ കിഴിവാണ് മില്ലുകാർ ഈടാക്കുന്നതെന്ന് കർഷകർ പറയുന്നു. നൂറു കിലോനെല്ല് സംഭരിക്കുമ്പോൾ മൂന്ന് മുതൽ അഞ്ചുകിലോ വരെയാണ് മില്ലുകാർ കിഴിവായി ആവശ്യപ്പെടുന്നത്.
നേരത്തേ പാകമായി, തൂക്കത്തെ ബാധിച്ചു
# ജനുവരിയിലും ഫെബ്രുവരിയിലും പ്രതീക്ഷിച്ച മഴ കിട്ടിയില്ല
# അധിക ചൂട് കാരണം നേരത്തെ വിളവെടുപ്പിന് പാകമായി
# 120 ദിവസം വേണ്ടിടത്ത് 90-95 ദിവസത്തിനുള്ളിൽ വിളവായി
# നേരത്തേ പാകമായത് തൂക്കത്തെ ബാധിച്ചു
# ഏക്കറിൽ 75 മുതൽ 100 കിലോ വരെ കുറവുണ്ടായി
പുഞ്ചക്കൃഷി (ഹെക്ടറിൽ)
ആകെ: 30,000
വിളവിറക്കിയത്: 28,720
പുഞ്ചക്കൊയ്‌ത്ത്
പൂർത്തിയാക്കിയത് : 23.93ശതമാനം
സംഭരിച്ചത്: 34325.48 മെട്രിക് ടൺ
പി.ആർ.എസ്: 11.18കോടി
കർഷകർ: 1256
പാടശേഖരം: 115
ചൂട് കാരണം ഈർപ്പമില്ലാഞ്ഞിട്ടും നൂറ് കിലോക്ക് മൂന്ന് മുതൽ അഞ്ച് കിലോവരെ കിഴിവ് ആവശ്യപ്പെടുന്നത് ന്യായികരിക്കാൻ കഴിയില്ല. മന്ത്രിയും ജില്ലാഭരണകൂടവും ഇടപെടണം.
- ബേബി പാറക്കാടൻ, സംസ്ഥാന പ്രസിഡന്റ്,
നെൽ-നാളികേര കർഷക ഫെഡറേഷൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |