കൊച്ചി: ഐ.ടി ഹബ്ബായ ബംഗളൂരുവിന് പിന്നാലെ കൊച്ചി ഇൻഫോപാർക്കും കുടിവെള്ളക്ഷാമ ഭീഷണിയിൽ. കടുത്ത വേനലിൽ കുടിവെള്ള ലഭ്യത കുറഞ്ഞതും പുതിയ കുടിവെള്ള പദ്ധതി സ്‌തംഭിച്ചതുമാണ് കാരണം. ടാങ്കർ ലോറിയിൽ വെള്ളമെത്തിച്ചാണ് പിടിച്ചുനിൽക്കുന്നത്. കുടിവെള്ളക്ഷാമം ഇൻഫോപാർക്കിന്റെ വികസനത്തെയും പുതിയ കമ്പനികളുടെ വരവിനെയും ബാധിക്കുമോയെന്ന ആശങ്കയിലാണ് അധികൃതർ.
67,000പേർ ജോലി ചെയ്യുന്ന ഇവിടെ പ്രതിദിനം മൂന്നു ദശലക്ഷം ലിറ്റർ വെള്ളമാണ് ആവശ്യമെങ്കിലും നിലവിൽ അത്രയും ലഭിക്കുന്നില്ല. സമീപത്തെ കടമ്പ്രയാറിൽ കിൻഫ്ര സ്ഥാപിച്ച പ്ളാന്റിൽ നിന്നാണ് വെള്ളം എത്തിക്കുന്നത്. പ്രതിദിനം 10 ദശലക്ഷം ലിറ്ററാണ് (എം.എൽ.ഡി) പ്ളാന്റിന്റെ ശേഷിയെങ്കിലും വേനൽ കടുത്തതോടെ മൂന്ന് എം.എൽ.ഡിയേ എടുക്കാനാകുന്നുള്ളൂ. ഇതിൽ നിന്നാണ് കിൻഫ്രയ്ക്കും വെള്ളം എത്തിക്കുന്നത്.
ഇൻഫോപാർക്ക്, കിൻഫ്ര തുടങ്ങിയവയ്ക്കായി 2016ൽ ആവിഷ്‌കരിച്ച പുതിയ കുടിവെള്ള പദ്ധതി സ്‌തംഭനത്തിലാണ്. ആലുവ തോട്ടുംമുഖത്തുനിന്ന് പമ്പുചെയ്ത്, 14.5 കിലോമീറ്റർ പൈപ്പിട്ട് വെള്ളം എത്തിക്കുന്നതാണ് പദ്ധതി. 2021ൽ ടെൻഡർ ചെയ്തെങ്കിലും പ്രാദേശിക എതിർപ്പുമൂലം പൈപ്പിടൽ നിലച്ചിരിക്കുകയാണ്.
ഇൻഫോപാർക്ക്
സ്ഥലം............................. 260 ഏക്കർ
കമ്പനികൾ..................... 572
കെട്ടിടങ്ങൾ.................... 9.2 ദശലക്ഷം ചതുരശ്രയടി
ജീവനക്കാർ................... 67,000
''വൻകിട ഐ.ടി കമ്പനികൾ കൊച്ചി പോലുള്ള നഗരങ്ങളിലേക്ക് വരാൻ താത്പര്യം പ്രകടിപ്പിക്കുന്നത് ഇൻഫോപാർക്കിന് ഗുണകരമാണ്. കുടിവെള്ളക്ഷാമം രൂക്ഷമായാൽ നമ്മുടെ സാദ്ധ്യതകൾക്ക് തിരിച്ചടിയാകും
-സുശാന്ത് കുറുന്തിൽ
സി.ഇ.ഒ, ഇൻഫോപാർക്ക്
''ഇൻഫോപാർക്കിലെ കമ്പനികൾ വെള്ളക്ഷാമത്തിന്റെ പേരിൽ മറ്റു സംസ്ഥാനങ്ങളിലേക്ക് പോകാൻ തീരുമാനിച്ചാൽ സംസ്ഥാനത്തിന് വലിയ നഷ്ടമാകും
-സന്തോഷ് കോശി ജോസഫ്
എം.ഡി, കിൻഫ്ര
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |