തുലാപ്പള്ളി : ഹെഡ് ലൈറ്റ് തെളിഞ്ഞു, പിന്നെയെല്ലാം ഒരു നിമിഷം കൊണ്ട് കഴിഞ്ഞു... ഇന്നലെ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ബിജു മാത്യുവിന്റെ ഭാര്യ ഡെയ്സിയുടെ വാക്കുകളിൽ ഭീതിയും സങ്കടവുമേറെ. രാത്രി ഒന്നരയോടെയാണ് വീടിനോട് ചേർന്നുള്ള പുരയിടത്തിലെ തെങ്ങുൾപ്പടെയുള്ള വിളകൾ ആന നശിപ്പിച്ചത്. തെങ്ങുകൾ കുത്തിമറിച്ചും കൃഷിവിളകൾ ചവിട്ടിമെതിച്ചും ഉച്ചത്തിൽ ചിന്നം വിളിച്ചും ആന കൃഷി നശിപ്പിച്ചതോടെ തുരത്താനാണ് ഇരുട്ടിൽ ഹെഡ് ലൈറ്റുമായി മുറ്റത്തേക്ക് ഇറങ്ങിയത്. തൊടിയിലേക്ക് നടക്കാൻ തുടങ്ങിയപ്പോൾ ഹെഡ് ലൈറ്റ് തെളിയിക്കുകയായിരുന്നു. ഇതോടെ ആന പാഞ്ഞടുക്കുകയായിരുന്നു. പിന്നിലായിരുന്ന ഞാൻ വീട്ടിലേക്ക് ഓടിക്കയറി. അദ്ദേഹം തിരിഞ്ഞ് ഓടുന്നതിനു മുൻപുതന്നെ ആന തുമ്പിക്കൈ ഉപയോഗിച്ച് ശരീരത്തിൽ ചുറ്റിപ്പിടിച്ച് ആഞ്ഞടിച്ചു. അലമുറയിട്ടു കരയാനല്ലാതെ മറ്റൊന്നിനും കഴിഞ്ഞില്ല. ഒരു നിമിഷംകൊണ്ട് പ്രാണനെടുത്ത് കൊമ്പൻ തൊടിയിലൂടെ വനത്തിലേക്ക് മറഞ്ഞു. സങ്കടം സഹിക്കാനാകാതെ ഡെയ്സിയുടെ വാക്കുകൾ മുറിയുമ്പോൾ കൂടെയുള്ളവർക്കും ആശ്വസിപ്പിക്കാനാകുന്നില്ല. മുൻപും വന്യമൃഗങ്ങളുടെ ശല്യം ഉണ്ടാകുമ്പോൾ പുറത്തിറങ്ങി പാട്ടയടിച്ചും ബഹളമുണ്ടാക്കിയുമെല്ലാം അവയെ ബിജുമാത്യു തുരത്തിയിരുന്നു. ഡെയ്സിയും തലനാരിഴയ്ക്കാണ് രക്ഷപെട്ടത്. സംഭവം നടക്കുമ്പോൾ മക്കൾ അടുത്തില്ലായിരുന്നു. നാട്ടുകാർ ഓടിവന്നപ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു. ചെറിയ ജോലികൾക്കായി വീട്ടിൽ നിന്ന് മാറിനിന്നിരുന്ന ഇളയമകൻ സ്ഥലത്തെത്തിയ ശേഷമാണ് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയത്.
തുലാപ്പള്ളിയിൽ ജാഗ്രതയോടെ മുന്നണികൾ
പത്തനംതിട്ട: കാട്ടാന ആക്രമണത്തിൽ കർഷകൻ ബിജുമാത്യു കൊല്ലപ്പെട്ടത് പത്തനംതിട്ട പാർലമെന്റ് മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ദിശ മാറ്റി. തുലാപ്പള്ളിയിൽ അണപൊട്ടിയ ജനരോഷത്തിനൊപ്പമായിരുന്നു ഇന്നലെ മൂന്നു മുന്നണികളും. പ്രദേശത്ത് കാട്ടാന ആക്രമണം രൂക്ഷമായിട്ടും വനപാലകർ നടപടിയെടുക്കാത്തതിൽ നാട്ടുകാർ രാഷ്ട്രീയമില്ലാതെ പ്രതിഷേധിച്ചു. ഇതിനിടെ, യു.ഡി.എഫ് സ്ഥാനാർത്ഥി ആന്റോ ആന്റണി സ്ഥലത്തെത്തി ജനങ്ങളുമായി സംസാരിച്ചു. ഉന്നത വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തണമെന്നാവശ്യപ്പെട്ട് ജനങ്ങൾ പ്രതിഷേധിക്കുന്നതിനിടെ പൊലീസുമായി ഉന്തും തള്ളുമുണ്ടായത് പ്രശ്നം സങ്കീർണമാക്കി. കയ്യാങ്കളിയുടെ വക്കിലെത്തിയപ്പോൾ ആന്റോ ആന്റണി മുന്നിലെത്തി. തല്ലുന്നെങ്കിൽ ആദ്യം എന്നെ തല്ലിയിട്ടുമതി എന്ന് പറഞ്ഞ് ആന്റോആന്റണി പൊലീസിന്റെ നീക്കത്തെ പ്രതിരോധിച്ചു. പിന്നീട് കണമല ഫോറസ്റ്റ് സ്റ്റേഷനിൽ അദ്ദേഹം കുത്തിയിരിപ്പ് സമരം നടത്തി.
മന്ത്രി വീണാജോർജ് ബിജു മാത്യുവിന്റെ വീട്ടിലെത്തി ബന്ധുക്കളെ ആശ്വസിപ്പിച്ചു. റാന്നി എം.എൽ.എ പ്രമോദ് നാരായണനും ഒപ്പമുണ്ടായിരുന്നു. സർക്കാരിന്റെ എല്ലാം സഹായങ്ങളും എത്തിക്കുമെന്ന് ബന്ധുക്കൾക്ക് മന്ത്രി ഉറപ്പുനൽകി. പത്തനംതിട്ടയിൽ കാട്ടാന ആക്രമണത്തിൽ ഒരാൾ മരിച്ച സംഭവം സ്ഥാനാർത്ഥി കൂടിയായ ആന്റോ ആന്റണി എം.പി രാഷ്ട്രീയവത്കരിച്ച് ഷോ ആക്കി മാറ്റിയതായി വനംമന്ത്രി എ.കെ.ശശീന്ദ്രൻ ആരോപിച്ചു.
സംഭവം അറിഞ്ഞ് എൻ.ഡി.എ സ്ഥാനാർത്ഥി അനിൽ ആന്റണിയും തുലാപ്പള്ളിയിലെത്തി. കണമല ഫോറസ്റ്റ് സ്റ്റേഷനിൽ വനംവകുപ്പ് ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയിൽ ആന്റോ ആന്റണിക്കൊപ്പം അനിൽ ആന്റണിയും പങ്കെടുത്തു. ബിജുമാത്യുവിന്റെ വീട്ടിലെത്തിയ അനിൽ ആന്റണി ബന്ധുക്കളെ ആശ്വസിപ്പിച്ചു. കാട്ടാനകളടക്കം വന്യമൃഗങ്ങൾ ജനവാസ മേഖലകളിലേക്ക് ഇറങ്ങുന്നത് തടയുന്നതിന് കേന്ദ്ര സർക്കാർ ആവിഷ്കരിച്ച പദ്ധതികൾ സംസ്ഥാന സർക്കാർ നടപ്പാക്കിയില്ലെന്ന് ബി.ജെ.പി കേരള പ്രഭാരി പ്രകാശ് ജാവ്ഡേക്കർ പത്തനംതിട്ടയിൽ വാർത്താസമ്മേളനത്തിൽ ആരോപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |