കോട്ടയം: കടുത്ത ചൂടും, പെരുന്നാളും, തിരഞ്ഞെടുപ്പും. ഭായിമാർ കൂട്ടത്തോടെ നാട്ടിലേയ്ക്ക് മടങ്ങിയതോടെ നിർമ്മാണ മേഖല സ്തംഭവനാവസ്ഥയിലായി. എന്തിന് തോട്ടങ്ങളിലും ഫാമുകളിലും കോഴിക്കടകളിലും പോലും ഭായിമാരില്ല. ചൂട് കൂടിയത് മുതൽ തുറസായ സ്ഥലങ്ങളിൽ പണിയെടുക്കാൻ അന്യസംസ്ഥാനക്കാർ മടിച്ചിരുന്നു. ഇതിനിടെയാണ് തിരഞ്ഞെടുപ്പ് എത്തിയത്. നിർമ്മാണ മേഖലയിൽ ജോലി ചെയ്യാൻ ആളില്ലാതായതോടെ വീട് നിർമ്മാണമടക്കം പാതിവഴിയിൽ മുടങ്ങി. ജാർഖണ്ഡ് സ്വദേശികൾ മടങ്ങിയത് ഫാമുകളേയും ബാധിച്ചു. മലയോരത്ത് കുടംബത്തോടെ താമസിച്ച് വീടുപണികൾ ചെയ്യുന്നത് ഉത്താരഖണ്ഡ്, ജാർഖണ്ഡ് സ്വദേശികളാണ്. ഞായറാഴ്ചകളിൽ കോട്ടയം ഭായിത്തെരുവാകുന്നതാണ് പതിവെങ്കിലും ഇക്കുറി കാര്യമായ ബഹളമില്ലായിരുന്നു. അസം, ഒഡീഷ, ബംഗാൾ, ബിഹാർ സംസ്ഥാനങ്ങളിലെ തൊഴിലാളികളാണ് ജില്ലയിൽ ഏറ്റവും കൂടുതലുള്ളത്. ഒരു മാസം കഴിഞ്ഞായിരിക്കും പലരും തിരിച്ച് വരിക.
പൗരത്വം നഷ്ടപ്പെടുമോയെന്ന ആശങ്ക
പൗരത്വനിയമവുമായി ബന്ധപ്പെട്ട പ്രതിഷേധം നിലനിൽക്കുന്നതിനാൽ മിക്ക തൊഴിലാളികളും ഇക്കുറി വോട്ട് ചെയ്യാൻ പോകുന്നുണ്ട്. രാഷ്ട്രീയ പാർട്ടികളുടെ സമ്മർദ്ദവും പൗരത്വം നഷ്ടപ്പെടുമോയെന്ന ആശങ്കയും ഇവർക്കുണ്ട്. വോട്ട് ചെയ്തില്ലെങ്കിൽ പൗരത്വം നഷ്ടമാകുമെന്ന് വ്യാപകമായി പ്രചാരണം നടക്കുന്നുണ്ട്. അതിനാൽ ഇതുവരെ തിരഞ്ഞെടുപ്പു കാലത്ത് പോകാതിരുന്നവർ വരെ ഇക്കുറി നാട്ടിലേക്കു പോകുന്നുണ്ട്.
കിട്ടാനില്ല തൊഴിലാളികളെ
ജില്ലയിൽ പായിപ്പാടാണ് കൂടുതൽ അന്യസംസ്ഥാന തൊഴിലാളികൾ തിങ്ങിപ്പാർക്കുന്നത്. നിർമ്മാണ മേഖലയിലും, ഹോട്ടൽ മേഖലയിലുമാണ് കൂടുതൽ തൊഴിലാളികലും പണിയെടുക്കുന്നത്. ഹോട്ടലുകളിൽ സപ്ലൈയും പാചകവും വരെ ഇവരാണ്. 60 - 70 % തൊഴിലാളികൾ ഈ മാസം പകുതിയോടെ നാട്ടിലേക്കു പോകും. കൂടുതൽ ശമ്പളം കൊടുത്താലും മലയാളികളെ കിട്ടാനില്ലാത്തതിനാൽ തൊഴിലാളി ക്ഷാമം എങ്ങനെ പരിഹരിക്കുമെന്ന ആശങ്കയിലാണ് തൊഴിലുടമകൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |