കൊച്ചി: വേനൽച്ചൂട് കനത്തതോടെ ജില്ലയിൽ കുടിവെള്ളവിതരണ സ്ഥാപനങ്ങളിൽ പരിശോധനയുമായി ഭക്ഷ്യസുരക്ഷാവകുപ്പ്.
ജില്ലയിലെ ശീതളപാനീയവില്പന കേന്ദ്രങ്ങളിലും ജ്യൂസ് കടകളിലും വഴിയോരക്കടകളിലും കുടിവെള്ള ഉത്പാദന കേന്ദ്രങ്ങളിലുമാണ് വിവിധ സ്ക്വാഡുകളുടെ നേതൃത്വത്തിൽ പരിശോധന. സംശയം തോന്നുന്ന സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയയ്ക്കും. ചൂടുകൂടിയതോടെ നിരവധി ജ്യൂസ്, ശീതളപാനീയ വില്പനകേന്ദ്രങ്ങളാണ് വഴിയോരങ്ങളിൽ ആരംഭിച്ചിട്ടുള്ളത്. വൃത്തിയില്ലാത്തതും അംഗീകാരമില്ലാത്തതുമായ രീതിയിലുള്ളവ ശ്രദ്ധയിൽപ്പെട്ടാൽ നടപടി സ്വീകരിക്കും.
കുടിവെള്ളം ശ്രദ്ധിച്ച് വാങ്ങണം
ജില്ലയിലെ പല ഭാഗങ്ങളിലും ജലദൗർലഭ്യം നേരിടുന്ന സാഹചര്യത്തിൽ
പാചകാവശ്യങ്ങൾക്കുള്ള കുടിവെള്ളം അംഗീകൃത വിതരണക്കാരിൽ നിന്നുതന്നെ വാങ്ങാൻ ഉപഭോക്താക്കൾ പ്രത്യേകം ശ്രദ്ധിക്കണം. കുടിവെള്ളം വിതരണം നടത്തുന്ന വാഹനങ്ങളിൽ 'കുടിവെള്ളം' എന്ന് രേഖപ്പെടുത്താൻ നിർദ്ദേശമുണ്ട്. ടാങ്കർഉടമകൾ നിയമാനുസൃതമായി ഭക്ഷ്യസുരക്ഷാ ലൈസൻസോ രജിസ്‌ട്രേഷനോ എടുക്കണം. 20 ലിറ്റർ കാനുകളിൽ ഐ.എസ്.ഐ സർട്ടിഫിക്കറ്റും നിയമാനുസൃത ലേബലുമില്ലാതെ കുടിവെള്ളവില്പന നടത്തരുത്. പാക്കുചെയ്ത കുടിവെള്ള കെയ്‌സുകൾ വിതരണം ചെയ്യുമ്പോൾ നേരിട്ട് സൂര്യപ്രകാശം എൽക്കാത്ത തരത്തിൽ മൂടിയുള്ള വാഹനങ്ങളിൽ കൊണ്ടുപോകേണ്ടതാണ്. ഐസ് ക്യൂബ് ഉത്പാദിപ്പിക്കുന്ന വെള്ളത്തിനും നിശ്ചിത ഗുണനിലവാരം വേണം. പൊതുജനാരോഗ്യത്തെ മുൻനിറുത്തി ഈ നിർദേശങ്ങൾ ബന്ധപ്പെട്ട വ്യക്തികൾ പാലിച്ചിലെങ്കിൽ ഭക്ഷ്യസരുക്ഷാ നിയമം 2006, റൂൾസ് ആൻഡ് റെഗുലേഷൻസ് 2011 പ്രകാരം നിയമനടപടി സ്വീകരിക്കും.
ശ്രദ്ധിക്കാൻ
* കാലാവധി കഴിഞ്ഞ പാൽ ഉപയോഗിക്കരുത്
* വൃത്തിയുള്ള സ്ഥലത്ത് നിന്നുമാത്രം വെള്ളം കുടിക്കുക
* ജ്യൂസുകൾ നിർമ്മിക്കാനുപയോഗിക്കുന്ന ജലം ശുദ്ധമാണെന്ന് ഉറപ്പുവരുത്തണം.
* ആറുമാസം കൂടുമ്പോൾ വെള്ളം പരിശോധിച്ചതിന്റെ സർട്ടിഫിക്കറ്റ് കടകളിൽ സൂക്ഷിക്കണം
* കടകൾക്ക് ഭക്ഷ്യസുരക്ഷാ ലൈസൻസോ രജിസ്ട്രേഷനോ ഉണ്ടായിരിക്കണം
* നാരങ്ങ പിഴിയാൻ ഉപയോഗിക്കുന്ന ഉപകരണം, മറ്റ് പാത്രങ്ങൾ, കത്തി, കട്ടിംഗ് ബോർഡ് എന്നിവ അണുവിമുക്തമാക്കണം
* ഭക്ഷ്യയോഗ്യമായ ഐസ് വാങ്ങാൻ ശ്രദ്ധിക്കണം
* തൊഴിലാളികൾ വ്യക്തിശുചിത്വം പാലിക്കണം
ജില്ലയിലെ ശീതളപാനീയക്കടകൾ, കുപ്പിവെള്ള നിർമ്മാണ കമ്പനികൾ, കുടിവെള്ള ടാങ്കറുകൾ എന്നിവ പരിശോധിച്ചുവരികയാണ്.
പി.കെ. ജോൺ വിജയകുമാർ
അസി. കമ്മിഷണർ
ഭക്ഷ്യസുരക്ഷാ വകുപ്പ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |